മാതാവ് റിമാന്റിലായതിനെ തുടര്‍ന്ന് കോഴിക്കോട് സെന്റ് വിന്‍സെന്റ് ഹോമില്‍ പ്രവേശിപ്പിച്ച ഇരട്ടക്കുട്ടികളെ മാതാവിനൊപ്പം ജില്ലാ ജയിലിലേക്ക് മാറ്റി. ചൈല്‍ഡ്‌ലൈന്‍ അധികൃതരുടെ പ്രത്യേക ഉത്തരവുമായെത്തിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സെന്റ് വിന്‍സെന്റ് ഹോമില്‍ നിന്ന് കുട്ടികളെ ഏറ്റുവാങ്ങി ജില്ലാ ജയിലിലേക്ക് മാറ്റിയത്.

കവര്‍ച്ചക്കേസില്‍ അറസ്റ്റിലായ കുട്ടികളുടെ മാതാവിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഇവര്‍ക്ക് ഒമ്പത് മാസം പ്രായമുള്ള ഇരട്ട കുട്ടികളുള്ള വിവരം പോലീസ് കോടതിയെ അറിയിച്ചിരുന്നില്ല. തുടര്‍ന്ന് കോടതി ഇവരെ റിമാന്റ് ചെയ്യുകയായിരുന്നു. ഇതോടെ പിതാവിനൊപ്പം ഒറ്റപ്പെട്ട കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് കോഴിക്കോട് സെന്റ് വിന്‍സെന്റ് ഹോമിലേക്ക് മാറ്റിയത്.

ഒമ്പത് മാസം പ്രായമുള്ള ഇരട്ട കുട്ടികളുള്ള വിവരം മറച്ചുവച്ച് മാതാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യിപ്പിച്ച പോലീസ് നടപടി ക്രൂരമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോഴിക്കോട് ജില്ലാ പോലീസ് മേധാവിയോട് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസ് ആവശ്യപ്പെട്ടു. ഇരട്ട കുട്ടികളുള്ള കാര്യം കോടതിയെ അറിയിച്ചിരുന്നെങ്കില്‍ സ്ത്രീയെ ജാമ്യത്തില്‍ വിടുകയോ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുകയോ ചെയ്യുമായിരുന്നുവെന്ന് പി മോഹനദാസ് പറഞ്ഞു.

കോയമ്പത്തൂര്‍ സ്വദേശിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസാണ് കവര്‍ച്ച കുറ്റം ചുമത്തി ജയിലിലടച്ചത്. സംഭവത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു. വിരമിച്ച അസിസ്റ്റന്റ് കമ്മീഷണറുടെ വീട്ടില്‍ മൂന്ന് വര്‍ഷം മുമ്പ് കവര്‍ച്ച നടത്തിയെന്ന കുറ്റം ആരോപിച്ചാണ് കോയമ്പത്തൂര്‍ സ്വദേശിനിയായ ജയ(23)യെ കഴിഞ്ഞ ഏഴാം തിയതി രാവിലെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.

യുവതിയെ കുന്ദമംഗലം കോടതിയില്‍ ഹാജരാക്കുമ്പോള്‍ പിഞ്ചു കുട്ടികളുള്ള കാര്യം പോലീസ് അറിയിച്ചിരുന്നില്ല. തുടര്‍ന്ന് കോടതി മാതാവിനെ മാത്രമായി റിമാന്റ് ചെയ്തു. പിതാവ് കുട്ടികളെയും കൊണ്ട് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവിടെ നിന്നാണ് കുട്ടികളെ കോഴിക്കോട് സെന്റ് വിന്‍സെന്റ് ഹോമിലേക്ക് മാറ്റിയത്.

സംഭവത്തില്‍ ശിശുക്ഷേമ സമിതിയും കേസെടുത്തിട്ടുണ്ട്. ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ സി.ജെ. ആന്റണി ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തേടി. അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ കൃത്യമായി പാലിക്കാതെയാണ് മെഡിക്കല്‍ കോളേജ് പോലീസ് യുവതിയെ തിരൂരില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് ആരോപണമുണ്ട്.