ന്യൂസ് ഡെസ്ക് മലയാളം യുകെ

മുതിർന്നവരിൽ കൊറോണാ വൈറസിനെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ്പ് ലോകമെങ്ങും പുരോഗമിക്കുമ്പോഴും കുട്ടികൾക്കുള്ള വാക്സിനെക്കുറിച്ച് അനിശ്ചിതത്വം തുടരുകയായിരുന്നു. എന്നാൽ 12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്കായുള്ള വാക്സിന് യുഎസിൽ ഫൈസർ ബയോ‌ടെക് അനുമതി തേടി. അടുത്ത ദിവസങ്ങളിൽ മറ്റു രാജ്യങ്ങളിലും കുട്ടികൾക്കുള്ള വാക്സിൻ വിതരണത്തിനായി അനുമതി തേടുമെന്ന് കമ്പനി അറിയിച്ചു. നിലവിൽ ഫൈസർ വാക്‌സിൻ 16 വയസ്സിനും അതിനുമുകളിലുള്ളവർക്കും നൽകാനുള്ള അനുമതി ആണുള്ളത്.

ആറ് മാസത്തിനും 11 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായുള്ള വാക്സിൻ പരീക്ഷണങ്ങൾ ആരംഭിച്ചതായി യുഎസ് ബയോ‌ടെക് കമ്പനിയായ മൊഡേണ നേരത്തെ അറിയിച്ചിരുന്നു. പ്രായമായവരെ അപേക്ഷിച്ച് കുട്ടികളിൽ കോവിഡ് ബാധിച്ച് സങ്കീർണ്ണ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് . എന്നിരുന്നാലും വൈറസ് വ്യാപിക്കാൻ സാരമായ പങ്കുവഹിക്കുന്നതിനാലാണ് കുട്ടികളിൽ പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത്. ഇത് രോഗവ്യാപനതോത് കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.