കൊവിഡ് 19 വൈറസിനെ തുടര്‍ന്ന് ഉണ്ടായ ലോക്ക് ഡൗണ്‍ കാരണം ആദ്യം നിശ്ചലമായ മേഖലകളില്‍ ഒന്നാണ് സിനിമാ മേഖല. സിനിമാമേഖല നേരിടുന്ന പ്രതിസന്ധി പരിഗണിച്ച് താരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന ആവശ്യം ചര്‍ച്ച ചെയ്യാനായി നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും. രാവിലെ പതിനൊന്നു മണിക്കാണ് യോഗം ചേരുന്നത്. താരങ്ങള്‍ ഇരുപത്തിയഞ്ചു ശതമാനമെങ്കിലും പ്രതിഫലം കുറക്കണമെന്നാണ് നിര്‍മ്മാതാക്കളുടെ ആവശ്യം.

യോഗത്തിനു ശേഷം സംഘടന താര സംഘടനായ എഎംഎംഎ, ഫെഫ്ക തുടങ്ങിയ സംഘടനകളുമായും ഇക്കാര്യം ചര്‍ച്ച ചെയ്യും. നിര്‍മ്മാതാക്കളുടെ ആവശ്യത്തിന് ഫെഫ്ക നേരത്തേ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.

നിലവില്‍ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ ഒരു സിനിമയ്ക്ക് കോടികളാണ് പ്രതിഫലം വാങ്ങുന്നത്. സാറ്റലൈറ്റ് വിലയുള്ള മറ്റ് നടന്‍മാര്‍ക്ക് 75 ലക്ഷത്തിന് മുകളിലുമാണ് പ്രതിഫലം. എന്നാല്‍ ഇപ്പോളത്തെ സാഹചര്യത്തില്‍ ഇങ്ങനെ മുന്നോട്ടുപോകാനാവില്ലെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. അതേസമയം പ്രതിഫലം സംബന്ധിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഔദ്യോഗികമായി പറയാതെ ഇക്കാര്യത്തില്‍ ഒന്നും പ്രതികരിക്കാനില്ലെന്നാണ് താര സംഘടന പ്രതികരണം.

അതേസമയം സര്‍ക്കാര്‍ നിലവില്‍ ഇന്‍ഡോര്‍ ഷൂട്ടിംഗിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഔട്ട്ഡോര്‍ ഷൂട്ടിംഗിന് കൂടി അനുമതി ലഭിച്ചതിന് ശേഷം മാത്രമേ ചിത്രീകരണം ആരംഭിക്കുകയുള്ളൂ എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഷൂട്ടുകള്‍ ഒരുമിച്ച് നടന്നില്ലെങ്കില്‍ വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.