ഭൂമി ഇന്ന് നേരിട്ടുന്ന ഏറ്റവും വലിയ വിപത്താണ് ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകള്‍ സൃഷ്ടിക്കുന്ന മാലിന്യം. ഈ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിന്ന് ഭൂമിയെ രക്ഷിക്കാന്‍ ശേഷിയുള്ള പ്രത്യേക പുഴുവിനെ ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകര്‍ തിരിച്ചറിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. തേനീച്ചക്കൂടിലെ മെഴുക് ഭക്ഷിക്കുന്ന ഈ ചിത്രശലഭത്തിന്റെ ലാര്‍വക്ക് പ്ലാസ്റ്റിക്കിനെ വിഘടിപ്പിക്കാന്‍ ഭക്ഷിക്കാനുള്ള കഴിവുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.

പരിസ്ഥിതിക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന ഭീഷണി എങ്ങനെ ചെറുക്കാമെന്നത് വലിയ വെല്ലുവിളിയായി നിലനില്‍ക്കെയാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. മെഴുകുപുഴു എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയനാമം ഗലേറിയ മെലോനല്ല എന്നാണ്. എങ്ങനെയാണ് ഇവയ്ക്ക് പ്ലാസ്റ്റിക് ഭക്ഷിക്കാന്‍ കഴിയുന്നതെന്നു കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. പ്ലാസ്റ്റിക് മാലിന്യസംസ്‌കരണത്തിനു പൂര്‍ണമായൊരു പരിഹാരം കണ്ടെത്താന്‍ ഒരുപക്ഷേ ഈ നിരീക്ഷണത്തിനു സാധിക്കുമെന്ന് സ്പാനിഷ് നാഷനല്‍ റിസര്‍ച്ച് കൗണ്‍സിലില്‍ ഗവേഷകനായ ഡോ. പാലോ ബോംബെല്ലി പറഞ്ഞു. ബയോകെമിസ്ട്രി വകുപ്പിലെ ക്രിസ്റ്റഫര്‍ ഹോവുമായി ചേര്‍ന്നായിരുന്നു ഇദ്ദേഹത്തിന്റെ ഗവേഷണം. ലോകം നേരിട്ടുന്ന പ്ലാസ്റ്റിക് മലിനീകരണ പ്രശ്നത്തിന് ഇതുവഴി പരിഹാരമാക്കും എന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

കുഴിച്ചിട്ടാല്‍ ദ്രവിക്കാത്തതും കത്തിച്ചാല്‍ അതിലേറെ അപകടകരവുമായ വാതകങ്ങള്‍ പുറന്തള്ളുന്നതുമായ പ്ലാസ്റ്റിക്കിനെ മണിക്കൂറുകള്‍ക്കുള്ളില്‍ നശിപ്പിക്കാന്‍ ഇവയ്ക്കു കഴിയും. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയപ്പോള്‍ ഇക്കാര്യം വ്യക്തമാവുകയും ചെയ്തു. തേനീച്ചക്കൂടിലെ മെഴുകിനെ ലാര്‍വ ദഹിപ്പിക്കുന്നതുപോലെ അവക്ക് പ്ലാസ്റ്റിക് വസ്തുവിലെ കെമിക്കല്‍ ബോണ്ടുകളെ പൊട്ടിക്കാനാകുമെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞതായി ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന ഡോ. പവേലോ ബോംബെല്ലി പറഞ്ഞു.

പ്ലാസ്റ്റിക് മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഗവേഷണത്തിന് ആത്മവിശ്വാസം പകരുന്നതാണ് പുതിയ കണ്ടെത്തല്‍. ലാര്‍വയില്‍ നടക്കുന്ന എന്തുതരം പ്രവര്‍ത്തനമാണ് പ്ലാസ്റ്റിക്കിനെ വിഘടിപ്പിക്കുന്നതെന്ന് അറിയേണ്ടതുണ്ട്. ഈ രഹസ്യം അറിയാന്‍ കഴിഞ്ഞാല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിയൊരളവില്‍ നിയന്ത്രിക്കാനാന്‍ കഴിയും.

                                                  ഡോ. പവേലോ ബോംബെല്ലി

Image result for plastic-eating-wax-worms-may-solve-india-s-plastic-problem

പ്ലാസ്റ്റിക് പ്രകൃതിദത്തമായി ഇല്ലാതാക്കുന്നതിന്റെ രാസപ്രക്രിയ കണ്ടെത്താനുള്ള പഠനമാണു നടത്തുന്നത്. പ്രതിവര്‍ഷം 80 മില്യണ്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളാണ് ലോകത്താകമാനം ഉല്‍പാദിപ്പിക്കുന്നത്. ഇത് ഇല്ലാതാക്കുന്നതോടെ പരിസ്ഥിതിയെ വലിയൊരു വിപത്തില്‍ നിന്നു രക്ഷിക്കാം. അതേസമയം പുതിയ കണ്ടെത്തല്‍ കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുറംതള്ളാനുള്ള അനുവാദമായും കാണരുത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവേഷണ ഫലങ്ങള്‍ കറന്റ് ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം, ജപ്പാനിലെ ശാസ്ത്രജ്ഞര്‍ ഇത്തരത്തിലുള്ള ഒരു ബാക്ടീരിയയെ കണ്ടെത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വെള്ളനിറത്തിലുള്ള പോളി എഥിലീന്‍ ടെറാഥാലേറ്റ് പ്ലാസ്റ്റിക്കുകള്‍ ഭക്ഷിക്കുന്ന ബാക്ടീരിയയെയാണ് ജപ്പാന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.