ജിദ്ദ ഇന്ത്യന്‍ തീരത്തു നാശം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരെയോ അവരുടെ മൃതദേഹങ്ങളോ സൗദി സമുദ്ര മേഖലയിലോ തീരത്തോ കണ്ടെത്താനായിട്ടില്ലെന്ന് സൗദി തീരദേശസുരക്ഷാ അധികൃതര്‍ അറിയിച്ചതായി റിയാദിലെ ഇന്ത്യന്‍ എംബസി ക്ഷേമവിഭാഗം കോണ്‍സല്‍ അനില്‍ നോട്ടിയാല്‍. കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചതനുസരിച്ചു റിയാദിലെ എംബസി സൗദി അധികൃതരുടെ സഹായം തേടുകയായിരുന്നു. അതിനുള്ള മറുപടിയിലാണ് സൗദി കോസ്റ്റല്‍ ഗാര്‍ഡ് ഇതുവരെയുള്ള സ്ഥിതി എംബസിയെ അറിയിച്ചത്.

തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമായിരുന്നു സൗദി സമുദ്ര മേഖലയിലും തീരത്തും കൂടി ഓഖി ഇരകളെ കണ്ടെത്തുന്നതില്‍ എംബസി മുഖേന സൗദി അധികൃതരുടെ സഹകരണം വിദേശകാര്യ മന്ത്രാലയം തേടിയത്. ദമാം, അല്‍ഖോബാര്‍, അല്‍ഖഫ്ജി, ജുബൈല്‍ എന്നീ സൗദി തീരങ്ങളിലെ അധികൃതരുടെ സഹകരണം എംബസി തേടിയതായും അവിടങ്ങളില്‍നിന്ന് ലഭിച്ച വിവരങ്ങളനുസരിച് അത്തരം യാതൊരു മൃതദേഹവും സൗദി കടലില്‍നിന്നോ തീരത്തുനിന്നോ കണ്ടെത്താനായിട്ടില്ലെന്നാണ് കോസ്റ്റല്‍ ഗാര്‍ഡ് അറിയിച്ചതെന്നും കോണ്‍സല്‍ നോട്ടിയാല്‍ പറഞ്ഞു.

ഇനിയും ഓഖി ഇരകളായ നിരവധി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയോ അവരുടെ മൃതദേഹങ്ങളോ കണ്ടുകിട്ടാനുണ്ട്. മാത്രമല്ല, ചുഴലിക്കാറ്റ് ആഞ്ഞുവീശിയപ്പോള്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലുണ്ടായിരുന്ന മല്‍സ്യബന്ധന ബോട്ടുകള്‍ നിയന്ത്രണം വിട്ട് ഗള്‍ഫ് തീരങ്ങളിലേയ്ക്കു നീങ്ങിപ്പോകാനും മൃതദേഹങ്ങള്‍ അവിടങ്ങളിലെ കരയ്ക്കണയാനുമുള്ള സാധ്യത നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടൊപ്പം, സൗദി തീരങ്ങളില്‍ ഏതാനും മൃതദേഹങ്ങള്‍ ഒഴുകിയെത്തിയതായും അവ ഓഖി ഇരകളുടേതാണെന്നുമുള്ള വ്യാജ വാര്‍ത്തകളും പ്രചരിച്ചിരുന്നു.

ഇതിനെ തുടര്‍ന്നായിരുന്നു സൗദി തീര്‍ത്ത് തിരച്ചില്‍ നടത്തേണ്ടതിന്റെ ആവശ്യകത തമിഴ്‌നാട് സര്‍ക്കാര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ഇന്ത്യന്‍ എംബസി സൗദി അധികൃതരുമായി ബന്ധപ്പെട്ട് വ്യക്തത തേടിയതും. ഓഖി ഇരകള്‍ക്കായുള്ള സൗദി തീര്‍ത്തെ തിരച്ചിലും ഇക്കാര്യത്തില്‍ സൗദി കോസ്റ്റ് ഗാര്‍ഡുമായുള്ള തുടര്‍ നടപടികളും അവരില്‍ നിന്നുള്ള വിവര ശേഖരണവും എല്ലാ ദിവസവും തുടരുന്നതായും ഇന്ത്യന്‍ കോണ്‍സല്‍ പറഞ്ഞു.