മൂന്നാറിൽ എട്ടുവയസ്സുകാരിയെ വീടിനുള്ളിൽ ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പെൺകുട്ടി പീഡനത്തിനിരയായെന്ന് സൂചന നൽകി പോസ്റ്റുമാർട്ടം പ്രാഥമിക റിപ്പോർട്ട്‌ . മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി.

മൂന്നാർ മേഖലയിലെ സ്വകാര്യ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയെ ആണ് തിങ്കളാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ഉൗഞ്ഞാലിൽ കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി ആണ് അപകടം എന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി ആണ് പ്രാഥമിക കണ്ടെത്തൽ. ജില്ലാ പൊലീസ് മേധാവി ടി.നാരായണന്റെ നേതൃത്വത്തിൽ പൊലീസ് പെൺകുട്ടിയുടെ വീട്ടിൽ എത്തി വിദഗ്ധ പരിശോധന നടത്തി. സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന പെൺകുട്ടിയുടെ മുത്തശ്ശി, സമീപത്ത് താമസിക്കുന്ന ഇവരുടെ ബന്ധു എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. പെൺകുട്ടി മരിച്ച് കിടക്കുന്നത് ആദ്യം കണ്ട മുത്തശ്ശി ഈ ബന്ധുവിനെ ആണ് ആദ്യം വിവരം അറിയിച്ചത്. ഇയാൾ എത്തിയാണ് കഴുത്തിൽ കുരുങ്ങിയ കയർ മുറിച്ച് മാറ്റിയത്.

പെൺകുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടത്തിൽ സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഉൗർജിതമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ സ്ഥലത്ത് എത്തി പരിശോധന നടത്തുകയും മൂന്നാർ ഡിവൈഎസ്പി എം.രമേഷ് കുമാറിന്റെ നേതൃത്വത്തിൽ 11 അംഗ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകുകയും ചെയ്തിരുന്നു.

സംഭവം നടന്ന തേയില എസ്റ്റേറ്റിൽ പെൺകുട്ടിയുടെ വീടിന് സമീപം പൊലീസ് ബുധനാഴ്ച ക്യാംപ് ഓഫിസ് തുറന്നു. 2 ദിവസത്തിനുള്ളിൽ 50 പേരെ ചോദ്യം ചെയ്തു. പലരുടേയും ഫോൺ വിളികൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ച് വരികയാണ്. പെൺകുട്ടിയുടെ മരണം കൊലപാതകം ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല എന്നതിനാൽ പീഡനം സംബന്ധിച്ച് ആണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.

പീഡിപ്പിച്ച വ്യക്തിയെ കണ്ടെത്തിയാൽ മരണത്തെ കുറിച്ചുള്ള ദുരൂഹതയും നീങ്ങും എന്ന പ്രതീക്ഷയിൽ ആണ് അന്വേഷണ സംഘം. പെൺകുട്ടിയെ പീഡിപ്പിച്ചത് പുറത്ത് നിന്നുള്ളവർ അല്ലെന്നും എസ്റ്റേറ്റിൽ തന്നെ ഉള്ളവർ ആകാം എന്നും ആണ് പൊലീസിന്റെ കണക്ക് കൂട്ടൽ.പോസ്റ്റ്മോർട്ടത്തിന് ശേഷം പെൺകുട്ടിയുടെ മൃതദേഹം എസ്റ്റേറ്റ് ശ്മശാനത്തിൽ സംസ്കരിച്ചു.