മിനി സുരേഷ്

കറിക്കൽപ്പം രുചി കുറഞ്ഞാലോ, ഉപ്പു കൂടിയാലോ അയാളവളെ കഠിനമായി ശകാരിക്കുമായിരുന്നു.അതു കഴിഞ്ഞ് വീട്ടുകാര്യങ്ങൾ നോക്കുന്നതിൽ തന്റെ അമ്മയ്ക്കും, പെങ്ങന്മാർക്കുമുള്ള നൈപുണ്യത്തെക്കുറിച്ച്‌ വർണ്ണിക്കുവാൻ തുടങ്ങുമ്പോൾ അവളുടെ ഉടലാകെ പെരുത്തുകയറും. എങ്കിലും ഭർത്താവിനോട് മറുത്തൊന്നും പറഞ്ഞ് ശീലിച്ചിട്ടില്ലാത്തതിനാൽ ഉള്ളിൽ പുഴു നുരക്കുന്നതു പോലെ തികട്ടി വരുന്ന
അമർഷം ഞെരിച്ചമർത്തി പാത്രങ്ങളെ നിർദാക്ഷണ്യം എടുത്തെറിയുമ്പോൾ അയാളുടെ ശകാരവണ്ടിചൂളം വിളിച്ചു പാഞ്ഞ് ഏതെങ്കിലും സ്റ്റേഷനിൽ കിതപ്പടങ്ങാതെ പിറുപിറുക്കുന്നുണ്ടാവും.

“അല്ലേലുംനീഅങ്ങനെയാണ് ;നിന്റെതന്തയും,തള്ളയും കൂടിവളർത്തി വച്ചിരിക്കുന്നത് അങ്ങനെയാണ്.
ഇതൊക്കെ കേട്ടു വളർന്ന കുട്ടികൾക്കും
അമ്മ വച്ചു വിളമ്പിത്തരാൻ മാത്രമുള്ള ബുദ്ധിയില്ലാത്ത ഏതോഒരു പാഴ് വസ്തു മാത്രമാണന്ന ചിന്തയായിരുന്നു.

ഒരാൾ എപ്പോഴും മറ്റൊരാളെ കുറ്റം പറഞ്ഞു കൊണ്ടിരുന്നാൽ എന്തു സംഭവിക്കും?അയാളുടെ
മനോവീര്യത്തിന്റെയും,ആത്മവിശ്വാസത്തിന്റെയും സൂചിക താഴ്ന്നു താഴ്ന്നു പോകും. അതു തന്നെ
ആയിരുന്നു പത്മജയുടെ ജീവിതത്തിലും സംഭവിച്ചത്.

സ്കൂളിലും,കോളേജിലും പഠിക്കുമ്പോൾ പാട്ടുപാടാനും ,ഡാൻസ് കളിക്കുവാനുമൊക്കെ മിടുക്കിയായിരുന്നപത്മജ വിവാഹശേഷം ഒരു മണുങ്ങൂസ് ആയതിന്റെപൂർണ്ണ ഉത്തരവാദിത്വം ഭർത്താവ് സോമക്കുറുപ്പിനുമാത്രമാണെന്നായിരുന്നു ,സുമേഷിനെ കണ്ടുമുട്ടും വരെ പത്മജ കരുതിയിരുന്നത്. ഒരു പാടു തിരുത്തലുകൾക്ക് സ്വയം വിധേയയാകേണ്ടതുണ്ടെന്ന ബോധം അവൾക്കു തോന്നിതുടങ്ങിയതും അതിൽ പിന്നെയാണ്.
നഗരത്തിലെ സൂപ്പർമാർക്കറ്റിൽ വച്ചാണ് പത്മജ കോളേജിലെ പഴയസുഹൃത്തായ സുമേഷിനെ വീണ്ടും കണ്ടു മുട്ടിയത്. എന്നു വച്ചാൽ അവർ പ്രണയിതാക്കളൊന്നുമായിരുന്നില്ല കേട്ടോ. കോളേജിലെ ഇടനാഴികളിലോ,ലൈബ്രറിയിലോ ഒക്കെ ഇടയ്ക്കു കണ്ടുമുട്ടുമ്പോൾ പുഞ്ചിരിതൂകി നടന്നു നീങ്ങുന്ന വെറും സുഹൃത്തുക്കൾ , പത്മജയെക്കാൾ ഒരു വർഷം സീനിയറായിരുന്നു സുമേഷ്.

