ഡോ. ഐഷ വി

തിണ്ണയിലിരുന്ന് എള്ളു നുള്ളുന്നതിനിടയിൽ ലക്ഷ് മി അച്ഛമ്മ പറഞ്ഞു തുടങ്ങി. ഒന്നാമാണ്ടിലാണ് (AD 1901) ആലുവിളയിലെ കാരണവർ നാലുകെട്ട് പണിയുന്നത്. ആലുവിളയിൽ കൊച്ചു പത്മനാഭന്റെ സഹോദരി നീലമ്മയ്ക്ക് മൂന്നാമത്തെ പെൺകുട്ടിയായ ലക്ഷ്മി പിറന്നപ്പോൾ ജാതകമെഴുതാൻ വന്ന ജ്യോത്സ്യൻ പറഞ്ഞത്രേ , ജാതകിയുടെ ജനനം മൂലം മാതുലന് സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകും. പുതിയ വീട് പണിയും. അങ്ങനെ ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ് മീ ദേവിയുടെ പേര് കുട്ടിയ്ക്കിട്ടു. കുട്ടിയുടെ ജാതകം പോലെ തന്നെ കാരണവർ നാലു കെട്ട് പണിതു. അതുവരെ കാരണവർ താമസിച്ചിരുന്നത് ഇവിടെയുണ്ടായിരുന്ന പഴയ കാഞ്ഞിരത്തും വിള തറവാട്ടിലായിരുന്നു. ആലുവിളയിൽ കൊച്ചു പത്മ നാഭൻ എന്ന കാരണവരുടെ കാരണവരായ ശ്രീ വല്യ പത്മനാഭനായിരുന്നു ആ തറവാട്ടു കാരണവർ. തന്റെ കാരണവരായ ശ്രീ കൊച്ചു പത്മനാഭനെ കുറിച്ച് പറയുമ്പോൾ നൂറ് നാവായിരുന്നു ലക്ഷ് മി അച് ഛാമ്മയ്ക്ക് . നാലുകെട്ടിന്റെ വീതിയുള്ള തിണ്ണ കടന്നാൽ എത്തുന്ന പൂമുഖത്തെ ചാരു കസേരയിൽ കാരണവർ കിടക്കും. ആ കിടപ്പിൽ വയലിലെ കാഴ്ച കളും ഉദയ സൂര്യന്റെ പൊൻ വെളിച്ചവുമൊക്കെ കാരണവർക്ക് ദൃശ്യമാണ്. ആ പ്രദേശവാസിയല്ലാത്ത മറ്റാർക്കെങ്കിലും തൊഴിൽ വല്ലതും വേണമെങ്കിൽ അവർ കാരണവരുടെ ദൃഷ്ടിയിൽപെടത്തക്കവിധം തോട്ടു വരമ്പിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ഇതു കാണുമ്പോൾ അദ്ദേഹം പരിചാരകരോട് ആരാണയാൾ എന്നന്വേഷിക്കും ? ആവശ്യമറിയുമ്പോൾ ഇങ്ങോട്ട് വരാൻ പറയെടോ എന്ന് പരിചാരകനോട് പറയും. പരിചാരകൻ ഓടിപ്പോയി തോട്ടിനിക്കരെ നിന്ന് വന്നയാളെ വിളിക്കും. ഇതു കേൾക്കേണ്ട താമസം വന്നയാൾ കാരണവരുടെ മുറ്റത്ത് ഹാജർ. പിന്നെ കാര്യങ്ങൾ അന്വേഷിക്കും. എന്തെങ്കിലും പണി തന്നാൽ ചെയ്യാമെന്ന് പറയുമ്പോൾ കാരണവർ പരിചാരകനോട് പറയും. നീ ഇവനെയും കൂട്ടി വടക്കുവശത്തോട്ട് ചെന്ന് ഭക്ഷണം വല്ലതും വാങ്ങി കൊടുക്കാൻ . അങ്ങനെ പരിചാരകൻ അയാൾക്ക് ഭക്ഷണം വാങ്ങി കൊടുക്കും . പിന്നെ അന്ന് ചെയ്യേണ്ട പണികളെ പറ്റിയും പറഞ്ഞു കൊടുക്കും. ഇതൊക്കെ പറയുമ്പോൾ ലക്ഷ് മി അച് ഛാമ്മയുടെ മുഖത്ത് അഭിമാനം തങ്ങി നിൽക്കും.

ചിലപ്പോൾ കാരണവരെ കാണാൻ ആളുകൾ വരുന്നത് സമീപത്തെവിടെയെങ്കിലും ഭൂമി പതിച്ചു കിട്ടാനുള്ള അനുമതി നേടാനായിരിയ്ക്കും. അതേ പറ്റി എന്റെ അച്ഛൻ പറഞ്ഞ് തന്നിട്ടുള്ളത് ഇങ്ങനെയാണ്. പഴയ മീനാട് വില്ലേജ് എന്നു പറയുന്നത് ഇന്നത്തെ പരവൂരിന്റെ ഭാഗങ്ങൾ, ഭൂതക്കുളം ,ചിറക്കര മീനാട് കല്ലുവാതുക്കൽ ചാത്തന്നൂർ എന്നീ സ്ഥലങ്ങൾ ചേർന്നതാണെന്ന്. അന്നത്തെ മീനാട് വില്ലേജിൽ ഭൂമി പതിച്ചു നൽകാനുള്ള കൺസന്റ് നൽകാൻ മൂന്ന് പേർക്ക് മാത്രമേ അധികാരം ഉണ്ടായിരുന്നുള്ളൂ. ഒന്ന് ഭൂതക്കുളത്ത് തന്ത്രി, രണ്ട് പോളച്ചിറ പത്മനാഭൻ മൂന്ന് ആലുവിളയിൽ കൊച്ചു പത്മനാഭൻ . (ഇതിൽ പോളച്ചിറ പത്മനാഭന്റെ മകനാണ് പ്രമുഖ ഫയൽമാനായിരുന്ന പോളച്ചിറ രാമകൃഷ്ണൻ.) ഭൂമി വേണ്ടവൻ ആവശ്യപ്പെടുന്ന ദിക്കിൽ മറ്റ് വിഷയങ്ങളൊന്നുമില്ലെങ്കിൽ ഭൂമി പതിച്ചു കൊടുക്കാനുള്ള അനുമതി നൽകും
ഇതുപോലുള്ള പ്രശ്നങ്ങൾ പരിഹരിച്ചു കഴിയുമ്പോൾ ഭക്ഷണം കഴിച്ച് പരിചാരകനോട് കുതിരവണ്ടി തയ്യാറാക്കി നിൽക്കാൻ ആവശ്യപ്പെടും. പരിചാരകർ തയ്യാർ. നാലുകെട്ടു മുതൽ അമ്മാരത്തു മുക്കു വരെയും ഉളിയനാടു വരെയും ഇന്നു കാണുന്ന റോഡുകൾ കാരണവരുടെ വണ്ടിത്തടങ്ങൾ ആയി രൂപപ്പെട്ടവയാണ്.

മറ്റൊരു കാര്യം. കാരണവരുടെ പ്രതാപം കാട്ടാനായി ലക്ഷ്മി അച്ഛാമ്മ പറഞ്ഞിരുന്നത് അദ്ദേഹത്തിന്റെ പതിനാറടിയന്തിരത്തിന്റെ കാര്യമായിരുന്നു. ആ ചടങ്ങിന് പ്രഥമൻ ഉണ്ടാക്കാനായി തിരുമിയ തേങ്ങയുടെ പീര തിന്ന് ചത്തുപോയ 28 കന്ന് കാലികളുടെ കാര്യം. ( പീരയിലൂടെ വന്ന ഫംഗസ് ബാധയാകാം അതിന് കാരണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.)

 

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

 

വര : അനുജ സജീവ്