ലോസാഞ്ചലസ്: തൊണ്ണൂറ്റിമൂന്നാമത് ഓസ്‌കാർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആന്റണി ഹോപ്കിൻസ് ആണ് മികച്ച നടൻ. എൺപത്തിമൂന്നാമത്തെ വയസിലാണ് ‘ദ ഫാദറിലൂടെ’ അദ്ദേഹത്തെ തേടി പുരസ്‌കാരമെത്തിയിരിക്കുന്നത്. ക്ലോയി ഷാവോ സംവിധാനം ചെയ്ത നൊമാഡ്‌ലാൻഡിനെ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. ക്ലോയി ഷാവോയ്ക്ക് തന്നെയാണ് മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരവും. ഫ്രാൻസിസ് മക്‌ഡോർമണ്ടാണ് മികച്ച നടി. നോമാഡ്‌ലാൻഡിലെ അഭിനയത്തിനാണ് പുരസ്‌കാരം.

ചൈനീസ് വംശജയായ അമേരിക്കൻ സംവിധായികയാണ് ക്ലോയി ഷാവോ. സംവിധാനത്തിനുള്ള ഓസ്കാർ പുരസ്കാരം നേടുന്ന രണ്ടാമത്തെ വനിതയും,ആദ്യ ഏഷ്യന്‍ വംശജയുമാണ് ക്ലോയി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം എമറാൾഡ് ഫെനലിന്. പ്രോമിസിങ് യങ് വുമൺ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. മികച്ച സഹനടനുള്ള പുരസ്കാരം ഡാനിയൽ കലൂയ(ജൂഡസ് ആൻഡ് ദി ബ്ലാക് മെസ്സായി) സ്വന്തമാക്കി. യൂൻ യോ ജൂങ്(ചിത്രം: മിനാരി) ആണ് മികച്ച സഹനടി

മികച്ച ആനിമേഷൻ ചിത്രം: സോൾ

മികച്ച അവലംബിത തിരക്കഥ: ക്രിസ്റ്റഫര്‍ ഹാംപ്റ്റന്‍, ഫ്ലോറിയന്‍ സെല്ലര്‍ ( ദി ഫാദർ)

മികച്ച വിദേശ ഭാഷാ ചിത്രം: അനദർ റൗണ്ട് (ഡെൻമാർക്ക്)

മികച്ച മേക്കപ്പ്, വസ്ത്രാലങ്കാരം: മ റെയ്നീസ് ബ്ലാക് ബോട്ടം

മികച്ച എഡിറ്റിംഗ്: സൗണ്ട് ഒഫ് മെറ്റൽ

ഛായാഗ്രഹണം:എറിക് മെസർഷ്മിറ്റ്(മാൻക്)

മികച്ച പ്രൊഡക്ഷൻ ഡിസൈൻ: മാൻക്

ഒറിജിനൽ സോംഗ്: ഫൈറ്റ് ഫോർ യു(ജൂദാസ് ആൻഡ് ദ ബ്ലാക്ക് മിസിയ)

മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം:റ്റു ഡിസ്റ്റന്റ് സ്‌ട്രെയിഞ്ചേഴ്‌സ്

മികച്ച ആനിമേഷൻ ചിത്രം(ഷോർട്ട്): ഈഫ് എനിതിംഗ് ഹാപ്പൻസ് ഐ ലൗ യൂ

മികച്ച ഡോക്യുമെന്ററി(ഷോർട്ട്): കൊളെറ്റ്

മികച്ച ഡോക്യുമെന്ററി ഫീച്ചർ: മൈ ഓക്ടോപസ് ടീച്ചർ

ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ അഞ്ചരയ്ക്ക് ഡോൾബി തിയേറ്ററിലാണ് ചടങ്ങ് ആരംഭിച്ചത്. അമേരിക്കയിലെ പുരസ്കാര വേദിയിലെത്താന്‍ കഴിയാത്തവര്‍ക്കായി യുകെയില്‍ പ്രത്യേക ഹബ് ഒരുക്കിയിരുന്നു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്ന ചടങ്ങ്.170 അതിഥികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.