റഫാല്‍ അഴിമതിയില്‍ പ്രധാനമന്ത്രിക്ക് മാത്രമാണ് നേരിട്ട് പങ്കെന്നും ഇപ്പോഴത്തെയോ മുന്‍പത്തെയോ പ്രതിരോധമന്ത്രിമാരെ കുറ്റപ്പെടുത്തുന്നില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. റഫാല്‍ കരാര്‍ യുപിഎ ഭരണകാലത്ത് യാഥാര്‍ഥ്യമാകാതിരുന്നത് കമ്മിഷന്‍ കിട്ടാത്തതുകൊണ്ടാണെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. റഫാല്‍ വിഷയത്തില്‍ നിര്‍മലയും രാഹുലും ഏറ്റുമുട്ടിയപ്പോള്‍ ലോക്സഭയില്‍ തീപാറി. രാഹുല്‍ തന്നെ കള്ളിയെന്ന് വിളിച്ചുവെന്ന് പൊട്ടിത്തെറിച്ച് പ്രതിരോധമന്ത്രി പറഞ്ഞു. ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് വേണ്ടത് നാടകമല്ലെന്ന് രാഹുലിന്‍റെ മറുപടി.

പ്രതിരോധ ഇടപാടുകള്‍ അവതാളത്തിലാക്കുകയും എച്ച്എഎലിനെ ദുർബലപ്പെടുത്തുകയും ചെയ്ത കോണ്‍ഗ്രസ് റഫാലിന്‍റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നുവെന്ന് നിര്‍മല സീതാരാമന്‍. അഗസ്റ്റവെസ്റ്റ് ലാന്‍ഡ് ഇടനിലക്കാരാന്‍ ക്രിസ്ത്യന്‍ മിഷേല്‍ പിടിയിലായതിന്‍റെ ആശങ്കയാണ് കോണ്‍ഗ്രസിന്. റിലയന്‍സിനെ തിരഞ്ഞെടുത്തത് റഫാല്‍ വിമാന നിര്‍മാതാക്കളായ ഡാസോയാണ്. ഒരു വിമാനത്തിന് 526 കോടി രൂപ എന്നതായിരുന്നു യുപിഎ കാലത്തെ ധാരണയെന്ന കോണ്‍ഗ്രസ് വാദം ശരിയല്ല. 737 കോടി രൂപയാണ് അവരുടെ വില. 670 കോടി രൂപയ്ക്ക് നമുക്ക് കിട്ടും.

ചൈനയും പാക്കിസ്ഥാനും ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്ന സാഹചര്യത്തില്‍ ദേശസുരക്ഷയ്ക്കാണ് പ്രാമുഖ്യം നല്‍കിയത്. 2019 സെപ്റ്റംബറില്‍ വിമാനം ഇന്ത്യയ്ക്ക് ലഭിക്കും. 90 വിമാനങ്ങള്‍ ഫ്രഞ്ച് സഹായത്തോടെ ഇന്ത്യയില്‍ നിര്‍മിക്കാനും നീക്കമുണ്ട്. ബൊഫോഴ്സില്‍ കോണ്‍ഗ്രസിന് അടിതെറ്റിയെങ്കില്‍ റഫാല്‍ നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലെത്തിക്കും ഇടപാടില്‍ രഹസ്യധാരണകളില്ലെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് വെളിപ്പെടുത്തിയെന്ന രാഹുല്‍ഗാന്ധിയുടെ അവകാശവാദം തെറ്റാണെന്നും നിര്‍മല പറഞ്ഞു.

വിമാനങ്ങളുടെ വിലയല്ല അനില്‍ അംബാനിക്ക് ഒഫ്സെറ്റ് കരാര്‍ ലഭിച്ചത് എങ്ങിനെയാണ് തനിക്കറിയേണ്ടതെന്ന് രാഹുല്‍ തിരിച്ച് ചോദിച്ചു. രാഹുല്‍ തന്നെയും പ്രധാനമന്ത്രിയെയും കള്ളന്മാരെന്ന് വിളിച്ചുവെന്നും തനിക്ക് പാരമ്പര്യത്തിന്‍റെ തണലില്ലെന്നും പ്രതിരോധമന്ത്രി പൊട്ടിത്തെറിച്ച് മറുപടി നല്‍കി. എല്ലാവര്‍ക്കും ആത്മാഭിമാനമുണ്ട്. താനൊരുസാധാരണ കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും നിര്‍മല പറഞ്ഞു. പ്രതിരോധമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സഭ ബഹിഷ്ക്കരിച്ചു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ റഫാല്‍ ഇടപാടിനെക്കുറിച്ച് ക്രിമിനല്‍ അന്വേഷണം നടത്തുമെന്ന് രാഹുല്‍ ഗാന്ധി സഭയ്ക്ക് പുറത്തുപറഞ്ഞു.