മൂവാറ്റുപുഴ: മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ പുതിയ വികാരി ജനറാളായി പെരിയ ബഹു. ചെറിയാന്‍ ചെന്നിക്കരയച്ചനെയും ചാന്‍സിലറായി പെരിയ ബഹു. തോമസ് മുതലപ്ര അച്ചനെയും ഫിനാന്‍സ് ഓഫീസറായി പെരിയ ബഹു. ജോര്‍ജ്ജ് കൊച്ചുപുരയ്ക്കല്‍ അച്ചനെയും അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപ്പോലീത്താ നിയമിച്ചു. 2019 ജൂലൈ 30ന് ഭദ്രാസന കാര്യാലയത്തില്‍ വച്ച് നടന്ന എപ്പാര്‍ക്കിയല്‍ കണ്‍സല്‍ട്ടേഴ്സിന്റെ യോഗത്തിലാണ് പ്രഖ്യാപനം നടന്നത്. 2019 ആഗസ്റ്റ് 15ന് പുതിയ നിയമനങ്ങള്‍ പ്രാബല്യത്തില്‍ വരും.

 

കട്ടിലപ്പൂവം സെന്റ് മേരീസ് ഇടവകാംഗമായ പെരിയ ബഹു. മോണ്‍. ചെറിയാന്‍ ചെന്നിക്കര അച്ചന്‍ 1991 ഏപ്രില്‍ 2-ാം തിയതിയാണ് വൈദികനായി അഭിഷിക്തനായത്. മൂവാറ്റുപുഴ ഭദ്രാസനത്തിലെ നീറാമുകള്‍, പിറവം, ഏഴക്കരനാട്, വെട്ടിക്കല്‍, ഓണക്കൂര്‍, കൊമ്പഴ, ചക്കുണ്ട്, ചേലക്കര, കളപ്പാറ എന്നീ ഇടവകകളിലും 7 വര്‍ഷത്തോളം ജര്‍മ്മനിയിലും ശുശ്രൂഷ നിര്‍വ്വഹിച്ചിട്ടുള്ള ബഹു. അച്ചന്‍ ഇപ്പോള്‍ എറണാകുളം സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവക വികാരിയായും പിറവം മേഖല പ്രേട്ടോ പ്രിസ്ബിറ്ററായും സേവനമനുഷ്ഠിച്ച് വരികയായിരുന്നു.

കരിമ്പ സെന്റ് മേരീസ് ഇടവകാംഗമായ പെരിയ ബഹു. തോമസ് മുതലപ്ര അച്ചന്‍ 1992 മാര്‍ച്ച് 20-ാം തിയതി വൈദികനായി അഭിഷിക്തനായി. റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍നിന്നും കാനന്‍ നിയമത്തില്‍ ഡോക്റ്ററേറ്റ് കരസ്ഥമാക്കിയ ബഹു. അച്ചന്‍ രൂപതയുടെ ജുഡീഷ്യല്‍ വികാരിയായും സാമൂഹ്യ സേവന വിഭാഗമായ സമൃദ്ധിയുടെ ഡയറക്ടറായും ഇളനാട്, കളപ്പാറ, കുത്തുപാറ, വെട്ടിക്കല്‍, ചുവന്നമണ്ണ്, ചക്കുണ്ട്, വെട്ടായി ഇടവകകളുടെ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റോമിലെ ഉര്‍ബനിയാനും യൂണിവേഴ്സിറ്റിയില്‍ നിന്നും ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കിയ ബഹു. ജോര്‍ജ്ജ് കൊച്ചുപുരയ്ക്കല്‍ അച്ചന്‍ 2012 ഏപ്രില്‍ 12ന് വൈദികനായി അഭിഷിക്തനായി. ചാത്തമറ്റം, പോത്താനിക്കാട്, പെരുവ, നീറാമുകള്‍, ഏഴക്കരനാട്, ചുവന്നമണ്ണ്, കൊമ്പഴ തുടങ്ങിയ ഇടവകകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ബഹു. അച്ചന്‍ ഇപ്പോള്‍ കോട്ടപ്പുറം, പാമ്പാക്കുട ഇടവകകളുടെ വികാരിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.