ഡോ. ഐഷ വി

” ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്ര ചാതുരി കാട്ടിയും

ഹന്ത ചാരുകടാക്ഷമാല കർ അർക്കരശ്മിയിൽ നീട്ടിയും ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങുമീശനെ വാഴ്ത്തുവിൻ
സാരമായ് സകലത്തിലും മതസംഗ്രഹഗ്രഹിയാത്തതായ്
കാരണമാന്തമായ് ജഗത്തിലുർന്നു നിന്നിടുമൊന്നിനെ
സൗരദാർക്കാനാദി കൊണ്ടും മൃഗം കണക്കനു മേയവർ ദൂരമാകിലു മന്ത ഹാർദ്ദ ഗുണസ്പദത്തെ നിനയ്ക്കുവാൻ
നിത്യ നായക നീതി ചക്ര മതിൽ തിരച്ചിലിനക്ഷമാം സത്യ മുൾക്കമലത്തിലും സ്ഥിരമായ് വിളങ്ങുക നാവിലും
കൃത്യ ഭു വെടിയാതെയും മടിയാതെയും കര കോടിയിൽ പ്രത്യഹം പ്രഥയാർന്ന പാവന കർമ്മ ശക്തി കുളിയ്ക്കുക.
സാഹസങ്ങൾ തുടർന്നു ടൻ സുഖഭാണ്ഡമാശു കവർന്നു പോം ദേഹമാനസ ദോഷസന്തതി ദേവ ദേവ നശിയ്ക്കണേ.
സ്നേഹമാം കുളിർ പൂന്നിലാവു പരന്ന സർവ്വവുമേകമായ്
മോഹമാമിരുൾ നീങ്ങി നിന്റെ മഹത്വമുള്ളിൽ വിളങ്ങണേ
ധർമ്മമാം വഴി തന്നിൽ
വന്നണയുന്ന വൈരികളഞ്ച വേ
നിർമ്മല ദ്യുതിയാർന്ന നിശ്ചയ ഖഡ്ഗമേന്തി നടന്നുടൻ
കർമ്മ സീമ കടന്നുപോയ് കളിയാടുവാനരുളേണമേ ശർമ്മ വാരിധിയിൽ കൃപാകര ശാന്തിയാം മണി നൗകയിൽ”
ഒരു ദിവസം ശ്രീദേവി അപ്പച്ചിയുടെ മകൾ ബീന ചേച്ചി (വല്യേച്ചി)എന്നോട് പറഞ്ഞു. നാളെ വിളയിൽ വച്ച് ഒരു പരിപാടിയുണ്ട്. ആ ചടങ്ങിൽ ഈശ്വര പ്രാർത്ഥന ചൊല്ലുന്നത് നമ്മൾ രണ്ടുമാണ്. ഞാൻ സന്തോഷിച്ചു. ” അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി…” ചൊല്ലിയാൽ മതിയല്ലോ എന്ന് ചിന്തിച്ചു. പിറ്റേന്ന് രാവിലെ തന്നെ ഞങ്ങൾ കുട്ടികൾ കുളിച്ചൊരുങ്ങി ശ്രീദേവി അപ്പച്ചിയോടും അമ്മയോടുമൊപ്പം അച്ഛന്റെ അമ്മാവന്റെ വീടായ കാഞ്ഞിരത്തും വിളയിലേയ്ക്ക് പോയി. മുറ്റത്ത് വലിയ പന്തലിട്ടിരിയ്ക്കുന്നു. നിരത്തിയിട്ട കസേരകളിൽ ധാരാളം പേർ ഇരിക്കുന്നു. അമ്മയും ശ്രീദേവി അപ്പച്ചിയും പന്തലിൽ ഉപവിഷ്ടരായി. കുറച്ചു കഴിഞ്ഞ് പരിപാടി ആരംഭിച്ചപ്പോൾ ഈശ്വര പ്രാർത്ഥനയ്ക്കായ് ഞാനും വല്യേച്ചിയും വേദിയിലേയ്ക്ക് ക്ഷണിക്കപ്പെട്ടു. വല്യേച്ചിയും ഞാനും വേദിയുടെ ഒരറ്റത്ത് ചെന്ന് നിന്നു. വല്യേച്ചി കവിത്രയങ്ങളിൽ ഒരാളായ കുമാരനാശാൻ എഴുതിയ “ചന്തമേറിയ പൂവിലും” എന്ന പ്രാർത്ഥനാ ഗീതം ഈണത്തിൽ ചൊല്ലാൻ തുടങ്ങി. അതിലെ ഒരു വരി പോലും എനിക്കറിയാത്തതിനാൽ ചുണ്ടനക്കി നിൽക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. പ്രാർത്ഥന കഴിഞ്ഞു ഞങ്ങൾ വേദിയൊഴിഞ്ഞു. കുറച്ചുനേരം കൂടി ചടങ്ങുകൾ നീണ്ടു. പിന്നീടവർ ചായ കുടിക്കാനായി പിരിഞ്ഞു. ശാരദ വല്യമ്മച്ചിയും അമ്മയും ശ്രീദേവി അപ്പച്ചിയും മറ്റു ചില പുരുഷ ജനങ്ങളും കൂടി അവിടെ സന്നിഹിതരായവർക്കെല്ലാം ചായ, ഉപ്പുമാവ്, പഴം, വട എന്നിവ വിളമ്പി കൊടുത്തു. കാപ്പി കുടി കഴിഞ്ഞ് ആളുകൾ പന്തലിലേയ്ക്ക് കയറുന്നതിനിടയിൽ അമ്മ എന്റെയടുത്തു വന്നു പറഞ്ഞു: ഈശ്വരപ്രാർത്ഥന പഠിച്ചിട്ട് പോകണമായിരുന്നു. വെറുതേ പോയി ചുണ്ടനക്കിയത് ശരിയായില്ലയെന്ന്. രണ്ട് പേർ ചേർന്ന് ഈശ്വരപ്രാർത്ഥന ചൊല്ലുമ്പോൾ ഏതാണ് ചൊല്ലേണ്ടതെന്ന് ഒരു മുൻ ധാരണ വേണമെന്ന് ആറാം ക്ലാസ്സുകാരിയായ എനിയ്ക്കന്ന് മനസ്സിലായി. ഞാൻ അമ്മയോട് ഇതെന്ത് പരിപാടിയാണെന്ന് ചോദിച്ചു. ചിറക്കര ത്താഴം സർവ്വീസ് കോ ഓപറേറ്റീവ് ബാങ്കിന്റെ വാർഷിക പൊതുയോഗമാണെന്ന് അമ്മ പറഞ്ഞു തന്നു. വാർഷിക റിപ്പോർട്ട് അവതരിപ്പിക്കലും വാർഷിക കണക്കവതരിപ്പിക്കലും ഉച്ചവരെ നീണ്ടു. പിന്നെ ഉച്ച ഭക്ഷണം. ഉച്ചയ്ക്ക് ശേഷം അടുത്ത വർഷത്തേയ്ക്കുള്ള ബജറ്റവതരണം. അവസാനം ദേശീയ ഗാനം ഞാനും വല്യേച്ചിയും കൂടി ആലപിച്ചു.

