ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടണിലെ കോടീശ്വരന്മാരിൽ ഒരാളായ സർ റിച്ചാർഡ് സട്ടന്റെ കൊലയാളി എന്ന് സംശയിക്കുന്ന മുപ്പത്തിനാലുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഡോർസെറ്റിലെ അദ്ദേഹത്തിന്റെ വീട്ടിലാണ് റിച്ചർഡിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവിടെ നിന്നും 100 മൈലോളം അകലെ വെസ്റ്റ് ലണ്ടനിൽ വച്ചാണ് പ്രതിയെന്ന് സംശയിക്കുന്ന ആളെ അറസ്റ്റ് ചെയ്തത്. കൊല നടത്തി എന്ന് സംശയിക്കുന്ന ആളുടെ വാഹനത്തെ പിന്തുടർന്നാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പോലീസ് അറസ്റ്റ് ചെയ്യുന്നത് കണ്ട് നിന്ന ദൃക്സാക്ഷിയാണ് മാധ്യമങ്ങളോട് ഈ വസ്തുത അറിയിച്ചത്.

ഏകദേശം ഇരുപതോളം പോലീസ് കാറുകളാണ് കുറ്റവാളിയുടെ കാറിനെ പിന്തുടർന്ന് വന്നത്. അദ്ദേഹത്തെ കാറിൽ നിന്ന് പുറത്തിറക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന്റെ ശരീരത്തിൽ പലയിടങ്ങളിലും രക്തം ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്തതിനു ശേഷം ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഡോർസറ്റ് പോലീസ് ഈ വിവരം ശരിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ശരീരത്തിലുള്ള സാരമായ മുറിവുകൾ അല്ല എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.


റിച്ചർഡിനെയും അദ്ദേഹത്തിന്റെ ഭാര്യയായ സ്ത്രീയേയും ഇദ്ദേഹമാണ് ഉപദ്രവിച്ചത് എന്നാണ് പോലീസ് നിഗമനം. 83 കാരനായ റിച്ചാർഡ് മരണപ്പെടുകയും, ഭാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലുമാണ്. ഏകദേശം 301 മില്യൻ പൗണ്ടോളം ആണ് റിച്ചർഡിന്റെ ആസ്തി. അദ്ദേഹത്തിൻെറ മരണത്തെ സംബന്ധിച്ച് വ്യക്തമായ അന്വേഷണങ്ങൾ ഉണ്ടാകുമെന്ന് പോലീസ് അധികൃതർ ഉറപ്പു നൽകി.