ഇടുക്കി പള്ളിവാസലില്‍ പതിനേഴുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രധാനതൊണ്ടിമുതലായ ആയുധം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. രേഷ്മയെ കൊലപ്പെടുത്തിയ ശേഷം അരുണ്‍ ആത്മഹത്യ ചെയ്തതാണന്ന് നിഗമനമെങ്കിലും ശാസ്ത്രീയമായി തെളിക്കാന്‍ ആയുധം കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍ പ്രതിയും കൊല്ലപ്പെട്ടതോടെ കേസ് നടപടികള്‍ അവസാനിപ്പിക്കാനാണ് പൊലീസ് നീക്കം.

അരുൺ (അനു–28) മരിച്ചതിനാൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതോടെ കേസ് അവസാനിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ പൊലീസ്. രേഷ്മയെ കുത്തിയതെന്നു കരുതുന്ന ആയുധം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും അരുണിന്റെ മുറിയിൽ നിന്നു ലഭിച്ച കുറ്റസമ്മതക്കത്തും ഇരുവരുടെയും ദേഹത്തെ രക്തസാംപിളും ശാസ്ത്രീയ പരിശോധനാഫലങ്ങളും കേസിൽ നിർണായക തെളിവുകളാവും.

വെള്ളിയാഴ്ച വൈകുന്നേരം രേഷ്മയെ ഉളി പോലുള്ള ആയുധം കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം സമീപത്തെ കാട്ടിലേക്ക് ഓടിപ്പോയ അരുൺ 3 ദിവസം കഴിഞ്ഞ് പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ  രാത്രി തൂങ്ങി മരിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം.

അരുണിന്റെ മൃതദേഹത്തിൽ കുത്തേറ്റ 2 അടയാളങ്ങളുണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ ഇത് ആഴത്തിലുള്ള മുറിവല്ലെന്ന് വ്യക്തമായതായി അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. കൃത്യത്തിനു ശേഷം ജീവനൊടുക്കാൻ അരുൺ സ്വയം കുത്തിയതാകാനാണു സാധ്യതയെന്നു വെള്ളത്തൂവൽ എസ്എച്ച്ഒ ആർ.കുമാർ പറഞ്ഞു.