ന്യൂസ് ഡെസ്ക് , മലയാളം യുകെ

നോട്ടിംഗ്ഹാം : നോട്ടിംഗ്ഹാമും ചുറ്റുമുള്ള കൗണ്ടിയുടെ ചില ഭാഗങ്ങളും ടയർ 3 നിയന്ത്രണങ്ങളിലേയ്ക്ക് പ്രവേശിക്കുന്നു. റഷ്‌ക്ലിഫ്, ജെഡ്‌ലിംഗ്, ബ്രോക്‌സ്റ്റോവ് എന്നിവയ്‌ക്കൊപ്പം നഗരത്തിൽ താമസിക്കുന്ന ആളുകളും കടുത്ത നിയന്ത്രണത്തിന് കീഴിലാവും. വ്യാഴാഴ്ച അർദ്ധരാത്രി മുതലാണ് നിയന്ത്രണം പ്രാബല്യത്തിൽ വരുന്നത്. 28 ദിവസത്തേക്കാണ് ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ ഏറ്റവും ഉയർന്ന അണുബാധ നിരക്ക് നഗരത്തിൽ സ്ഥിരമായി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സർക്കാരിന്റെ ഈ നീക്കം. ഇതോടെ ഇംഗ്ലണ്ടിലെ 79 ലക്ഷം ജനങ്ങൾ വെരി ഹൈ അലേർട്ട് ലെവലിലാണ് കഴിയുന്നത്. ലോക്ക്ഡൗണിന്റെ വിശദാംശങ്ങൾ ചൊവ്വാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെങ്കിലും അണുബാധ നിരക്ക് നിരന്തരം കുറയ്ക്കുന്നതിന് നടപടികൾ അംഗീകരിച്ചിട്ടുണ്ടെന്നും എൻ‌എച്ച്എസ്, സാമൂഹിക പരിപാലന സേവനങ്ങൾ എന്നിവ സംരക്ഷിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രാദേശിക കൗൺസിലുകൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. പ്രദേശത്തെ പൊതുജനങ്ങൾക്കും ബിസിനസിനും ഒരു പിന്തുണ പാക്കേജ് ലഭിക്കും.

അതേസമയം അവധിക്കാലത്ത് ഇംഗ്ലണ്ടിലെ വിദ്യാർത്ഥികൾക്കായി സൗജന്യ സ്കൂൾ ഭക്ഷണം നൽകാനുള്ള നിർദേശത്തെ ബോറിസ് ജോൺസൺ ന്യായീകരിച്ചു. ഇതുവരെയുള്ള സർക്കാരിന്റെ പിന്തുണയിൽ താൻ വളരെയധികം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ് ചർച്ചാവിഷയം. ഒരു കുട്ടിയും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ എല്ലാവിധ സഹായവും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയം പുനർവിചിന്തനം ചെയ്യാൻ സ്വന്തം എംപിമാർ ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിയുടെ മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്‌ഫോർഡിന്റെ പ്രചാരണത്തിനുശേഷം യുകെ സർക്കാർ ഈസ്റ്റർ അവധിക്കാലത്ത് യോഗ്യരായ കുട്ടികൾക്ക് സൗജന്യ സ്കൂൾ ഭക്ഷണം നൽകിയിരുന്നു.

സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവ ഇതിനകം തന്നെ ഫുഡ് വൗച്ചർ സ്കീമുകൾ അവതരിപ്പിച്ചു. ഭക്ഷണവും അവശ്യവസ്തുക്കളും വാങ്ങാൻ പാടുപെടുന്ന ആളുകളെ സഹായിക്കുന്നതിനായി ജൂണിൽ ആദ്യം പ്രഖ്യാപിച്ച 63 മില്യൺ പൗണ്ട് കൗൺസിലുകൾക്കായി നൽകിയതായും സർക്കാർ അറിയിച്ചു. അവധി ദിവസങ്ങളിൽ സൗജന്യ സ്കൂൾ ഭക്ഷണം നൽകാനുള്ള പദ്ധതിയെ എതിർത്തതിനെ തുടർന്ന് തനിക്ക് ഭീഷണികൾ നേരിട്ടതായും ഓഫീസ് നശിപ്പിച്ചതായും വോൾവർഹാംപ്ടൺ സൗത്ത് വെസ്റ്റിലെ ടോറി എംപി സ്റ്റുവർട്ട് ആൻഡേഴ്സൺ വെളിപ്പെടുത്തി.