നഷ്‌ടപ്പെട്ട ഫോൺ തിരികെ ലഭിച്ചപ്പോൾ മലേഷ്യൻ സ്വദേശി കണ്ടത് വിചിത്ര കാഴ്ച. ഫോണിന്റെ ഗാലറിയിൽ നിറയെ ‘കുരങ്ങന്മാർ പകർത്തിയ’ സെൽഫികളും വീഡിയോകളും! ഇതൊരു വീഡിയോയാക്കി ഇദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തു. വീടിനടുത്തുള്ള വനപ്രദേശത്ത് നിന്നാണ് ഫോൺ കണ്ടെടുത്തത്

ഉറങ്ങാൻ കിടന്നപ്പോഴാണ് 20 വയസ്സുകാരൻ വിദ്യാർത്ഥിക്ക് ഫോൺ നഷ്‌ടപ്പെടുന്നത്‌. ഭവനഭേദനമോ മോഷണമോ നടന്നതിന്റെ ലക്ഷണമേതുമില്ലാതെയാണ് ഇയാൾക്ക് ഫോൺ നഷ്‌ടപ്പെട്ടതെന്ന് ബി.ബി.സി. റിപ്പോർട്ടിൽ പറയുന്നു. ഫോൺ എങ്ങനെ നഷ്‌ടമായെന്നോ ചിത്രങ്ങളും വീഡിയോകളും എങ്ങനെ ഫോണിൽ കടന്നു കൂടിയെന്നോ യാതൊരു വിവരവുമില്ല.

വീടിനു പുറത്ത് ഒരു കുരങ്ങൻ വന്നിരിക്കുന്നത് വിദ്യാർത്ഥിയുടെ അച്ഛന്റെ ശ്രദ്ധയിൽപ്പെട്ടു. ഫോണിൽ വിളിച്ചതും മരത്തിന് താഴെയുള്ള ചെളിപൂണ്ട കുഴിയിൽ നിന്നും റിംഗ്ടോൺ മുഴങ്ങി. ഫോൺ എടുത്തുനോക്കിയപ്പോഴാണ് കുരങ്ങന്മാരുടെ ചിത്രങ്ങൾ പതിഞ്ഞ കാര്യം മനസ്സിലാക്കുന്നത്.(വീഡിയോ ചുവടെ)

ഫോൺ കാണാതായ ദിവസം പതിഞ്ഞ വീഡിയോയിൽ ഒരു കുരങ്ങൻ ഫോൺ തിന്നാൻ ശ്രമിക്കുന്നത് കാണാം. വ്യക്തമല്ലാത്ത ചിത്രങ്ങളും, സെൽഫികളും, പച്ചിലക്കൂട്ടത്തിന്റെ ചിത്രങ്ങളും ഇതിൽ ഉൾപ്പെടും.

ഉപേക്ഷിച്ചു പോയ ക്യാമറയിൽ കുരങ്ങന്മാർ ചിത്രമെടുത്ത സംഭവം ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്.