അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ഇന്ന് യുകെയിലെങ്ങും മലയാളി സമൂഹത്തിനിടയിലെ പ്രധാന ചർച്ചാവിഷയം എൻഎച്ച്എസ് നഴ്സുമാരുടെ നിർദ്ദിഷ്ട ശമ്പള വർദ്ധനവ് 1 % മാത്രം ആണെന്നതായിരുന്നു. ശമ്പള വർദ്ധനവിലെ കടുത്ത അനീതിയ്ക്കെതിരെ സമരത്തിന് മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാർ തയ്യാറെടുക്കുന്നതായി യുകെയിലെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് -19 നെതിരെ മുന്നണി പോരാളികളായ നേഴ്സുമാർ ഉൾപ്പെടെയുള്ളവരുടെ ശമ്പള വർധനവിലെ കുറവിനെ കടുത്ത അനീതിയായാണ് പൊതുസമൂഹം വിലയിരുത്തുന്നത്.

ഇതിനിടെ 1% ശമ്പള വർദ്ധനവിനെതിരെ പണി മുടക്കിനായി 35 മില്യൻ പൗണ്ട് ഫണ്ട് സ്വരൂപിക്കാൻ നേഴ്‌സിംഗ് യൂണിയനുകൾ തീരുമാനമെടുത്തു. റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ശമ്പള വർദ്ധനവിനെ ദയനീയം എന്നാണ് വിശേഷിപ്പിച്ചത്. ഒരു ശതമാനം ശമ്പള വർദ്ധനവ് എന്നാൽ ഏറ്റവും കൂടുതൽ പ്രവർത്തി പരിചയം ഉള്ള നേഴ്സിന് ആഴ്ചയിൽ വെറും 3.50 പൗണ്ട് കൂടിയേ അധികമായി ലഭിക്കുകയുള്ളൂ എന്ന ആർസിഎൻ ജനറൽ സെക്രട്ടറി ഡാം ഡോണ കിന്നെയർ മുന്നറിയിപ്പ് നൽകി. ഇത് വളരെ ദയനീയവും നിരാശാജനകവും ആണെന്ന് അവർ കൂട്ടിച്ചേർത്തു.

യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാകയാൽ നിർദ്ദിഷ്ട ശമ്പളപരിഷ്കരണം ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് മലയാളികളെയാണ്. 2020 ജൂലൈ പൊതുമേഖലാ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചപ്പോഴും നേഴ്സുമാരെ വേതന വർധനവിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിനെതിരെ അന്ന് വൻ പ്രതിഷേധമാണ് നേഴ്സിങ് യൂണിയനുകളുടെ ഭാഗത്തുനിന്നും ഉണ്ടായത്.