ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ ഉഗ്രന്‍ പ്രകടനത്തോടെ ലോകകപ്പ് ടീമിലേക്കുള്ള സാധ്യത പട്ടികയില്‍ മുന്നിലുള്ള ഋഷഭ് പന്തിനെതിരേ ഒത്തുകളി ആരോപണവുമായി ആരാധകര്‍. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ പന്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടയില്‍ പറഞ്ഞ വാക്കുകളെടുത്താണ് ആരാധകര്‍ രംഗത്ത് വന്നിരിക്കുന്നത്.

ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തിലാണ് സംഭവം. കൊല്‍ക്കത്ത ഇന്നിങ്‌സിലെ നാലാം ഓവറില്‍ കീപ്പറായിരുന്ന പന്ത് ഈ ബോള്‍ ഒരു ഫോര്‍ ആയിരിക്കും എന്ന് പറഞ്ഞത് സ്റ്റമ്പ് മൈക്കില്‍ കുടുങ്ങിയതോടെയാണ് വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്. റോബിന്‍ ഉത്തപ്പയായിരുന്നു ഈ സമയത്ത് ക്രീസില്‍. പന്ത് പറഞ്ഞതിന് പിന്നാലെ അടുത്ത ബോള്‍ ബൗണ്ടറി കടന്നതോടെയാണ് ആരാധകര്‍ തെളിവുകളുമായി രംഗത്ത് വന്നത്.

സന്ദീപ് ലാമിച്ചാനെയുടെ ഓവറിലായിരുന്നു സംഭവം. മത്സരത്തില്‍ ഡല്‍ഹി ജയിച്ചെങ്കിലും പന്തിനെതിരേ ഒത്തുകളി ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമാവുകയാണ്.

സൂപ്പര്‍ ഓവര്‍ വരെ നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മൂന്നു റണ്‍സിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് തോല്‍പ്പിച്ചത്. നിശ്ചിത ഓവറില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 185 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹിയുടെ പോരാട്ടവും അതേ സ്‌കോറില്‍ അവസാനിച്ചതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റുചെയ്ത ഡല്‍ഹി ഒരു വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സെടുത്തു.

മിന്നും ഫോമിലുണ്ടായിരുന്ന ആന്ദ്രെ റസലും ദിനേഷ് കാര്‍ത്തികും കൊല്‍ക്കത്തക്കായി ഇറങ്ങിയെങ്കിലും റബാഡക്കുമുന്നില്‍ മുട്ടുമടക്കി മടങ്ങി. ഫോറടിച്ചു തുടങ്ങിയ റസലിനെ മൂന്നാം പന്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം പുറത്താക്കി. കാര്‍ത്തികിനും പിന്നാലെ ഇറങ്ങിയ ഉത്തപ്പക്കും ബാക്കിയുള്ള പന്തുകളില്‍ എടുക്കാനായത് ഓരോ റണ്‍സ് വീതം. ഒടുവില്‍ മൂന്നു റണ്‍സിന് ഡല്‍ഹിയുടെ അര്‍ഹിച്ച വിജയം.

സ്‌കോര്‍: കൊല്‍ക്കത്ത 185/8, ഡല്‍ഹി: 185/6 സൂപ്പര്‍ ഓവര്‍: ഡല്‍ഹി: 10/1, കൊല്‍ക്കത്ത: 7/1

നേരത്തേ, ആദ്യം ബാറ്റ്‌ചെയ്ത കൊല്‍ക്കത്ത ആന്ദ്രെ റസലിന്റെയും (28 പന്തില്‍ 62) ദിനേഷ് കാര്‍ത്തികിന്റെയും (50) അര്‍ധസെഞ്ച്വറിയിലാണ് പൊരുതാവുന്ന സ്‌കോറിലേക്കെത്തിയത്. 99 റണ്‍സെടുത്ത പൃഥ്വി ഷായുടെ നേതൃത്വത്തില്‍ തിരിച്ചടിച്ച ഡല്‍ഹിക്ക് അവസാനത്തില്‍ കാലിടറിയതാണ് അനായാസം ജയിക്കേണ്ട മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്.