കോഴിക്കോട് അത്തോളി കൊടശേരിയില്‍ ഗ്യാസ് സിലണ്ടറുകള്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. അഗ്നിശമ്നസേനടെയും പൊലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലില്‍ വന്‍ദുരന്തമാണ് ഒഴിവായത്.

എന്‍ജിന്‍ ഭാഗത്തുനിന്നാണ് തീപടര്‍ന്നത്. ഉടന്‍തന്നെ ഡ്രൈവര്‍ ലോറി ഒതുക്കി നിറുത്തി ചാടിയിറങ്ങി നാട്ടുകാരെ വിവരമറിയിച്ചു. ഇരുഭാഗത്തുനിന്നും വാഹനങ്ങള്‍ തടഞ്ഞു. സമീപത്തെ ആളുകളെ മാറ്റി. അരമണിക്കൂറിനുള്ളില്‍ കൊയിലാണ്ടിയില്‍നിന്ന് അഗ്നിശ്മന സേനയും അത്തോളിയില്‍നിന്ന് പൊലീസുമെത്തി.

ക്യാബിന്‍‌ പൂര്‍‌ണമായും കത്തിനശിച്ചു. ഗ്യാസ് സിലണ്ടറുകള്‍ പൊട്ടിത്തെറിക്കാതിരിക്കാന്‍ അരമണിക്കൂറോളം വെള്ളം ചീറ്റി തണുപ്പിച്ചു. ശേഷം എല്ലാ സിലണ്ടറുകളും നാട്ടുകാരുടെ സഹായത്തോടെ മാറ്റുകയായിരുന്നു. ദേശീയപാതയില്‍ റോഡുപണി നടക്കുന്നതുകൊണ്ടാണ് മംഗളൂരു ഭഗത്തുനിന്ന് വന്ന ലോറി പേരാമ്പ്ര വഴി കോഴിക്കോടേക്ക് തിരിച്ചുവിട്ടത്. അപകടത്തെതുടര്‍ന്ന് ഈ പാതയില്‍ രണ്ടുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.