കോളേജ് ഡേയ്ക്ക് പത്മജ പാടിയ പാട്ട് കോളേജിലെങ്ങും ഹിറ്റായ സമയം. എല്ലാവരേയും പോലെ അഭിനന്ദിച്ച ഒരാൾ,കോളേജിന്റെ കവാടംഇറങ്ങിയപ്പോൾ മറന്ന മുഖം. ഇത്രയൊക്കെയേ പത്മജയ്ക്ക് സുമേഷിനെ പറ്റി പറയാനുണ്ടാവൂ.
പക്ഷേ സുമേഷിന് അങ്ങനെയായിരുന്നില്ല നെഞ്ചോട് ചേർത്തു ആരും അറിയാതെ സൂക്ഷിച്ച പ്രണയം. പത്മജയുടെ പാട്ട്,ഡാൻസ് എല്ലാം അയാൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.
പുഞ്ചിരി തൂകി പത്മജ നടന്നു നീങ്ങുമ്പോൾ കണ്ണിൽ നിന്നു മറയുന്നതു വരെ അവളറിയാതെ അയാൾ നോക്കി നിൽക്കാറുണ്ടായിരുന്നു.കോളേജ് കാലം കഴിഞ്ഞ് പിന്നീടൊരിക്കലും കാണാൻ സാധിച്ചിട്ടില്ലെങ്കിലും അവളുടെ ചിത്രം അയാളുടെ മനസ്സിൽ നിന്നും മാഞ്ഞു പോയിട്ടില്ലായിരുന്നു.

വർഷങ്ങൾക്കു ശേഷം അവളെ കണ്ടപ്പോൾ അയാളമ്പരന്നു പോയി. നരകയറിതുടങ്ങിയ തലമുടിയും ,തടിച്ചു വീർത്ത ദേഹവും,അലസമായ വസ്ത്രധാരണവും .പത്മജ തന്നെയാണെന്ന് മനസ്സിലാക്കാൻ ഏറെ നേരമെടുത്തു.
“എന്തൊരു കോലമാടോ ” ? യാതൊരു മുഖവുരയും കൂടാതെ അയാൾ ചോദിച്ചു.
ബില്ലടിച്ചു തള്ളി വിടുന്ന സാധനങ്ങൾ വലിയൊരു ക്യാരിബാഗിലേക്ക് കുത്തി നിറക്കുന്നതിനിടയിൽ ചോദ്യം കേട്ട് ഞെട്ടി പത്മജ അയാളെ നോക്കി.
പരിചയക്കുറവിന്റെ അമ്പരപ്പൊന്നു മാറിയപ്പോൾ അവൾക്കും സന്തോഷമായി.
കോളേജിൽ വച്ച് കണ്ടതിലും അയാൾ സുമുഖനായിരിക്കുന്നു. ഡൈ തേച്ച് കറുത്തിരുണ്ട മുടിയിഴകകളും,ചുളിവു വിഴാത്ത വസ്ത്രധാരണവും മദ്‌ധ്യവയസ്സിലും അയാൾക്ക് നല്ല പ്രൗഢത നൽകുന്നുണ്ട്.
“താനൊരു കാര്യം ചെയ്യ് ഈ സാധനങ്ങളെല്ലാം എടുത്ത് എന്റെ കാറിലേക്ക് വയ്ക്കു,നമ്മൾക്ക് അപ്പുറത്തെ എ.എൻ ബേക്കേഴ്സ്ൽ കയറി ഒരു ഐസ്ക്രീം കഴിക്കാം…ബാടോ..സുമേഷ് അവളെ ക്ഷണിച്ചു.
“അയ്യോ,വീട്ടിൽ പോയിട്ട് ഒരു പാടു പണികൾ ഉണ്ട്. പിന്നെ ഐസ്ക്രീമൊന്നും ഞാനിപ്പോൾ കഴിക്കാറില്ല. തൊണ്ടക്ക് പിടിക്കും..കൊളസ്ട്രോൾ..
സുമേഷിനറിയില്ലേ പ്രായമായാൽ ഇതൊക്കെ ശ്രദ്ധിക്കണ്ടേ.അവൾ മടിയോടെ പറഞ്ഞു.
“ഞാനിപ്പോൾ തന്റെ തൊണ്ടക്കു കേറിപ്പിടിക്കും. മര്യാദക്കു വാടോ.” അയാൾ അവളെ നിർബന്ധിച്ചു,
ബാക്കി കഥ പറയാതെ തന്നെ ഊഹിക്കാമല്ലോ?
ഐസ്ക്രീം നുണയുന്നതിനിടയിൽ പഴയ സൗഹൃദത്തിന്റെ സമരണകളും അവർ പങ്കുവച്ചു.
അവർ കണ്ടു പിരിഞ്ഞതിനു ശേഷം സാധാരണ പൈങ്കിളിക്കഥകളിലെപ്പോലെ സന്ദേശങ്ങൾ, കൈമാറി സൗഹൃദം പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയലഞ്ഞു.വേണമെങ്കിൽ അക്ഷരത്തെറ്റുകളുടെ കുറെ ചുമന്ന മഷിപ്പാടുകൾ കൂടി കോറിയിടാം. ഇങ്ങനെയൊക്കെയല്ലേ നിങ്ങൾ ചിന്തിച്ചത്?

