ഡോ.ഐഷ . വി.

ആരോ ഒരാൾ വിവാഹ ക്ഷണക്കത്ത് എന്റെ ഭർത്താവിനെ ഏൽപ്പിച്ചു പറഞ്ഞു. ഷീലയ്ക്ക് സൗമ്യയെ അറിയാം. എല്ലാവരും വരണം. ഇവിടെ അടുത്ത് പുതുതായി തുടങ്ങിയ കൺവെൻഷൻ സെന്ററിൽ വച്ചാണ് വിവാഹം. ഞാൻ കത്ത് തിരിച്ചും മറിച്ചും നോക്കി. യാതൊരു പിടിയും കിട്ടുന്നില്ല. വിവാഹത്തീയതി അടുത്തു വന്നപ്പോൾ പണിക്ക് വരുന്ന ബിജുവിനോട് ചോദിച്ചു. ആരുടെ കല്യാണമാണത് ? ബിജുവിന് ക്ഷണം ഉണ്ടോ? ഉണ്ട്. അത് കാലിക്കോടന്റവിടുത്തെയാ. ഞാൻ വീണ്ടും ഓർമ്മയിൽ പരതി. ഫലം നാസ്തി. പ്രത്യേകിച്ച് വട്ടപ്പേർ കൂടി പറഞ്ഞപ്പോൾ . പഠനവും ഉദ്യോഗവുമായി കാൽ നൂറ്റാേണ്ടോളം മറ്റു ജില്ലകളിൽ താമസിക്കേണ്ടി വന്നതിനാൽ നാട്ടുകാരിൽ പലരെയും അറിയാതായി. ബിജു പല തരത്തിലും പറഞ്ഞു തരാൻശ്രമിച്ചെങ്കിലും പിടി കിട്ടിയില്ല. പിന്നെയാണ് ശ്രീമാൻ ജനാർദ്ദനൻ പിള്ളയുടെ കൊച്ചുമകളുടെ വിവാഹമാണ് എന്ന് മനസ്സിലായത്. ഓർമ്മകൾ മൂന്നര ദശകത്തോളം പിന്നോട്ട് പോയി. ശ്രീമാൻ ജനാർദ്ദനൻ പിള്ളയും ഭാര്യ പൊന്നമ്മയും മക്കളും അമ്മയുടെ തറവാട്ടിൽ സ്ഥിരമായി വരുന്നവരായിരുന്നു. ജനാർദ്ദനൻ പിള്ള മാമന് ഊന്നിൻ മൂട്ടിലുള്ള ആശുപത്രിയിലേയ്ക്ക് പ്രാതൽ, ഉച്ച ഭക്ഷണം മുതലായവ അമ്മാമ്മ തയ്യാറാക്കുന്ന മുറയ്ക്ക് കൊണ്ടുപോയി കൊടുക്കും. ഇടയ്ക്ക് വീട്ടിലെത്തുന്ന സമയത്ത് പശുവിന്റെ കാര്യങ്ങളും നോക്കും. അമ്മാമ്മയുടെ പറങ്കിമാവുകൾ പാട്ടത്തിനെടുക്കുന്നത് ജനാർദ്ദനൻ പിള്ളയുടെ ഭാര്യയാണ്. വൃശ്ചിക കാറ്റ് മരങ്ങളുടെ ഉണക്കയില പൊഴിക്കാൻ തുടങ്ങുമ്പോൾ അമ്മാമ്മ അഞ്ചാറു സ്ത്രീകളെ ജോലിക്ക് നിർത്തി അഞ്ചേക്കർ പറമ്പിലെ മുഴുവൻ കരിയിലയും കരിയില കത്തിക്കാനായി തയ്യാറാക്കിയ കുഴിയിലെത്തിക്കും. ആ കുഴിയിലെ തീ മൂന്നോ നാലോ ദിവസം കഴിഞ്ഞാലും കെട്ടുപോകുകയില്ല. ഇങ്ങനെ കരിയില കത്തിക്കുന്നതിന്റെ ഗുണം പലതാണ്. അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡ് കൂടുമ്പോൾ ഫലവൃക്ഷങ്ങളിൽ കായ്ഫലം കൂടും പറമ്പിലെ കീടങ്ങൾ നശിക്കും കുമിൾ രോഗ ബാധ കുറയും. തെങ്ങിനിടാനുള്ള ചാരം ലഭിക്കും. കരിയില വീണ് ദ്രവിച്ച് മണ്ണിന്റെ അമ്ലഗുണം കൂടുകയില്ല. പൊന്നമ്മ അക്കയ്ക്ക് കശുവണ്ടി (പറങ്കിയണ്ടി) എവിടെ വീണാലും കാണാം. കശുവണ്ടിക്കാലം ഞങ്ങൾക്ക് അവധിക്കാലമാണ്. കശുവണ്ടി പെറുക്കാനും കശുമാങ്ങ തിന്നാനും ഞങ്ങൾ കുട്ടികൾ പൊന്നമ്മ അക്കയുടെ മക്കളോടൊപ്പം കൂടും. നല്ല കശുമാങ്ങ (ഞങ്ങൾ കുട്ടികളുടെ ഭാഷയിൽ പെട്ടിക്കുടം പോലുള്ളത്) ഞങ്ങൾ തിന്നും. ബാക്കിയുള്ളവ വലിച്ചെറിയാൻ പാടില്ല. എല്ലാം അതാത് പറങ്കിമാവിന്റെ പരിസരത്തുള്ള തെങ്ങിൻ ചുവട്ടിൽ ഇടണം എന്നത് പൊന്നമ്മ അക്കയുടെ കർശന നിർദ്ദേശമാണ്. ഞങ്ങൾ അത് അനുസരിക്കും മറ്റാരെങ്കിലും അണ്ടി പെറുക്കുന്നോ എന്നറിയാനുള്ള വിദ്യ കൂടിയാണത്. മതിലുകളില്ലാത്ത പറമ്പല്ലേ ? കുലുക്കിയിടുക , തോട്ടി വച്ച് പറിക്കുക, കല്ലെറിഞ്ഞിടുക എന്നിങ്ങനെ വിവിധ രീതികൾ ഉപയോഗിച്ച് കശുവണ്ടി പറിച്ചെടുക്കാൻ പറ്റും. തോട്ടിയെത്താത്ത കൊമ്പിലുള്ളത് പറിക്കാൻ പൊന്നമ്മയക്ക മരത്തിൽ കയറും , അത് കാണേണ്ട കാഴ്ച തന്നെ. നല്ല വണ്ണമുള്ള പൊന്നമ്മ അക്ക ഏത് വണ്ണവും പൊക്കവുമുള്ള മരത്തിൽ വലിഞ്ഞ് കയറുമായിരുന്നു. അതിന് ചില മുന്നൊരുക്കങ്ങൾ ഒക്കെയുണ്ട്. അമ്പലത്തിൽ പൂജാരിമാർ ഉടുക്കുന്നതു പോലെ ഉടുത്തിരിക്കുന്ന കൈലി താറുടുത്ത് കശുമാവിൽ വലിഞ്ഞ് കയറും. കുറച്ച് ഉയരെ എത്തുമ്പോൾ ഞങ്ങൾ കുട്ടികൾ ആരെങ്കിലും തോട്ടിയെടുത്ത് കൊടുക്കും. അങ്ങനെ എത്താത്ത കൊമ്പിലെ കശുമാങ്ങ പൊന്നമ്മ അക്ക പറിച്ചെടുക്കും. ഒരു മാവിൻ ചുവട്ടിൽ നിന്നു മറ്റൊരു മാവിൻ ചുവട്ടിലേയ്ക്കു പോകുന്നതിനിടയിൽ പൊന്നമ്മ അക്ക പാകാൻ പറ്റിയ കശുവണ്ടികൾ തിരഞ്ഞെടുക്കും. പച്ച കശുവണ്ടി ഒരു കമ്പു വച്ച് അതിന്റെ മൂക്ക് കുത്തി അകത്തെ പരിപ്പ് മുറിയാതെയെടുക്കുന്ന വിദ്യ മുതിർന്ന കുട്ടികൾ ഇളയ കുട്ടികളെ പഠിപ്പിച്ച് കൊടുക്കും. സന്ധ്യയ്ക്ക് കഷായപ്പുരയിലെ അടുപ്പിലെ കനലിൽ കശുവണ്ടി ചുട്ടെടുക്കും. കശുവണ്ടി ഫാക്ടറിയിലെ സ്ത്രീകൾ പരിപ്പ് ഉടഞ്ഞ് പോകാതെ കശുവണ്ടി തല്ലുന്നത് എങ്ങിനെയെന്ന് പൊന്നമ്മ അക്ക കാണിച്ചു തരും.

