ഖുർആന്റെ മറവിൽ സ്വർണം കടത്തിയിട്ടുണ്ടാകാം എന്ന് മന്ത്രി കെ.ടി ജലീൽ തന്നെ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞതോടെ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. ഇതു തന്നെയല്ലേ യുഡിഎഫും പറഞ്ഞതെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് ചോദിച്ചു.

‘ഇത് തന്നെയല്ലേ യു.ഡി.എഫും പറഞ്ഞത്. അതിന്റെ പേരിലല്ലേ വിശുദ്ധ ഖുർആനെ സി.പി.എം വിവാദത്തിലേക്ക് വലിച്ചിഴച്ചത്. ഖുർആന്റെ മറവിൽ സ്വർണ്ണം കടത്തിയിട്ടുണ്ടാകാമെന്ന് ജലീൽ സമ്മതിച്ച സ്ഥിതിക്ക് പിണറായി വിജയൻ മാപ്പു പറയുമോ? സ്വർണ്ണക്കടത്ത് സംഘത്തിനെതിരെയുള്ള സമരത്തെ ഖുർആൻ വിരുദ്ധ സമരമായി ചിത്രീകരിച്ച് വിശ്വാസികളെ വേദനിപ്പിച്ചതിന് കൊടിയേരി ബാലകൃഷ്ണൻ മാപ്പു പറയുമോ?’ ഫിറോസ് ചോദിച്ചു.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്തെത്തി‍. അന്വേഷണം ബിജെപിയുടെ രാഷ്ട്രീയ നീക്കമാണ്. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമം. രാഷ്ട്രീയമില്ലെന്ന് പറയുന്നവരുടെ കണ്ണ് പൊട്ടയായിരിക്കാം. പാഴ്സല്‍ അയച്ചവരെ ഇതുവരെ ചോദ്യം ചെയ്തില്ല‌െന്നും കാനം ചൂണ്ടിക്കാട്ടി. മന്ത്രി കെ.ടി.ജലീല്‍ രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നും കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.