ഡോ. ഐഷ വി

ഈ ഭൂമിയിൽ ജീവിച്ച് മരിക്കുമ്പോൾ മറ്റുള്ളവർക്ക് ഓർക്കാൻ തക്ക സുകൃതങ്ങൾ അവശേഷിപ്പിച്ച് പോകുന്നവർ വളരെ കുറവാണ്. അങ്ങനെ 146 വർഷം മുമ്പ് കഥാവശേഷനായ കേവലം 49 വർഷ o മാത്രം (1825 -1874) ഈ ഭൂമിയിൽ ജീവിക്കാൻ അവസരം ലഭിച്ച ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്ന ആദ്യ കാല നവോത്ഥാന നായകൻ ശ്രീ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന കല്ലിശേരി വേലായുധപണിക്കർ . ജീവിച്ചിരുന്ന 49 വർഷം കൊണ്ട് അവർണ്ണർക്ക് ജീവിക്കാൻ വളരെയധികം പ്രയാസം നേരിട്ട ഇരുളടഞ്ഞ കാലഘട്ടത്തിൽ അവർക്ക് വേണ്ടി പോരാടിയ വീരനായ ധീരനായ പോരാളിയുടെ ചരിത്രം അവിസ്മരണീയമാക്കുവാൻ ആർകെ സമുദ്രയെന്ന ശ്രീ രാധാകൃഷ്ണൻ രചിച്ച കാവ്യ ഗാഥ. വേലായുധ ചേകവർ എന്ന് പേരിട്ട ഈ കാവ്യ ഗാഥയുടെ ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കുവാൻ ഈ സെപ്റ്റംബർ 28 വൈകുന്നേരം 4 മണിക്ക് എനിക്കും നിയോഗമുണ്ടായി. ഞങ്ങളുടെ കോളേജിൽ പഠിക്കുന്ന ഫീനിക്സിന്റെ അച്ഛനാണ് ശ്രീ രാധാകൃഷ്ണൻ എന്ന കഥാകാരൻ . ഈ കാവ്യ ഗാഥയെ കുറിച്ച് സെപ്റ്റംബർ 28 ന്റെ മലയാള മനോരമ പത്രത്തിൽ ” പെടപെടയ്ക്കണ കവിത” എന്ന പേരിൽ ഒരു വാർത്ത വന്നിരുന്നു. ശ്രീ രാധാകൃഷ്ണൻ എന്ന മത്സ്യ തൊഴിലാളി ഈ ഗാഥ രചിക്കുമ്പോൾ അതിന്റെ പശ്ചാത്തലം സമുദ്രമായിരുന്നു. മൊബൈലിൽ റിക്കോർഡ് ചെയ്ത് വാട് സാപ്പിലൂടെ സമുദ്രത്തിൽ നിന്നും വായു മാർഗ്ഗം കരയിലേയ്ക്കൊഴുകിയ ഗാഥ. കേവലം എഴുപത് വരികളിലൂടെ മനോഹരമായ വരകളിലൂടെ ആറാട്ടുപുഴ വേലായുധപണിക്കർ എന്ന മുമ്പേ നടന്ന പോരാളിയുടെ ജീവിതത്തിന്റെ 9 മിനുട്ടിൽ ഒതുങ്ങുന്ന ദൃശ്യാവിഷ്കാരമാണ് ” വേലായുധ ചേകവർ” എന്ന ഗാഥ. മാഗ് മ യുട്യൂബ് ചാനലിലൂടെയാണ് ഇത് പ്രകാശനം ചെയ്തത്.

സെപ്റ്റംബർ 28 ന് ഞങ്ങളുടെ കോളേജിൽ അഡ് മിഷൻ ദിവസമായിരുന്നു. സമയത്ത് ഗാഥയുടെ പ്രകാശന ചടങ്ങിൽ പങ്കെടുക്കുവാൻ പറ്റുമോ എന്ന് എനിക്കും പിറ്റി എ പ്രസിഡന്റ് ശ്രീ ജോയി ജോണിനും സംശയമായിരുന്നു. അതിനാൽ പി റ്റി എ പ്രസിഡന്റ് എന്നോട് പറഞ്ഞു: കാര്യങ്ങൾ പറഞ്ഞു കൊണ്ട് രാധാകൃഷ് ണന് ഒരു മെസ്സേജ് അയക്കാൻ . അങ്ങനെ ആശംസകൾ നേർന്നുകൊണ്ട് ഞാൻ ഒരു സന്ദേശം നൽകി.

അഡ് മിഷൻ കഴിഞ്ഞപ്പോൾ സമയമുണ്ട്. ഞങ്ങൾ ചടങ്ങിൽ പങ്കെടുക്കാൻ തന്നെ തീരുമാനിച്ചു . മംഗലം ഗവ ഹയർ സെക്കന്ററിയ്ക്കും ഇടയ്ക്കാട് ശ്രീ വേലായുധ പണിക്കർ അവർണ്ണർക്കായി പണിയിച്ച ശിവക്ഷേത്രത്തിനും സമീപമുള്ള ആറാട്ടുപുഴ വേലായുധപണിക്കർ സ്മാരക ആഡിറ്റോറിയത്തിൽ ഞങ്ങളെത്തി. ഞങ്ങൾ ചെല്ലുമ്പോൾ കഥാകാരൻ അവിടെയുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ സ്വീകരിച്ച് ആഡിറ്റോറിയത്തിലേയ്ക്ക് ആനയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പേരും ഫോൺ നമ്പരും ഒരു ബുക്കിൽ രേഖപ്പെടുത്തിയ ശേഷം കൈയിൽ സാനിടൈസറും പുരട്ടി ഞങ്ങൾ ആഡിറ്റോറിയത്തിനകത്ത് കയറി .

