ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ ടീമില്‍ നിന്ന് രാജിവെച്ചതായുള്ള റിപോര്‍ട്ടുകള്‍ നിഷേധിച്ച് ഫ്രഞ്ച് മധ്യനിര താരം പോള്‍ പോഗ്ബ. ദി സണ്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ ‘വ്യാജവാര്‍ത്ത’ എന്ന് എഴുതി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്റ്റോറി നല്‍കിയായിരുന്നു താരത്തിന്റെ പ്രതികരണം.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് ഫ്രാന്‍സ് സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ ദേശീയ ഫുട്‌ബോള്‍ ടീമില്‍ നിന്ന് രാജിവെച്ചതായാണ് അന്തര്‍ദേശീയ മാധ്യമമായ ദ സണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് വാര്‍ത്ത മറ്റ് മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു. മുഹമ്മദ് നബിയെ അവഹേളിച്ചു എന്നാരോപിച്ച് അധ്യാപകനായ സാമുവല്‍ പാറ്റിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് മാക്രോണ്‍ വിവാദപരാമര്‍ശം നടത്തിയത്.

47-കാരനായ പാറ്റിയെ തലയറുത്തു കൊലപ്പെടുത്തിയയാളെ ഫ്രഞ്ച് പൊലീസ് വെടിവെച്ചു കൊന്നിരുന്നു. തുടര്‍ന്ന് അധ്യാപകന്റെ കൊലപാതകം ഇസ്ലാമിക ഭീകരവാദമാണെന്ന് പ്രഖ്യാപിച്ച മാക്രോന്‍ മുസ്ലിം ആരാധനാലയങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. കൊല്ലപ്പെട്ട സാമുവല്‍ പാറ്റിയെ ആദരിക്കാനും ഫ്രഞ്ച് ഭരണകൂടം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ പോഗ്ബ വിരമിച്ചു എന്ന വാര്‍ത്ത ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, പോഗ്ബയുടെ രാജിയുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പ്രതികരിക്കാന്‍ പോഗ്ബയോ ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷനോ തയാറല്ലായിരുന്നു. ഷാര്‍ലി ഹെബ്‌ഡോ പ്രസിദ്ധീകരിച്ച ‘വിവാദപരമായ’ കാര്‍ട്ടൂണുകളില്‍ പോഗ്ബ അസ്വസ്ഥനായിരുന്നുവെന്നും അധ്യാപകനെ ആദരിക്കാനുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ തീരുമാനം പോഗ്ബയെ ഒടുവില്‍ ടീമില്‍ നിന്നും പുറത്തു പോവാന്‍ പ്രേരിപ്പിച്ചുവെന്നുമായിരുന്നു റിപ്പോര്‍ട്ട്. 2013ല്‍ ഫ്രഞ്ച് ദേശീയ ടീമിനായി അരങ്ങേറിയ പോഗ്ബ 2014 ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്താരം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ഫ്രാന്‍സിനെ കിരീടത്തിലെത്തിക്കുന്നതില്‍നിര്‍ണായക പങ്കാണ് താരം വഹിച്ചത്.