10വയസുകാരനെ കൊലപ്പെടുത്തി നദിയിൽ ഒഴുക്കിയ 15കാരനെ പോലീസ് പിടികൂടി. മധ്യപ്രദേശിലെ ജബൽപുരിലാണ് സംഭവം. കാണാതായ കുട്ടിയുടെ മൃതദേഹം നദിയിൽനിന്ന് കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് 24 മണിക്കൂറിനുള്ളിൽ 15കാരനെ പോലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ വൈകാതെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നു പോലീസ് അറിയിച്ചു.

കഴിഞ്ഞ എട്ട് ദിവസമായി കാണാതായ പത്ത് വയസ്സുകാരന്റെ മൃതദേഹം ഞായറാഴ്ചയാണ് നർമദ നദിയിൽനിന്ന് കണ്ടെടുത്തത്. സംഭവം മുങ്ങിമരണമല്ലെന്നും കൊലപാതകമാണെന്നും വ്യക്തമായതോടെ പ്രതിയെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിരുന്നു. പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് പരസ്പര വിരുദ്ധമായ മൊഴി നൽകിയ 15കാരനെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തി പോലീസ് സത്യം തെളിയിച്ചത്.

കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരിയുമായി 15കാരന് പരിചയമുണ്ടായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇരുവരും സംസാരിക്കുന്നത് പത്ത് വയസ്സുകാരൻ നേരിട്ട് കാണുകയും ഇക്കാര്യം മാതാപിതാക്കളോട് പറയുമെന്ന് 15കാരനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിൽ പറയാതിരിക്കണമെങ്കിൽ പണവും കുട്ടി ആവശ്യപ്പെട്ടിരുന്നു. ദിവസവും 100 രൂപയും 200 രൂപയുമാണ് പത്ത് വയസ്സുകാരൻ ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നത്. ഇത് പതിവായതോടെ പ്രകോപിതനായ 15 കാരൻ പത്ത് വയസ്സുകാരനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു എന്നാണ് മൊഴി.

പത്ത് വയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം നദിയിൽ ഉപേക്ഷിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം 15കാരൻ തന്നെയാണ് മൃതദേഹം വഞ്ചിയിൽ കയറ്റി നദിയുടെ മധ്യഭാഗത്ത് എത്തിച്ചത്. പിന്നീട് അയൽക്കാരനായ പത്ത് വയസ്സുകാരനെ കാണാനില്ലെന്ന വാർത്ത പരന്നപ്പോൾ കുട്ടിയെ കണ്ടെത്താനുള്ള തെരച്ചിലിലും പ്രതി പങ്കെടുത്തിരുന്നു. ഇതിനിടെയാണ് കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം നദിയിൽനിന്ന് കണ്ടെടുത്തത്.