പൃഥ്വിരാജിന്റെ പിറന്നാൾ ആരാധകർ സമൂഹ മാധ്യമങ്ങളിൽ ആഘോഷമാക്കിയിരുന്നു. ഒരുപാട് താരങ്ങൾ പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി മുന്നോട്ട് വന്നിരുന്നു. നടൻ മോഹൻലാലിന്റെ വിഡിയോ വിഷും ഏറെ തരംഗം സൃഷ്ട്ടിച്ചിരുന്നു. പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി വന്ന നന്ദുവിന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

യൂ ട്യൂബ് ചാനലിലൂടെയാണ് താരം പിറന്നാൾ ആശംസകൾ നേർന്നത്. പിറന്നാൾ ആശംസകൾ നേരുന്നതിനോടൊപ്പം ഒരു സുഖ വിവരം നന്ദു അന്വേഷിച്ചിരിക്കുകയാണ്. ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രം ഉപയോഗിക്കുന്ന ലാൻഡ് മാസ്റ്റർ എന്ന കാറിനെ കുറിച്ചാണ് നന്ദു ചോദിച്ചിരിക്കുന്നത്. ലൂസിഫറിലെ ആ ലാൻഡ് മാസ്റ്റർ ആദ്യം ഉപയോഗിച്ചിരുന്നത് നന്ദുവായിരുന്നു. ലൂസിഫറിന്റെ ചിത്രീകരണത്തിന് വേണ്ടി തന്റെ കാർ പൃഥ്വിരാജിന് നൽകുകയായിരുന്നു. സിനിമ പ്രദർശനത്തിന് എത്തിയ ശേഷം മലയാളത്തിലെ തന്നെ ഏറ്റവും വിജയം കൈവരിച്ച ചിത്രങ്ങളിൽ ഒന്നായി മാറി. പിന്നീട് പൃഥ്വിരാജ് നന്ദുവിൽ നിന്ന് ലാൻഡ് മാസ്റ്റർ വാങ്ങുകയായിരുന്നു. നമ്മൾ രണ്ടു പേരെക്കാളും പ്രായം കൂടിയ ഒരാൾ നമുക്കിടയിൽ ബന്ധം സ്ഥാപിച്ചിട്ടുണ്ട് എന്നും അതിന് സുഖം ആണെന്ന് വിശ്വാസിക്കുന്നു എന്നായിരുന്നു നന്ദു വിഡിയോയിൽ പറഞ്ഞത്. തന്റെ കാർ പൊന്നു പോലെ നോക്കണം എന്നും താൻ അങ്ങനെയാണ് അതിനെ നോക്കിയതെന്നും നന്ദു കൂട്ടിച്ചേർത്തു.

ചെകുത്താന്റെ നമ്പര്‍ എന്നു വിശേഷിപ്പിക്കുന്ന 666 നമ്പറിലെത്തുന്ന ആ അംബാസിഡർ കാർ നടൻ നന്ദുവിന്റേത്. പൃഥ്വിരാജിന് നൽകിയ കാറാണ് ആ ലാൻഡ് മാസ്റ്റർ എന്നാണ് നന്ദു ഒരു അഭിമുഖത്തിൽ വ്യക്തമാക്കുന്നത്. ലൂസിഫറിലെ പ്രധാന താരങ്ങളിലൊന്നും ആ കാർ തന്നെ.

“ചേട്ടനേക്കാൾ കൂടുതൽ ചേട്ടന്റെ കാറാണല്ലോ ലൂസിഫറിൽ അഭിനയിച്ചിരിക്കുന്നത്” എന്ന് പൃഥ്വിരാജ് കമന്റ് പറഞ്ഞതായും നന്ദു ഓർക്കുന്നു. ചിത്രത്തിൽ ഈ അംബാസിഡർ കാറിന് അത്രത്തോളം പ്രാധാന്യമുണ്ട്. ‌‌നേരത്തെ സംവിധായകൻ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രം വൈറലായിരുന്നു. ഇതിനുമുമ്പും മോഹൻലാൽ ചിത്രങ്ങളിൽ അംബാസിഡറുകൾ താരമായിട്ടുണ്ട്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മാടമ്പിയിലെ ലാലേട്ടന്റെ വാഹനവും കറുത്ത അംബാസിഡറായിരുന്നു. ഉത്പാദനം നിർത്തിയെങ്കിലും ഇന്നും ജനപ്രിയനാണ് ഈ കാർ.