ബിനോയ് എം. ജെ.

സർഗ്ഗം എന്ന വാക്കിന്റെയർത്ഥം സൃഷ്ടി എന്നാണ്. സൃഷ്ടി എപ്പോഴും ഈശ്വരനുമായി ബന്ധപ്പെട്ട് കിടക്കുന്നു. നമ്മുടെ ഉള്ളിലും ഈശ്വരൻ വസിക്കുന്നു. ആ ഈശ്വരനിൽ നിന്നും ആശയങ്ങളും അറിവും ശേഖരിക്കുമ്പോൾ നമ്മുടെ ഉള്ളിലെ സർഗ്ഗശേഷി ഉണരുന്നു. എല്ലാവരിലും സർഗ്ഗശേഷി ഉറങ്ങി കിടക്കുന്നു. പരിശ്രമത്തിലൂടെ അതിനെ ഉണർത്തിയെടുക്കുവാനാവും.

ഉള്ളിലെ ഈശ്വരനിൽ നിന്നും നാം ആശയങ്ങൾ സ്വീകരിക്കാൻ നമ്മുടെ ശ്രദ്ധ അൽപാൽപമായി ഉള്ളിലേയ്ക്ക് പോകേണ്ടിയിരിക്കുന്നു. സദാ ധ്യാനിച്ചു കൊണ്ടിരിക്കണമെന്നല്ല ഇതിനർത്ഥം. മറിച്ച് നമ്മുടെ ദൈനംദിന കാര്യങ്ങളിൽ ഏർപ്പെടുമ്പോഴും ചിന്തിക്കുമ്പോഴും പ്രശ്നങ്ങൾ പരിഹരിക്കുമ്പോഴും ഉള്ളിലേക്ക് ഒന്ന് നോക്കുക. വിജ്ഞാനം കുടികൊള്ളുന്നത് നമ്മുടെ പുറത്തല്ല മറിച്ച് അത് നമ്മുടെ ഉള്ളിൽ തന്നെയാണ് എന്ന ഒരു ബോധ്യം വളർത്തിയെടുക്കുക. സംശയങ്ങളും ജിജ്ഞാസയും ഉണ്ടാകുമ്പോൾ , അവ എത്ര തന്നെ ഗൗരവമുള്ളവ ആണെങ്കിലും, നിങ്ങളുടെ ഉള്ളിലേയ്ക്ക് കടന്നു ചെല്ലട്ടെ. ചിന്തിച്ചു നോക്കുക.

ഈ പ്രക്രിയ സംഭവിക്കണമെങ്കിൽ നമുക്ക്, നമ്മോട് തന്നെ നല്ല ബഹുമാനം ഉണ്ടായിരിക്കണം. ഞാൻ ഒരു പുഴുവല്ലെന്നും ,മറിച്ച് എൻെറയുള്ളിൽ ഈശ്വരൻ തന്നെയാണ് വസിക്കുന്നതെന്നും, എന്റ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉള്ള കഴിവും പ്രാപ്തിയും എനിക്കുണ്ടെന്നും എനിക്ക് എന്റേതായ ഒരു വ്യക്തിത്വവും തത്വചിന്തയും ഉണ്ടെന്നും എൻെറ ജീവിതം എനിക്കിഷ്ടമുള്ളതുപോലെ കൊണ്ടുപോകുവാനുള്ള അവകാശം എനിക്കുണ്ടെന്നും പറഞ്ഞുകൊണ്ട് നാം നമ്മിലേക്കു തന്നെ തിരിയുമ്പോൾ നമ്മിലെ സർഗ്ഗശേഷി ഉണർന്നു തുടങ്ങുന്നു.

സർഗ്ഗശേഷി ഉണരുന്നതിനുള്ള ഏറ്റവും വലിയ തടസ്സം അനുകരണവാസനയാകുന്നു. നാം മറ്റുഉള്ളവരെ അനുകരിക്കുമ്പോൾ നമ്മുടെ ഉള്ളിൽ നിന്നും വരുന്ന വിജ്ഞാനം മറയ്ക്കപ്പെടുന്നു. അനുകരണം എപ്പോഴും പുറത്തേക്ക് നോക്കുവാനുള്ള ഒരു പരിശ്രമമാണ്. എങ്ങനെ ജീവിക്കണമെന്നറിയുന്നതിനു വേണ്ടി പുറത്തേക്ക് നോക്കുന്നയാൾ ഉള്ളിൽ വസിക്കുന്ന ഈശ്വരനെ നിന്ദിക്കുന്നു. അവർ കാലക്രമേണ സമൂഹത്തിന്റെ അടിമകളായി മാറുന്നു. വിലക്കുകളും ഉപാധികളും നിറഞ്ഞ സമൂഹത്തിൽ നാം നാമല്ലാതായി തീരുമ്പോൾ നമ്മിലെ സൃഷ്ടിപരമായ കഴിവുകൾ നിഷ്ക്രിയമായി ഭവിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം സമൂഹത്തെക്കാൾ പ്രധാനപ്പെട്ടത് ഞാൻ തന്നെയാണെന്നും സമൂഹത്തിന് നൽകുവാൻ എനിക്ക് ഒരു സംഭാവന ഉണ്ടെന്നും ഞാൻ മനസ്സിലാക്കുമ്പോൾ എന്നിലെ സർഗ്ഗശേഷി ഉണർന്നു തുടങ്ങുന്നു.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.