ചടങ്ങിൽ ഡോ.ഐഷ വി പ്രസംഗിക്കുന്നു

അകലങ്ങളിൽ ഇട്ടിരിക്കുന്ന കസേരകളിലൊന്നിൽ ഞാൻ ഇരിപ്പുറപ്പിച്ചു. അടുത്തതിൽ പിറ്റി എ പ്രസിഡന്റും . ഉത്ഘാടകനായ ശ്രീ രാജീവ് ആലുങ്കൽ എത്താൻ കുറച്ചു കൂടി വൈകുമെന്നറിഞ്ഞു. ഒരു ഫോൺ വന്നപ്പോൾ പിറ്റി എ പ്രസിഡന്റ് പുറത്തേയ്ക്കിറങ്ങി. അടുത്ത കസേരയിലിരുന്ന മറ്റൊരാളോട് ശ്രീ വേലായുധ പണിയ്ക്കരെ കുറിച്ചുള്ള പുസ്തകങ്ങൾ വല്ലതും ലഭ്യമാണോ എന്ന് ഞാൻ അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: ഇടയ്ക്കാട് ക്ഷേത്ര പറമ്പിൽ അദ്ദേഹത്തിന്റെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. മാഡം ഒന്ന് നടന്ന് കണ്ട് വരൂ, എന്ന്. അങ്ങനെ ഞാനിറങ്ങി. ക്ഷേത്ര പറമ്പിലെത്തി. തൊട്ടടുത്തു തന്നെ മംഗലം സ്കൂളുമുണ്ട്. ശ്രീ ആറാട്ടുപുഴ വേലായുധ പണിക്കർ 1854 -ൽ സ്ഥാപിച്ച ഇന്നു വരെ പുനഃപ്രതിഷ്ഠ വേണ്ടി വന്നിട്ടില്ലാത്ത ഇടയ്ക്കാട് ജ്ഞാനേശ്വര ക്ഷേത്രത്തിലേയ്ക്ക് കാലെടുത്ത് വച്ചപ്പോൾ അദ്ദേഹം ബ്രാഹ്മണരുടെ ഇടയിൽ പോയി പൂണൂലണിഞ്ഞ് ആ വിദ്യയും പഠിച്ച് വന്ന് ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ ചരിത്രം ഓർത്തു പോയി. ക്ഷേത്ര പറമ്പിൽ തന്നെ അദ്ദേഹത്തിന്റെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. അതിൽ ആ നവോത്ഥാന നായകന്റെ പോരാട്ട ജീവിതത്തിന്റെ നിർണ്ണായക നിമിഷങ്ങളെ തങ്കലിപികളാൽ ആലേഖനം ചെയ്തിരിയ്ക്കുന്നു :

ആദ്യ കാർഷിക സമരം നയിച്ചു.
അവർണ്ണരുടെ ആദ്യത്തെ കഥകളിയോഗം 1861 ൽ സ്ഥാപിച്ചു.
നവോത്ഥാന നായകരിൽ ആദ്യത്തെ രക്തസാക്ഷി.
മേൽമുണ്ട് സമരം 1851-ൽ.
അച്ചിപ്പുടവ സമരവും ആദ്യത്തെ കാർഷിക സമരവും 1886 -ൽ.
സഞ്ചാര സ്വാതന്ത്ര്യ പോരാട്ടവും ജയിൽ വാസവും 1867 .
മൂക്കുത്തി സമരം, മുലക്കര വിരുദ്ധ സമരം, മിശ്രവിവാഹത്തിന് നേതൃത്വം നൽകി. അവർണ്ണരുട ആദ്യത്തെ ശിവക്ഷേത്രം 1854 -ൽ സ്ഥാപിച്ച മഹാൻ.


പ്രതിമ കണ്ട് തിരികെ നടക്കുമ്പോൾ എനിക്ക് അഭിമാനം തോന്നി. എന്റെ അച്ഛന്റെ ജ്യേഷ്ഠ പത്നി പരേതയായ ശ്രീമതി സരളാ പണിക്കരുടെ പിതാമഹനാണല്ലോ ഈ മഹാൻ എന്ന്.

തിരികെ ആഡിറ്റോറിയത്തിനടുത്ത് എത്തിയപ്പോൾ ഫീനിക്സും അമ്മയും എത്തിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കുമാരനാശാൻ സ്മാരക സമിതി എന്ന ബോർഡ് വച്ച കാറിൽ ശ്രീ രാജീവ് ആലുങ്കലും കുടുംബവുമെത്തി. താമസിയാതെ യോഗം ആരംഭിച്ചു. ഈശ്വരപ്രാർത്ഥന കഴിഞ്ഞ് കഥാകാരൻ സ്വാഗതം ആശംസിച്ച വേദിയിൽ ഞങ്ങളിരുന്നു. പരിമിതമായ ഔപചാരിക വിദ്യാഭ്യാസമേ ഉള്ളു എങ്കിലും ശ്രീ ആർകെ സമുദ്ര നവോത്ഥാന നായകനെ വരയും വാക്കും ധനവും സമയവും മുടക്കി അനശ്വരനാക്കാൻ ശ്രമിച്ച ദൃശ്യാവിഷ്കാരത്തിന്റെ പ്രകാശന ചടങ്ങിൽ അങ്ങനെ ഞാനും പങ്കെടുത്തു.


നിങ്ങളും വേലായുധ ചേകവർ എന്ന് പേരിട്ട ഈ മനോഹര ദൃശ്യാവിഷ്കാരം കാണുമല്ലോ? ഈ ലിങ്കിൽ അത് ലഭ്യമാണ്.

തിരികെ പോരുമ്പോൾ ഒരു ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ കഴിഞ്ഞതിൽ സന്തോഷം തോന്നി. അഭിമാനവും.

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്