ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : എൻ‌എച്ച്‌എസിന്റെ കോവിഡ് -19 കോൺ‌ടാക്റ്റ് ട്രെയ്‌സിംഗ് ആപ്പ് പുറത്തിറങ്ങി. വളരെക്കാലമായി കാത്തിരുന്ന ആപ്ലിക്കേഷൻ ഇന്നാണ് ഡൗൺലോഡിന് സജ്ജമായത്. കൊറോണ വൈറസ് രൂക്ഷമായ സമയത്ത് പുറത്തിറക്കാനാണ് ശ്രമിച്ചതെങ്കിലും അതിന് കഴിയാതെ നാല് മാസം വൈകിയാണ് ആപ്പ്, പൊതുജനങ്ങളിലേക്ക് എത്തുന്നത്. കൊറോണ വൈറസ് വ്യാപനം തടയാൻ ഈ ആപ്ലിക്കേഷൻ സഹായിക്കുമെന്ന് അധികൃതർ കരുതുന്നു. ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ദശലക്ഷകണക്കിന് ബ്രിട്ടീഷുകാരോട് മന്ത്രിമാർ ആവശ്യപ്പെട്ടു. പുതിയ കോൺടാക്റ്റ് ട്രെയ്‌സിംഗ് ആപ്ലിക്കേഷൻ ഇംഗ്ലണ്ടിലും വെയിൽസിലുമാണ് ഇപ്പോൾ പുറത്തിറങ്ങിയത്. സ്കോട് ലൻഡിലും നോർത്തേൺ അയർലൻഡിലും നേരത്തെ തന്നെ ആപ്ലിക്കേഷൻ എത്തിയിരുന്നു. രോഗം ബാധിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ ആപ്ലിക്കേഷൻ അതറിയിക്കുകയും സ്വയം ഒറ്റപ്പെടാൻ ആവശ്യപ്പെടുകയും ചെയ്യും. ഇത് ഡൗൺലോഡ് ചെയ്യുന്നതിലൂടെ ചുറ്റുമുള്ളവരെ നമ്മൾ സംരക്ഷിക്കുകയാണെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി.

വൈറസിന്റെ വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോൾ ആപ്പ് പുറത്തിറക്കിയതെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അഭിപ്രായപ്പെട്ടു. ടെക് കമ്പനികൾ, അന്താരാഷ്ട്ര പങ്കാളികൾ, മെഡിക്കൽ വിദഗ് ധർ എന്നിവരുമായി ചേർന്നു പ്രവർത്തിച്ചാണ് ഇത് പുറത്തിറക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്ന ഭീഷണി നിലനിൽക്കുന്നതിനാൽ പലരും ഇത് അവഗണിക്കുമെന്ന് അധികൃതർ ഭയപ്പെടുന്നു. യുകെയെ സംബന്ധിച്ചിടത്തോളം ഒരു നിർണായക സമയത്താണ് ഇത് പുറത്തുവരുന്നത്. കൊറോണ വൈറസിന്റെ രണ്ടാം ഘട്ട വ്യാപനം അതിശക്തമായികൊണ്ടിരിക്കുമ്പോൾ ഈ സാങ്കേതിക വിദ്യയിലൂടെ ഒരു പരിധി വരെ അതിനെ പ്രതിരോധിക്കാൻ കഴിഞ്ഞേക്കും. 16 വയസ്സും അതിൽ കൂടുതലും പ്രായമുള്ളവരോട് തങ്ങളുടെ സ് മാർട്ട്ഫോണിൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ എൻ എച്ച് എസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ചെക്ക് ഇൻ സ് കാനർ അലേർട്ട് സഹിതമാണ് ആപ്ലിക്കേഷൻ പുറത്തിറങ്ങിയിരിക്കുന്നത്. കൂടുതൽ കോളേജുകളിലെയും സർവകലാശാലകളിലെയും പരമാവധി വിദ്യാർത്ഥികൾ ഇത് ഉപയോഗിക്കണമെന്ന് ആരോഗ്യ മേധാവികൾ ആഗ്രഹിക്കുന്നു. സ്‌കോട്ട്‌ലൻഡിന്റെ കോൺടാക്റ്റ്-ട്രെയ്‌സിംഗ് ആപ്ലിക്കേഷന് സമാനമായ ആപ്പ് ആണിതും. ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ഉപയോഗിക്കുന്നവർക്ക് ആപ്പിൾ സ്റ്റോറിൽ നിന്നും ‘എൻഎച്ച്എസ് കോവിഡ് 19’ എന്ന് ടൈപ്പ് ചെയ്ത് ആപ്പ് ഡൗൺലോഡ് ചെയ്യാം. പബ്ബുകൾ, റെസ്റ്റോറന്റുകൾ, ഹെയർഡ്രെസ്സറുകൾ തുടങ്ങി ഉപയോക്താവ് സന്ദർശിച്ച മറ്റ് സ്ഥലങ്ങൾ ട്രാക്ക് ചെയ്യാൻ കഴിയുന്ന ഒരു സ് കാനറാണ് ആപ്ലിക്കേഷന്റെ മറ്റ് പ്രധാന സവിശേഷതകളിൽ ഒന്ന്. പുതിയ ആപ്ലിക്കേഷൻ പുറത്തിറങ്ങിയതോടെ പരിശോധന ആവശ്യപ്പെടുന്നവരുടെ എണ്ണവും വർധിക്കുമെന്ന ആശങ്കയുണ്ട്.