ഋതുക്കളേ നിങ്ങള്‍ മുഖംതിരിക്കുക
…………………………………………..

വിജനമായ
പൊന്തക്കാട്ടില്‍
ഈച്ചയാര്‍ക്കുന്നൊരു
ജഡം

ദയയ്ക്കുവേണ്ടി
യാചിക്കുന്നവണ്ണം
ആകാശത്തേക്ക്
തുറന്നുവച്ച
മിഴിയിണകള്‍

പുറത്തുവരാത്ത
നിലവിളിയുടെ
വേദനയില്‍
കോടിപ്പോയ
ചുണ്ടുകള്‍

മുത്തുകളടര്‍ന്ന
പാദസരത്തില്‍
മരിച്ചുകിടക്കുന്ന
നൃത്തച്ചുവടുകള്‍

ആര്‍ത്തിമൂത്ത
കഴുകന്റെ റാഞ്ചലില്‍
പിഞ്ഞിക്കീറിയ
കുഞ്ഞുടുപ്പ്

വിളറിത്തിണര്‍ത്ത
പിഞ്ചുശരീരത്തില്‍
ഹിംസ്രമൃഗത്തിന്റെ
വിരല്‍നഖപ്പാടുകള്‍

കല്ലേറ്റു പിളര്‍ന്ന
തലയോട്ടിയില്‍
ഇപ്പോഴും
മരിക്കാതെ
ബാക്കിയായ
സ്വപ്നങ്ങള്‍

തളംകെട്ടിയ
ചോരയിലരിച്ച്
വിശപ്പടക്കുന്ന
ചോണനുറുമ്പുകള്‍

പിച്ചവച്ചുതുടങ്ങിയ
ജീവിതത്തില്‍നിന്ന്
അകാലത്തില്‍
പടിയിറക്കപ്പെട്ടവള്‍

കാത്തുപാലിക്കേണ്ടവന്‍
നിര്‍ദ്ദയം പിഴുതെടുത്ത
പൂമൊട്ടിന്റെ
ചതഞ്ഞ ശരീരം

ജനനിയെ
കാമിക്കുന്നവന്
വിശപ്പടക്കുവാന്‍,
മകള്‍ വെറും
ലഘുഭക്ഷണം

പിണത്തെയും
ഭോഗിക്കുന്നവന്
കഴുമരം
മറ്റൊരാനന്ദമാര്‍ഗ്ഗം

ഋതുക്കളേ,
നിങ്ങള്‍
മുഖംതിരിക്കുക…
ഇനിയുമിവിടെ
പൂക്കള്‍
കൊഴിയാതിരിക്കുവാന്‍
വസന്തത്തെ
ഈ ഭൂമിയില്‍നിന്ന്
എന്നേയ്ക്കുമായി
കുടിയിറക്കുക…

ബീന റോയ്