ഡോ. ഐഷ വി

ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലം. വൈകിട്ട് വീട്ടിലെത്തിയപ്പോൾ കാണുന്നത് തെക്കുവശത്തെ മുറ്റത്തെ ഇലച്ചെടിയുടെ ഒരു കൈ വണ്ണമുള്ള തായത്തട്ടിയിൽ കെട്ടിയിട്ടിരിയ്ക്കുന്ന കുഞ്ഞ് പശുക്കുട്ടി. എന്നെ കണ്ടതും മ്മ്മ്ബേ…. എന്നൊരു വിളി. എനിക്ക് കൗതുകം തോന്നി. ഞാൻ അതിനടുത്തേയ്ക്ക് ചെന്നു. വെള്ളയും തവിട്ടും കറുപ്പും ഇടകലർന്ന രോമങ്ങൾ . ഞാൻ അടുത്തെത്തിയപ്പോൾ എന്റെ വസ്ത്രത്തിൽ അവൾ ഒന്നുരുമ്മി. അവളെ എനിക്ക് ഇഷ്ടമായി. അടുക്കളയിൽ ചെന്ന് അമ്മയോട് വിവരങ്ങൾ അന്വേഷിച്ചപ്പോഴാണത് അമ്മയുടെ അമ്മ ചിരവാത്തോട്ടത്തു നിന്നും ശ്രീമാൻ ജനാർദ്ധനൻ പിള്ളയുടെ കൈയ്യിൽ ഞങ്ങൾക്കായി കൊടുത്തയച്ച സമ്മാനമാണിതെന്ന്. ഞങ്ങൾക്ക് സന്തോഷമായി. അവൾക്ക് ഒരു നല്ല പേര് കണ്ട് പിടിക്കാനായിരുന്നു ഞങ്ങളുടെ ശ്രമം.” അ” യിൽ തുടങ്ങുന്ന പേര് വേണമെന്ന് ഞാനും അനുജനും തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ അതിന് ” അമ്മിണി” എന്ന് പേരിട്ടു. അത് ഞങ്ങളുടെ മാമിയുടെ പേരായിരുന്നു. അമ്മ മുന്നറിയിപ്പ് നൽകി. മാമിയുടെ പേരിട്ടിട്ട് മാമി കേൾക്കേ അങ്ങനെ വിളിക്കരുതെന്ന്. ഞങ്ങൾ പശുക്കുട്ടിയുടെ അടുത്തേയ്ക്ക് ഓടി. ഞങ്ങൾ അവളുടെ പേർ ഉറക്കെ വിളിച്ചു.

ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ ഏത് കോണിൽ നിന്ന് വിളിച്ചാലും അത് അവളെയാണ് വിളിക്കുന്നതെന്ന് അവൾക്ക് മനസ്സിലായിത്തുടങ്ങി. മ്മ്ബേ… എന്ന മറുവിളിയിലൂടെ അവൾ പ്രതികരിച്ചു. അത് കേൾക്കുമ്പോൾ ഞങ്ങൾക്കുള്ള സന്തോഷം ഇരട്ടിക്കും. പതിയെ പതിയെ അമ്മിണി വളർന്ന് കൊണ്ടേയിരുന്നു. പഴയ രോമങ്ങൾ പൊഴിഞ്ഞ് പോയ ശേഷം നല്ല കറുത്ത രോമങ്ങൾ വരാൻ തുടങ്ങി. അമ്മിണിയുടെ കരുത്ത് കൂടി വന്നപ്പോൾ അവളെ കെട്ടുന്ന ഇലച്ചെടിയുടെ തോൽ പൊളിയാൻ തുടങ്ങി. ഏതാനും വർഷം കൂടി നിന്നെങ്കിലും പിന്നീട് ആ ചെടി നാമാവശേഷമായി. ഇതിനിടയ്ക്ക് അച്ചൻ നാട്ടിലെത്തിയപ്പോൾ അവൾക്ക് ഓല മേഞ്ഞ ഒരു എരിത്തിൽ ( തൊഴുത്ത്) ഉണ്ടാക്കി കൊടുത്തു . കുറച്ച് നാൾ കഴിഞ്ഞപ്പോൾ അതിന്റെ തറ സിമന്റിട്ടു. അവൾക്ക് കാടി , വെള്ളം വാഴയില എന്നിവ കൊടുക്കാൻ ഞങ്ങൾ മത്സരിച്ചു. ഒരു ദിവസം അനുജത്തി അമ്മിണിയുടെ വായിൽ ഭക്ഷണസാധനങ്ങൾ വച്ചു കൊടുത്തപ്പോൾ അവൾക്ക് നല്ല കടി കിട്ടി. പുല്ല് ചവയ്ക്കുന്ന പരന്ന പല്ലായതിനാൽ കൈയ്യിത്തിരി ചതഞ്ഞു പോയി.

അമ്മിണിയെ കുളിപ്പിക്കുന്ന ജോലി ഞാനും അനുജനും ഏറ്റെടുത്തു. 1979 മുതൽ 1984- ൽ വീട്ടിലെ കിണറ്റിൽ പമ്പ് സെറ്റ് വയ്ക്കുന്നത് വരെ, ഒന്നുകിൽ തോട്ടിൽ കൊണ്ടുപോയി കുളിപ്പിയ്ക്കും. ഇല്ലെങ്കിൽ വീട്ടിലെ കിണറ്റിൽ നിന്നും വെള്ളം കോരി കുളിപ്പിയ്ക്കും. അപ്പോൾ ഞങ്ങൾ അവളെ ഓരോ തെങ്ങിന്റെ മൂട്ടിൽ ഓരോ ദിവസം എന്ന മട്ടിൽ മാറിമാറി കെട്ടും. തെങ്ങിന്റെ ചുറ്റുമുള്ള , പുല്ല് അവൾ തിന്ന് തീർക്കും. ഓരോ തെങ്ങിനും വെള്ളവും ലഭിക്കാൻ തുടങ്ങി. നന്നായി സോപ്പൊക്കെയിട്ട് മണക്കുന്നതു വരെ തേച്ച് കുളിപ്പിച്ചാലേ എനിക്കും അനുജനും തൃപ്തിയാകുമായിരുന്നുള്ളൂ. പുളിയരിപ്പൊടി പിണ്ണാക്ക് എന്നിവ പുഴുങ്ങി കൊടുക്കുന്ന ജോലി അമ്മയ്ക്കായിരുന്നു.

പശുവിന് വേണ്ട പുല്ല് വയലിൽ നിന്നും വല്ലം നിറച്ച് പറിച്ച് ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്ന കുട്ടികൾ അന്ന് ധാരാളം ഉണ്ടായിരുന്നു. ആദ്യകാലത്ത് ഒരു വല്ലം പുല്ലിന് 50 പൈസയേ വിലയുണ്ടായിരുന്നുള്ളു. കെട്ടിവച്ചിരിയ്ക്കുന്ന പുല്ല് പശുവിന് കൊടുക്കാൻ എടുത്തപ്പോഴാണ് പച്ച പുല്ലിനിടയിൽ രാസപ്രവർത്തനം നടന്ന് ചൂടുകൂടുന്ന കാര്യം ഞാൻ മനസ്സിലാക്കിയത്, അവധിയ്ക്ക് നാട്ടിലെത്തുന്ന അച്ഛൻ കുശലങ്ങൾ പറഞ്ഞ് അമ്മിണിയെ നന്നായി സ്നേഹിച്ചു. എല്ലാറ്റിനോടും അവൾ നന്നായി പ്രതികരിച്ചു.
(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.