ഞാൻ പി ജി കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ് ശ്രീമാൻ ജനാർദ്ദനൻ പിള്ളയുടെ മരണത്തെ കുറിച്ച് അറിയുന്നത്. പേ വിഷ ബാധയായിരുന്നു. തോട്ടിൽ തുണി കഴുകി കൊണ്ടു നിന്നപ്പോൾ പേയുള്ള ഒരു പട്ടി ഓടി വന്ന് ചുണ്ടിൽ ഒന്ന് അള്ളി. അള്ളിയതല്ലേയുള്ളൂ കടിച്ചതല്ലല്ലോ എന്ന് കരുതി അവഗണിച്ചു . പിന്നീട് പേയിളകി അദ്ദേഹം മരിച്ചു പോയി. അധികം താമസിയാതെ പ്രമേഹം മൂത്ത് പൊന്നമ്മ അക്കയും മരിച്ചു. മൂത്ത മകളുടെ വിവാഹം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. അപ്പോഴേയ്ക്കും അവർ ആദ്യ വീട് വിറ്റ് മറ്റൊരു വീട്ടിൽ താമസമാക്കി. പിന്നീട് രണ്ട് പെൺമക്കളുടെയും തന്റെയും വിവാഹം നടത്തുന്ന ചുമതല ഏക മകൻ ബാബു കുട്ടന്റെ കൈകളിലായി.

ബാബു കുട്ടൻ ആത്മഹത്യ ചെയ്തെന്ന് ബിജു പറഞ്ഞപ്പോഴാണറിഞ്ഞത്.

ഇന്ന് ഷീലയുടെ മകളുടെ വിവാഹമായിരുന്നു. ഇന്നലെയും ഇന്നും വിവാഹ ചടങ്ങുകളിൽ ഞാനും പങ്കെടുത്തു.

 

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം