യുകെയിലെ ഗ്യാസ്, വൈദ്യുതി മാർക്കറ്റ് നിയന്ത്രിക്കുന്ന ഓഫ്‌ഗം, പ്രൈസ് ക്യാപ് കുറയ്ക്കുന്നു. സാധാരണഗതിയിൽ ഉയർന്ന നിരക്കാണ് ഗ്യാസിനും വൈദ്യുതിയ്ക്കും ഓഫ്ഗം ഇടാക്കുന്നത്. എന്നാൽ പ്രൈസ് ക്യാപ് കുറയ്‌ക്കുന്നതോടെ ദശലക്ഷക്കണക്കിന് ബ്രിട്ടീഷ് കുടുംബങ്ങൾക്കുള്ള  ബില്ലുകളിൽ 75 പൗണ്ട് കുറയും. 11മില്യൺ കുടുംബങ്ങളുടെ ശരാശരി വാർഷിക വൈദ്യുതി ബിൽ ഈ ഒക്ടോബർ മുതൽ മാർച്ച്‌ വരെ 1254 പൗണ്ടിൽ നിന്നും 1179 പൗണ്ട് ആയി കുറയുമെന്നാണ് ഓഫ്ഗം അറിയിച്ചിരിക്കുന്നത്. പ്രീ പെയ്ഡ് മീറ്ററുകൾക്ക് പ്രത്യേക പ്രൈസ് ക്യാപ് ആയിരിക്കും. ഈ  ബില്ലിൽ 25 പൗണ്ട് ആണ് കുറയുന്നത്. ഇത് എകദേശം 4 മില്യൺ കുടുംബങ്ങൾക്ക് പ്രയോജനപ്പെടും. പ്രീ പെയ്ഡ് മീറ്റർ ഉപഭോക്താക്കൾ 1217 പൗണ്ട് അടയ്ക്കണം. 2019 ജനുവരി 1ന്, മേയുടെ സർക്കാരിന്റെ കീഴിലാണ് ഈ പ്രൈസ് ക്യാപ് കൊണ്ടുവന്നത്. ഇത് ഏപ്രിലിൽ പുതുക്കുകയുണ്ടായി.അടുത്ത പ്രൈസ് ക്യാപ് പുതുക്കൽ ആണ് ഈ ഒക്ടോബറിൽ വരുന്നത്.

എനർജി സൂപ്പർ മാർക്കറ്റിലെ  വിദഗ്ധനായ സ്റ്റീഫൻ മുറെ പറഞ്ഞു ” പുതിയ ക്യാപ്പും ഉയർന്നതാണ്. ഇതിലും വിലകുറഞ്ഞ താരിഫുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ” ഈ ഒരു മാറ്റത്തിനെതിരെ പലരും രംഗത്ത് വന്നു. കൺസ്യൂമർ ഗ്രൂപ്പ്‌ ആയ ‘ വിച്ച് ‘ന്റെ തലവൻ നടാലി ഹിറ്റ്കിൻസ് ഇപ്രകാരം അഭിപ്രായപ്പെട്ടു. “പ്രൈസ് ക്യാപ് കുറച്ചാൽ ചില വീടുകൾക്ക് അത് ആശ്വാസമാകും. എന്നാൽ ഭൂരിഭാഗം പേരും ഒരു വർഷം ഉയർന്ന നിരക്ക് തന്നെ നൽകേണ്ടിവരും.” കംപെയർ ദി മാർക്കറ്റ് ഡോട്ട് കോമിന്റെ കണക്കുകൾ പ്രകാരം ഇപ്പോൾ കുറച്ച പ്രൈസ് ക്യാപും വിപണിയിലെ ഉയർന്ന സ്ഥിര താരിഫിനെകാൾ 228 പൗണ്ട് കൂടുതലാണ്. ഈ പ്രൈസ് ക്യാപ് നല്ലതുപോലെ മുന്നോട്ട് പോകുന്നെന്ന് ഓഫ്‌ഗം തലവൻ ഡെർമോട് നോളൻ പറഞ്ഞു. ഈ പ്രൈസ് ക്യാപ് തങ്ങളുടെ കച്ചവടത്തെ ബാധിച്ചുവെന്ന് സെന്ററികാ പോലുള്ള പ്രമുഖ കമ്പനികൾ ആരോപിച്ചു.