ഒട്ടേറെ ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും കാലാകാലങ്ങളിൽ വന്നുപോകുമെങ്കിലും ചില അധികാരികൾ ജനങ്ങളുടെ ഹൃദയത്തിലാണ് സ്ഥാനം പിടിക്കുക. അതൊരു നിയോഗമാണ്, കർമ്മപഥത്തിൽ മറ്റാർക്കും എത്തിപ്പിടിക്കാൻ പറ്റാത്ത ഒന്ന്. ഇത്തരത്തിൽ, പത്തനംതിട്ടയുടെ മാത്രമല്ല, കേരളത്തിലെ ജനങ്ങളുടെ തന്നെ സ്വന്തം കളക്ടറായി മാറിയ പത്തനംതിട്ട ജില്ലാ കളക്ടർ പിബി നൂഹ് ഐഎഎസ് പടിയിറങ്ങുകയാണ്.

മഹാമാരിയുടെ കാലത്തും മഹാപ്രളയം കേരളത്തെ വേട്ടയാടിയപ്പോഴും കേരളത്തിൽ അങ്ങോളമിങ്ങോളമുള്ളവർ വിവരങ്ങൾക്കായി ആശ്രയിച്ചിരുന്ന പത്തനംതിട്ട കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പിബി നൂഹ് തന്നെയാണ് പത്തനംതിട്ടയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് തന്റെ വിടവാങ്ങൽ അറിയിച്ചിരിക്കുന്നത്. കളക്ടർ പദവി ഒഴിഞ്ഞ് സഹകരണ രജിസ്ട്രാർ എന്ന പദവിയിലാണ് ഇനി ഇദ്ദേഹത്തിന്റെ തുടർദൗത്യം.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന് താഴെ, വരുന്ന കമന്റുകൾ കേരളത്തിലെ മറ്റെവിടെയുമുള്ളവരുടെയും കണ്ണുനനയിക്കുന്നതാണ്. ‘ഒരിക്കലും മറക്കില്ല, സർ, നന്ദി മാത്രമെ പറയാനുള്ളൂ, ഞങ്ങളെ വിട്ടിട്ടുപോകല്ലേ സർ, പിബി നൂഹിന് മുമ്പും ശേഷവും എന്ന് പത്തനംതിട്ട ചരിത്രം രേഖപ്പെടുത്തും’ ഇങ്ങനെ പോകുന്നു ജനങ്ങളുടെ സ്‌നേഹത്തിൽ പൊതിഞ്ഞുള്ള വിലാപം.

ഒട്ടേറെ പ്രതിസന്ധിയിലൂടെ നാട് കടന്നുപോയപ്പോൾ നിശ്ചയദാർഢ്യം കൊണ്ട് നാടിന്റെ ഒരുമയും സ്‌നേഹവും കെട്ടുറപ്പും ഊട്ടി ഇറപ്പിക്കുകയും കൃത്യമായ വിവരങ്ങളും സഹായവും എത്തിച്ച് മികച്ച ഭരണ നിർവ്വഹണമാണ് നൂഹ് പത്തനംതിട്ടയിൽ നടത്തിയത്.

2018 ജൂൺ മൂന്നിനാണ് പിബി നൂഹ് പത്തനംതിട്ട ജില്ലാ കളക്ടറായി ചുമതലയേൽക്കുന്നത്. തൊട്ടുപിന്നാലെ കേരളം അന്നോളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള മഹാപ്രളയം നാടിനെ വിറപ്പിച്ചെത്തി. എന്നാൽ പത്തനംതിട്ട മുങ്ങിപ്പോകാതെ കൈപിടിച്ചുയർത്താൻ പിബി നൂഹും സഹപ്രവർത്തകരും മുന്നിൽ തന്നെയുണ്ടായിരുന്നു. അന്നുതൊട്ടാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഓരോ മലയാളിയും ശ്രദ്ധിച്ചുതുടങ്ങിയത്. അപകടഘട്ടത്തിൽ കൃത്യമായ വിവരങ്ങൾ നൽകിയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചും മുന്നിൽ നിന്നു നയിച്ചും അദ്ദേഹം ഉത്തമ മാതൃകയായി. നേരിട്ടെത്തി തന്നെ സഹായം ഉറപ്പാക്കുന്ന കളക്ടറെ ജനങ്ങളും സോഷ്യൽമീഡിയയും ഏറ്റെടുത്തു. പ്രളയം ബാധിച്ച വീടുകളിലുള്ളവർക്ക് കൃത്യമായ സഹായമെത്തിക്കുന്നതിൽ വീഴ്ച വരുത്തിയ വില്ലേജ് ഓഫീസറെ ശകാരിക്കുന്ന കളക്ടറുടെ ദൃശ്യങ്ങൾ അന്ന് സോഷ്യൽമീഡിയയിൽ വലിയ ശ്രദ്ധ നേടി.