പക്ഷേ അങ്ങനെയൊന്നുമല്ല സംഭവിച്ചത്. അവരിരുവരും പതിവായി സന്ദേശങ്ങൾ കൈ മാറി.അതിലൂടെ സുമേഷ് പഴയ പാവാടക്കാരി പത്മജയെ അവൾക്ക് തിരിച്ചു നൽകി. ഒരു പുരുഷനു സ്ത്രീയിലെ ആത്മധൈര്യം ഉയർത്തുവാനും,താഴ്ത്തുവാനും കഴിയുമെന്നവൾ മനസ്സിലാക്കി.

അതിനുശേഷം അവളും സൂംബ ക്ലാസ്സിലും,ബ്യൂട്ടി പാർലറിലുമൊക്കെ പോകുവാൻ തുടങ്ങി. പച്ചക്കറി കൃഷിയും,യു-ട്യൂബിൽ കുക്കിംഗ് ചാനലുമൊക്കെയായി അടിപൊളിയായി.ഒരു ശില്‌പി തന്റെ ശില്പത്തെ മിനുക്കുന്ന ചാരുതയോടെ സ്വയം അവളെത്തന്നെ മിനുക്കിയെടുത്തു.
അതോടെ അവളുടെ കുട്ടികൾക്ക് അമ്മയെ ക്ഷ പിടിക്കാനുംതുടങ്ങി.
സഹിക്കാൻ പറ്റാതിരുന്നത് ഒരാൾക്ക് മാത്രം.
അവൾ ചിറകടിച്ചു പറന്നുയരുന്നത് സഹിക്കാനാവാതെ അവളുടെ ഭർത്താവ് എരിപിരികൊള്ളുമ്പോഴും അസ്വസ്ഥയാകാതെ അവൾ ആ ജല്പനങ്ങളെ ഒരു കാതിലൂടെ കേട്ട് മറുകാതിലൂടെ വിട്ടു.
ഒരിക്കൽ പോലും നന്മ നിറഞ്ഞ ഉപദേശങ്ങൾ പകർന്നു കൊടുക്കുന്ന പ്രിയസുഹൃത്തിന്റെ പേര് അവൾ ഭർത്താവിനോട് പറഞ്ഞില്ല. ഭർത്താവിന്റെ സ്വഭാവം മനസ്സിലാക്കി സമരസപ്പെട്ടു പോകുന്ന നല്ല വീട്ടമമയായിരുന്നു പത്മജ എന്നും. പക്ഷേ ഒരു ദിവസം മാത്രം ,ഒരു ദിവസം മാത്രം അവളയാൾക്ക് മറുപടി കൊടുത്തു.
പതിവു പോലെ ശകാരവണ്ടി ഓടിച്ച് ” അല്ലേലും നീയങ്ങനെയാണ് എന്നയാൾ പറഞ്ഞു ബ്രേക്കിടാനൊരുങ്ങിയപ്പോൾ അയാളെ അമ്പരപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു.
“നിങ്ങൾ പറയാതെ തന്നെ ഞാനെങ്ങനെയാണെന്ന് എനിക്കറിയാം.ഇനി മേലിൽ ഇങ്ങനെ പറഞ്ഞു പോകരുത്.”
ഒരു കയ്യടി കേട്ട് അവൾ തിരിഞ്ഞു നോക്കുമ്പോൾ ടി.വി യിലെ പരിപാടി ആസ്വദിക്കുന്നു എന്ന മട്ടിൽ
മകൾ കയ്യടിക്കുന്നുണ്ടായിരുന്നു.

 

മിനി സുരേഷ്

കോട്ടയം താലൂക്കിൽ കോടി മത എന്ന സ്ഥലത്ത് ജനനം. ആനുകാലികങ്ങളിൽ കഥ, കവിത,നോവലൈറ്റ് എന്നിവ എഴുതുന്നു. സ്വന്തം കവിതകൾ ഓഡിയോ ആയും,വീഡിയോ ആയും വന്നിട്ടുണ്ട് .സരസ്വതീ വന്ദനം,നേരിന്റെ ഉൾക്കാഴ്ചകൾ എന്നീ കവിതാ സമാഹാരങ്ങൾ പുറത്തിറങ്ങി.ചെറുകഥാ സമാഹാരം നേർത്ത നൊമ്പരങ്ങൾ. കോട്ടയം എഴുത്തു കൂട്ടത്തിന്റെ ജോയിന്റ് സെക്രട്ടറിമാരിൽ ഒരാൾ.സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നു.