പാർലമെന്റ് താത്കാലികമായി നിർത്തിവെക്കാനുള്ള പ്രധാനമന്ത്രി ജോൺസന്റെ തീരുമാനത്തിനെതിരെ രാജ്യത്തിലുടനീളം ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇന്നലെ, ജോൺസന്റെ ഈയൊരു നീക്കത്തിന് താത്കാലിക വിലക്ക് ഏർപ്പെടുത്താനുള്ള നിയമപരമായ ശ്രമം നടന്നെങ്കിലും സ്കോട്ടിഷ് ജഡ്‌ജി അത് നിരസിച്ചു. ഒക്ടോബർ 31ലെ ബ്രെക്സിറ്റ്‌ സമയപരിധിക്ക് മുമ്പായി ഒരു മാസത്തിലേറെ പാർലമെന്റ് നിർത്തിവെക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ തടയുന്നതിനായി ക്രോസ്സ് പാർട്ടി എംപിമാരും മറ്റും എഡിൻബർഗിലെ കോടതി സെഷനിൽ ഒരതിവേഗ ഹർജി നൽകിയിരുന്നു. പക്ഷെ പാർലമെന്റ് നിർത്തിവയ്ക്കണമെന്നുള്ള അപേക്ഷ കോടതി തള്ളി . എങ്കിലും സെപ്റ്റംബർ 3ന് മുഴുവൻ വാദം കേൾക്കാൻ ജഡ്ജി സമ്മതിച്ചു. ചൊവ്വാഴ്ച, ഇരുപക്ഷത്തുനിന്നും നിയമപരമായ വാദങ്ങൾ കേൾക്കുമെന്ന് അദ്ദേഹം അറിയിച്ചു. വിധിന്യായത്തിന് ശേഷം ലിബറൽ ഡെമോക്രറ്റ്സ് നേതാവ് ജോ സ്വിൻസൺ ഇപ്രകാരം ട്വീറ്റ് ചെയ്തു “ഞാനടക്കം 75 എംപിമാർ പ്രധാനമന്ത്രിയുടെ പാർലമെന്റ് അടച്ചുപൂട്ടലിനെതിരെ നിയമപരമായ വെല്ലുവിളി ഉയർത്തി. പ്രധാനമന്ത്രിയുടെ പദ്ധതികൾ താത്കാലികമായി നിർത്താൻ ജഡ്‌ജി വിസമ്മതിച്ചെങ്കിലും ചൊവ്വാഴ്ച മുഴുവൻ വാദം കേൾക്കാൻ അദ്ദേഹം തയ്യാറാണെന്ന വാർത്തയെ സ്വാഗതം ചെയ്യുന്നു.”

സെപ്റ്റംബർ 9 വരെ താത്കാലികമായി പാർലമെന്റ് നിർത്തിവെക്കാൻ കഴിയില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് ജഡ്‌ജിയുടെ ഈ തീരുമാനം. ഒക്ടോബർ 14ന് നടക്കുന്ന രാജ്ഞിയുടെ പ്രസംഗത്തിന് മുമ്പ് അഞ്ച് ആഴ്ച പാർലമെന്റ് നിർത്തിവെക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. ഒക്ടോബർ 31ന് യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാനിരിക്കുകയാണ്. അതിനാൽ ഈ തീയതിക്ക് മുമ്പായി പാർലമെന്റ് നിർത്തിവെക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് കോടതി വിധിക്കണമെന്ന് പ്രതിപക്ഷ പാർട്ടികളിലെ എംപിമാർ ആവശ്യപ്പെട്ടു. എന്നാൽ ജഡ്‌ജി ഇത് നിരസിച്ചതിലൂടെ സസ്പെൻഷൻ തടയാൻ അടിയന്തര ഉത്തരവ് തേടിയ പാർലമെന്റ് അംഗങ്ങൾക്ക് തിരിച്ചടി നേരിടേണ്ടി വന്നു. അതേസമയം, കരാറില്ലാത്ത ബ്രെക്സിറ്റിനെ തടയാൻ ശ്രമിക്കുന്നതിലൂടെ യൂറോപ്യൻ യൂണിയനുമായി കരാർ നേടാനുള്ള സാധ്യതയാണ് തകരുന്നതെന്ന് ജോൺസൻ തന്റെ രാഷ്ട്രീയ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി.