ഏറ്റുമാനൂർ, പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിൽ എൻഡിഎ മുന്നണിയിൽ രണ്ടു സ്ഥാനാർഥികൾ. ബിജെപിയുടേയും ബിഡിജെഎസ്സിന്റെയും സ്ഥാനാർഥികളാണ് ഇരു മണ്ഡലങ്ങളിലും നാമനിർദേശ പത്രിക സമർപ്പിച്ചത്‌.

ബിജെപിക്കായി എൻ ഹരികുമാറും ബിഡിജെഎസിനായി ടിഎൻ ശ്രീനിവാസനുമാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.

മണ്ഡലത്തിൽ ഇരുപാർട്ടികളും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് രണ്ടു സ്ഥാനാർഥികളെ നിർത്തുന്ന സ്ഥിതിയിലേക്കെത്തിച്ചിരിക്കുന്നത്.

പൂഞ്ഞാറിലും ഏറ്റുമാനൂരിലും ബി.ഡി.ജെ.എസ്. സ്ഥാനാർഥികളെ മാറ്റണമെന്ന നിർദേശം ബി.ജെ.പി. മുന്നോട്ടുവെച്ചിരുന്നെങ്കിലും മാറ്റില്ലെന്ന കടുത്ത നിലപാടാണ് ബിഡിജെഎസ് എടുത്തത്.

ഏറ്റുമാനൂരിൽ യുഡിഎഫിലും പ്രതിസന്ധിയാണ്. യുഡിഎഫ് സ്ഥാനാർത്ഥിക്ക് പുറമെ മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതികാ സുഭാഷും സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി, പത്രിക സമർപ്പിച്ചിട്ടുണ്ട്.

സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ലതിക മത്സരിക്കുക. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അനുവദിച്ച സീറ്റിൽ പ്രിൻസ് ലൂക്കോസാണ് യുഡിഎഫ് സ്ഥാനാർത്ഥി.