ശബരിമല യുവതീപ്രവേശനത്തെ ചൊല്ലി പലയിടത്തും പ്രതിഷേധം അക്രമാസക്തമായപ്പോൾ കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ നിരന്തരശ്രദ്ധ പുലർത്തി. പിന്നാലോ ലോകത്തെ തന്നെ മരവിപ്പിച്ച കോവിഡ് പത്തനംതിട്ടയിൽ എത്തിയപ്പോഴും പിബി നൂഹിന്റെ ഭരണപാടവം ജനങ്ങൾ കണ്ടു. കേരളത്തിൽ കോവിഡിന്റെ രണ്ടാംഘട്ടം ആരംഭിച്ചതു തന്നെ പത്തനംതിട്ടയിൽ കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു. ഇറ്റലിയിൽനിന്നെത്തിയ റാന്നി സ്വദേശികളുടെ കുടുംബത്തിനുണ്ടായ കോവിഡ് ബാധയെ കേരള ജനതയെ ഞെട്ടിച്ചു. എന്താണ് കോവിഡ് രോഗമെന്ന് വ്യക്തമായ ധാരണയില്ലാതിരുന്ന ആ നാളുകളിലും കൃത്യമായ തീരുമാനങ്ങളെടുത്തത് ജനകീയനായ ഈ കളക്ടറായിരുന്നു.

ഉദ്യോഗസ്ഥരുടെ മികച്ച സംഘത്തിന് രൂപം നൽകിയ അദ്ദേഹം രോഗബാധിതരുടെ വിശദമായ റൂട്ട്മാപ്പ് തയ്യാറാക്കുന്നതിനും നേതൃത്വം നൽകി. ഈ സമീപനം പല സംസ്ഥാനങ്ങളും മാതൃകയാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയം യോഗത്തിൽ ഇദ്ദേഹത്തെ പേരെടുത്തു പറഞ്ഞ് പ്രശംസിച്ചു. കോവിഡ് കാലത്ത് സോഷ്യൽമീഡിയയിൽ ഇദ്ദേഹത്തിന്റെ സന്ദേശങ്ങൾക്കായി ജനങ്ങൾ കാത്തിരുന്നു.

പ്രളയകാലത്തേതിനു സമാനമായി പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമാകാനും ജനങ്ങളോട് സംവദിക്കാനും നാടിനെ ഒപ്പം ചേർക്കുന്നതിന് ഇദ്ദേഹം സാമൂഹികമാധ്യമങ്ങൾ ഉപയോഗപ്പെടുത്തി.

കോന്നിയിൽ ആദിവാസി കോളനിയിലേക്ക് ആഹാരസാധനങ്ങൾ ചുമന്നെത്തിക്കുന്ന ജില്ലാ കളക്ടർ കേരളമാകെ ‘വൈറലായി’. തൊഴിലില്ലാതെ കുടുങ്ങിയ അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും താമസസൗകര്യങ്ങളും ഉറപ്പിക്കാനും ഇദ്ദേഹം പരിശ്രമിച്ചു.

മൂവാറ്റുപുഴ സ്വദേശിയായ നൂഹ് 2012 സിവിൽ സർവീസ് ബാച്ച് അംഗമാണ്. മകരവിളക്കുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിനായി വ്യാഴാഴ്ച ഇദ്ദേഹം ശബരിമലയിലെത്തുന്നുണ്ട്. സഹകരണ രജിസ്ട്രാർ നരസിംഹുഗാരി ടിഎൽ റെഡ്ഡി ആണ് പുതിയ പത്തനംതിട്ട കളക്ടർ. പിബി നൂഹിനെ സഹകരണ രജിസ്ട്രാറായാണ് മാറ്റി നിയമിച്ചിരിക്കുന്നത്.