നോര്‍ത്ത് യോര്‍ക്ക്ഷയര്‍: പ്രാഥമികാവശ്യങ്ങള്‍ക്കുള്ള ഇടവേളകള്‍ രണ്ടാക്കി കുറച്ചതിനേത്തുടര്‍ന്ന് പ്രക്ഷോഭവുമായി വിദ്യാര്‍ത്ഥികള്‍. നോര്‍ത്ത് യോര്‍ക്ക്ഷയറിലെ ബെഡേല്‍ ഹൈസ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ 580 വിദ്യാര്‍ത്ഥികള്‍ക്ക് ഇടവേളകള്‍ ദിവസത്തില്‍ രണ്ടു തവണ മാത്രമായി ചുരുക്കിയതിനെ രക്ഷാകര്‍ത്താക്കളും വിമര്‍ശിച്ചു. വിവാദ തീരുമാനത്തിനെതിരെ 40 വിദ്യാര്‍ത്ഥികളാണ് പ്രതിഷേധിച്ചത്. സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രതിഷേധവുമായി ഇവര്‍ ഇറങ്ങിയതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസിനെ വിളിച്ചു.
രാവിലെ 11.05നും 11.25നുമിടയിലും ഉച്ചക്ക് 12.25നും 2.45നുമിടയിലാണ് ഇടവേളകള്‍ എന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഈ തീരുമാനം മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് വിമര്‍ശിക്കപ്പെടുന്നു. എന്നാല്‍ മെഡിക്കല്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ഏത് സമയത്തും ടോയ്‌ലെറ്റുകള്‍ ഉപയോഗിക്കാമെന്നും സ്‌കൂള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരിയില്‍ രക്ഷിതാക്കള്‍ക്ക് അയച്ച കത്തിലാണ് സ്‌കൂള്‍ ഈ നിയന്ത്രണത്തേക്കുറിച്ച് അറിയിച്ചത്.

12.45ന് ശേഷം പ്രധാന കെട്ടിടത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നാണ് അറിയിച്ചത്. ഈ കെട്ടിടത്തിലാണ് ടോയ്‌ലെറ്റുകള്‍ ഉള്ളത്. എന്നാല്‍ ലഞ്ച് സമയം അവസാനിക്കുന്നത് 1.10നാണ് അവസാനിക്കുന്നത്. ഇതാണ് പ്രതിഷേധം ആളിക്കത്തിച്ചത്. ബ്രേക്കുകള്‍ രണ്ടാക്കി കുറച്ചിട്ടുണ്ടെങ്കിലും ആവശ്യമുള്ള കുട്ടികള്‍ക്ക് ഏതു സമയത്തും ഇവ ഉപയോഗിക്കാമെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ തന്റെ മകള്‍ക്ക് ഇത്തരത്തില്‍ അനുവാദം നല്‍കിയില്ലെന്ന് ഒരു രക്ഷിതാവ് ഫേസ്ബുക്കില്‍ കുറിച്ചു. പ്രതിഷേധത്തെത്തുടര്‍ന്ന് തങ്ങളെ വിളിച്ചതായി പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍ ഇത് തങ്ങള്‍ കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്ന് സ്‌കൂള്‍ അധികൃതരെ അറിയിച്ചതായും നോര്‍ത്ത് യോര്‍ക്ക്ഷയര്‍ പോലീസ് വ്യക്തമാക്കി.