ലണ്ടൻ: കോവിഡ് എന്ന മഹാമാരിയെ വരുതിയിൽ ആക്കുവാൻ കിണഞ്ഞു ശ്രമിക്കുന്ന യുകെ ഗവൺമെൻറ്… ശമ്പളം ഉൾപ്പെടെ ചെയ്യാവുന്നതിനും അപ്പുറം സഹായങ്ങൾ ജനങ്ങൾക്ക് നൽകുന്നു… ഏറ്റകുറച്ചിലുകൾ ഉണ്ട് എങ്കിലും കൊറോണയെന്ന പൊതു ശത്രുവിനെ തോൽപ്പിക്കാൻ ശ്രമിക്കുമ്പോൾ ഇതൊന്നും വകവയ്ക്കാതെ ഒരു കൂട്ടം നിരുത്തരവാദിത്വപരമായി പെരുമാറുന്ന ദുഃഖകരമായ കാഴ്ച്ച… ലോക് ഡൗൺ നീണ്ടു എന്നതു യാഥാർത്യമായി നിലനിൽക്കുമ്പോഴും ഇതൊന്നും എനിക്ക് ബാധകമല്ല എന്ന രീതിയിൽ ഉള്ള ഒരു ചെറിയ വിഭാഗം ആളുകളുടെ നിലപാടിനെ പിടിച്ചു കെട്ടാൻ തീരുമാനിച്ചുറപ്പിച്ചാണ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ കൊറോണ ബ്രീഫിംഗിനായി ഇന്ന് എത്തിയത്.. ഉറച്ച തീരുമാനങ്ങൾ ഇനി പറയുന്നവയാണ്

ഭൂരിപക്ഷം അനുസരിക്കുമ്പോൾ ന്യൂനപക്ഷം ചെയ്യുന്ന പ്രവർത്തി നാടിനെ വലിയൊരു വിപത്തിലേക്ക് ആണ് നയിക്കുന്നതെന്നും,  നിയമം അനുസരിക്കാൻ വിസമ്മതിക്കുന്നവരെ അനുസരിപ്പിക്കാൻ പോലീസ് ഉണ്ടാകും എന്ന മുന്നറിയിപ്പും നൽകിയാണ് പ്രീതി പട്ടേൽ ഇന്നത്തെ വാർത്താസമ്മേനം തുടങ്ങിയത്.

പുതിയ നിയമങ്ങൾ നിലവിൽ വരുന്നത് അടുത്ത ആഴ്ച മുതൽ.. ഇതുവരെ ആരെങ്കിലും ഹൗസ് പാർട്ടി നടത്തിയാൽ നൽകിയിരുന്ന പിഴ 200 പൗണ്ടായിരുന്നു. അടുത്ത ആഴ്ച മുതൽ പിടിക്കപ്പെട്ടാൽ നല്കേണ്ടത് 800 പൗണ്ടാണ് എന്ന് ഓർക്കുന്നത് കീശ കാലിയാകാതെ ഇരിക്കുന്നതിന് ഉതകും. നേരെത്തെ 30 പേരുള്ള  ഒരു കൂട്ടത്തെ   മാത്രമാണ് ഹൗസ് പാർട്ടി എന്ന് കണക്കാക്കിയിരുന്ന നിയമം  ഇപ്പോൾ അത് 15 പേരായി കുറിച്ചിരിക്കുന്നു.

ഇങ്ങനെ ഒരിക്കൽ പിടിക്കപ്പെട്ട ആൾ വീണ്ടും മറ്റൊരു പാർട്ടിയിൽ പങ്കെടുത്തു പിടിക്കപ്പെട്ടാൽ പിഴ ഇരട്ടിയാകുന്നു എന്നും ഓർമ്മവെയ്ക്കുക. ആവർത്തിച്ചു പിടിക്കപ്പെടുമ്പോൾ പിഴ 6400 പൗണ്ട് വരെ എത്താം.

ഹൗസ് പാർട്ടി സംഘടപ്പിക്കുന്നവർക്ക്  ലഭിക്കുന്ന പിഴ 10000 പൗണ്ടാണ്.

കഴിഞ്ഞ ആഗസ്ററ് മുതൽ ജനുവരി വരെയുള്ള കാലഘട്ടത്തിൽ പോലീസ് കൊടുത്ത് 250 ഫൈനുകൾ. ഇത് ഹൗസ് പാർട്ടികളുടെ മാത്രം കണക്കാണ്.

കൃത്യമായ ഡാറ്റായുടെ പിൻബലത്തിൽ ആണ് ഇന്ന് ഹോം സെക്രട്ടറി സംസാരിച്ചത് എന്ന് ബിബിസി യും റിപ്പോർട്ട് ചെയ്യുന്നു.

നിയമം പാലിക്കാത്തവർ ‘എന്നെ എങ്ങനെ പിടിക്കാൻ ആണ്’ എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. ഗൂഗിൾ, ആപ്പിൾ എന്നിവക്കൊപ്പം ട്രാൻസ്‌പോർട്ട് ഡിപ്പാർട്ടുമെന്റ് കൊടുത്ത ഡാറ്റയും പരിശോധന നടത്തിയാണ് പുതിയ തീരുമാനത്തിൽ എത്തിയിരിക്കുന്നത്.

എത്തിനിക് മൈനോറിറ്റി വിഭാഗങ്ങളെ കോവിഡ് വാക്‌സിൻ എടുക്കുന്നത്  പ്രോത്സാഹിപ്പിക്കാൻ വേണ്ടുന്ന പുതിയ പദ്ധതികളും സർക്കാർ പുറത്തുവിട്ടു.

ഇന്ന് യുകെയിൽ  കോവിഡ് ബാധിച്ചു മരിച്ചത് 1290 പേരാണ്. യുകെയിൽ ഒരു മിനുട്ടിൽ നൽകുന്നത് 200 വാക്‌സിനുകൾ ആണ് എന്നും അറിയിച്ചു. പള്ളികളും മോസ്‌കുകളും വാക്‌സിൻ സെന്ററുകൾ ആയി മാറിയെന്നതും ഇന്നത്തെ സന്തോഷവാർത്തകൾ ആണ്.