അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

യുകെയിൽ പെട്രോളിനെയോ ഡീസലിനെയോ മാത്രം ആശ്രയിച്ചുള്ള വാഹനങ്ങൾ 2030 മുതൽ നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തി. പെട്രോൾ, ഡീസൽ ഇന്ധനങ്ങൾക്കൊപ്പം ഇലക്ട്രിക് പവർ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് നിരോധനം ബാധകമല്ല . കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി നേരിടുകയും ആണവോർജ്ജം പോലുള്ള വ്യവസായങ്ങളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ആണ് ഗ്രീൻ ഇന്ഡസ്ട്രിയൽ റവല്യൂഷൻ എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ച പ്രഖ്യാപനങ്ങളുടെ മുഖ്യലക്ഷ്യം.

പ്രധാനമന്ത്രി പ്രഖ്യാപിച്ച 10- പോയിന്റ് പ്ലാൻ നടപ്പിലാക്കാൻ ഇപ്പോൾ അനുവദിച്ചിരിക്കുന്ന 4 ബില്യൻ പൗണ്ട് അപര്യാപ്തമാണെന്ന വിമർശനവും ഉയർന്നു വന്നിട്ടുണ്ട്. പ്രധാനമന്ത്രി വകയിരുത്തിയ 4 ബില്യൻ പൗണ്ട് പബ്ലിക് ഇൻവെസ്റ്റിൻെറ ഭാഗമായി പ്രതീക്ഷിക്കുന്ന 12 ബില്യൺ പൗണ്ടിൻെറ ഭാഗമാണെന്ന് ബിസിനസ് സെക്രട്ടറി അലോക് ശർമ പറഞ്ഞു. അടുത്തവർഷം യുകെ ആതിഥേയത്വം വഹിക്കുന്ന യുണൈറ്റഡ് നേഷൻ ക്ലൈമറ്റ് ചേഞ്ച് കോൺഫ്രൻസ്(COP 26) അന്താരാഷ്ട്ര കാലാവസ്ഥ ഉച്ചകോടിയുടെ പ്രസിഡന്റായ അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ യുകെയിൽ ഇരുപത്തയ്യായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ പദ്ധതികൾക്ക് കഴിയും.

പെട്രോൾ ഡീസൽ വാഹനങ്ങൾ നിരോധിക്കുന്നത് കൂടാതെ കാറ്റിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം, മലിനീകരണം കുറവുള്ള വിമാനങ്ങൾക്കും കപ്പലുകൾക്കുമായിട്ടുള്ള ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ, സൈക്ലിംഗ്- നടത്തം എന്നിവയിലൂടെ മലിനീകരണം ഒട്ടുമില്ലാത്ത ഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് തുടങ്ങി പത്ത് പ്രധാന പദ്ധതികൾ ആണ് ബോറിസ് ജോൺസൺ ഹരിത വ്യവസായ വിപ്ലവത്തിൻറെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പെട്രോൾ ഡീസൽ വാഹനങ്ങളുടെ നിരോധനം ബ്രിട്ടൻെറ വാഹനവിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. ഇലക്ട്രിക് വാഹന നിർമാണത്തിൽ വൻ കുതിച്ചു കയറ്റത്തിനും ഈ പ്രഖ്യാപനം വഴിവെക്കും. ബ്രിട്ടണിലെ വാഹനമേഖല പുറത്തുവിട്ട കണക്ക് അനുസരിച്ച് ഈ വര്‍ഷം ഇതുവരെ വിറ്റതില്‍ 73.6 ശതമാനം വാഹനങ്ങളും പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നവയാണ്. കേവലം 5.5 ശതമാനമാണ് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന. ശേഷിക്കുന്നത് ഹൈബ്രിഡ് വാഹനങ്ങളാണെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.