ചിറക്കരത്താഴം സർവ്വീസ് സഹകരണ സംഘം പ്രദേശത്തെ ജനങ്ങളുടെ പക്കൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നത് കൂടാതെ കർഷകരുടെ തേങ്ങ സംഭരിക്കുക. അവർക്കാവശ്യമായ വളങ്ങളും കീടനാശിനികളും നൽകുക എന്ന വല്യ ദൗത്യങ്ങളും നിർവ്വഹിച്ചിരുന്നു. സംഘത്തിന് സ്വന്തം സ്ഥലവും കെട്ടിടവും മതിൽ കെട്ടും ആകുന്നത് വരെ അച്ഛന്റെ അമ്മാവന്റെ പറമ്പിലായിരുന്നു തേങ്ങ സൂക്ഷിച്ചിരുന്നത്. തെക്കേ പൊയ്കയിലെ ധർമ്മൻ എന്നയാളുടെ കാളവണ്ടിയിലായിരുന്നു തേങ്ങ അവിടെ എത്തിച്ചിരുന്നത്. ചിലപ്പോൾ അദ്ദേഹത്തിന്റെ മകൾ ഉഷയും അവിടെ വരാറുണ്ടായിരുന്നു. ഉഷ എന്റെ ക്ലാസ്സിലെ കുട്ടിയാണ് . ഞാനും ഉഷയും കൂടി കളിക്കുക പതിവായിരുന്നു. രാത്രി തേങ്ങയുടെ കാവൽക്കാരൻ “കരിമൻ” എന്ന നായയാണ്.

എല്ലാ നാളികേരവും എത്തിച്ചു കഴിഞ്ഞാൽ പിന്നെ തേങ്ങാ പൊതിക്കകാരുടെ ഊഴമാണ്. അവർ ഓരോ പാരയുമായി വന്ന് നിലത്ത് ആഞ്ഞ് കുത്തി ഉറപ്പിക്കും. പിന്നെ തൊണ്ടു പരന്ന വശം പാരയിലിടിച്ച് പൊതിക്കാൻ തുടങ്ങുന്നു. തൊണ്ട് പൊതിച്ച് ഒരു കൂന കൂട്ടും. ധാരാളം കാളവണ്ടികൾ എത്തി ഇവയെല്ലാം കയറ്റിക്കൊണ്ടുപോയി കയർ മേഖലയിൽ എത്തിക്കുന്നു. തേങ്ങ മാർക്കറ്റി ലേയ്ക്കും. മാറിമാറിവന്ന ഭരണ സമിതിയുടെ പിടിപ്പുകേടും തിരച്ചടവില്ലാത്ത വായ്പകളും സ്ഥാപനത്തിന് എന്നെന്നേക്കുമായി താഴിടാൻ ഇടയാക്കി.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.