പൂഞ്ഞാര്‍ പുല്ലപ്പാറയില്‍ കുരിശിനുമുകളില്‍ കുട്ടികള്‍ കയറി നിന്ന് ഫോട്ടോയെടുത്ത സംഭവത്തില്‍ പരാതി രമ്യമായി പരിഹരിച്ചു. ഈരാറ്റുപേട്ട പള്ളി ഇമാം ഉള്‍പ്പെടെ മഹല്ല് കമ്മിറ്റി ഈരാറ്റുപേട്ട സെന്റ് മേരീസ് ഫൊറോന പള്ളിയിലെത്തി കുട്ടികളുടെ പ്രവൃത്തിയില്‍ പുരോഹിതരോടും വിശ്വാസികളോടും ക്ഷമ ചോദിച്ചു. പള്ളയിങ്കണത്തില്‍ വൈദികര്‍ക്കൊപ്പം മഹല്ല് കമ്മിറ്റി അംഗങ്ങള്‍ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. കുരിശിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന വാര്‍ത്തകളെത്തിയതിനു പിന്നാലെ സാമുദായിക സംഘര്‍ഷം ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണം നടന്നിരുന്നു. തുടര്‍ന്നാണ് ഖേദപ്രകടനവുമായി മഹല്ല് കമ്മിറ്റി പള്ളിയിലെത്തിയത്. കൂടുതല്‍പോര്‍ വിളിക്കള്‍ക്കൊന്നും ഇടം നല്‍കാതെ ഇരുകൂട്ടരും പരാതി രമ്യമായി പരിഹരിക്കുകയായിരുന്നു.

മൂന്ന് മതവിഭാഗത്തില്‍പെട്ട കുട്ടികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സെന്റ് മേരീസ് പള്ളിയുടെ പരാതിയില്‍ 14 കുട്ടികളെ ഈരാറ്റുപേട്ട പൊലീസ് അറ്‌സറ്റ് ചെയ്തിരുന്നു. എന്നാല്‍, കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ സ്റ്റേഷനില്‍ വെച്ച് കേസ് ഒത്തുതീര്‍പ്പാക്കി. പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിന്റെ മധ്യസ്ഥതയിലായിരുന്നു ഇത്. കുരിശിനെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല കുട്ടികള്‍ ചിത്രമെടുത്തതെന്ന് പൊലീസ് പറഞ്ഞു. പൂഞ്ഞാര്‍ പള്ളിയിയിലെ വൈദികരോടും അധികാരികളോടും കുട്ടികള്‍ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ മാപ്പ് പറയണമെന്ന വ്യവസ്ഥയിന്മേലാണ് കേസ് ഒത്തുതീര്‍പ്പായത്. ജനപ്രതിനിധികള്‍, സമുദായ നേതാക്കള്‍, ഉദ്യോഗസ്ഥര്‍, കൈക്കാരന്മാര്‍, പള്ളികമറ്റിക്കാര്‍ എന്നിവരാണ് മത സൗഹാര്‍ദ്ദം മുന്‍നിര്‍ത്തിയുള്ള പ്രശ്‌ന പരിഹാരത്തിന് പിന്തുണയേകിയത്.

നേരത്തെ, കുരിശിനെ അപമാനിച്ചതില്‍ പൂഞ്ഞാര്‍ ഇടവക പ്രതിനിധിയോഗം പ്രതിഷേധം അറിയിച്ചിരുന്നു. മുഖ്യമന്ത്രി, ഡിജിപി, കോട്ടയം ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്കും സഭ പരാതി നല്‍കിയിരുന്നു. വിവിധയിടങ്ങളില്‍ കത്തോലിക്കാ സഭയുടെ യുവജന സംഘടനയായ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. സാഹചര്യം കൂടുതല്‍ വഷളാകുന്നതിനുമുമ്പ് പരാതി പരിഹരിക്കാനുള്ള മഹല്ല് കമ്മിറ്റിയുടെ ശ്രമങ്ങളെ സെന്റ് മേരിസ് പള്ളിയും അംഗീകരിക്കുകയായിരുന്നു.