മണമ്പൂര്‍ സുരേഷ്

ലണ്ടന്‍: ഡയബറ്റിസിനെത്തുടര്‍ന്ന് വരുന്ന അന്ധത തടയാന്‍ 51 കോടി രൂപയുടെ ആരോഗ്യ പദ്ധതിയുമായി മലയാളി ഡോക്ടര്‍ പ്രൊഫ. ശോഭ ശിവപ്രസാദ് ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലേക്ക്. വര്‍ക്കല തച്ചോട് സ്വദേശിനിയായ പ്രൊഫ. ശോഭ ശിവപ്രസാദ് ലോകപ്രസിദ്ധമായ ലണ്ടനിലെ മൂര്‍ഫീല്‍ഡ് ഐ ഹോസ്പിറ്റലിലെയും, യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന് കീഴിലുള്ള ഇന്‍സറ്റിറ്റിയൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലെയും നേത്രരോഗ വിദഗ്ദ്ധയാണ്.

ഡയബറ്റിസിനെത്തുടര്‍ന്ന് വരുന്ന അന്ധത വളരെ ചെലവു കുറഞ്ഞ പരിശോധനകളിലൂടെ തടയാന്‍ സഹായിക്കാനാണ് Global Challenges Research Fundല്‍ നിന്നും 51 കോടി രൂപയുടെ ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഇപ്പോഴത്തെ രീതിയിലുള്ള ചെലവേറിയ ടെസ്റ്റുകള്‍ നടത്തി അന്ധതയിലേക്കു നയിക്കുന്ന ഡയബറ്റിക് റെറ്റിനോപ്പതി എന്ന രോഗം തടയാന്‍ സാധാരണക്കാര്‍ക്ക് കഴിയില്ല. ഇന്ത്യയിലെ, ഡയബറ്റിസ് ഉള്ളവരില്‍ 18-35% ജനങ്ങള്‍ക്ക് കണ്ണിന്റെ ഈ ടെസ്റ്റ് ലഭിക്കാറില്ലെന്നു കണക്കാക്കപ്പെടുന്നു. അങ്ങനെ അവര്‍ അന്ധതയിലേക്കു നീങ്ങുന്നു.

ചെലവേറിയ ടെസ്റ്റുകള്‍ക്കു പകരം വളരെ ചെലവു ചുരുങ്ങിയ, കയ്യില്‍ വച്ചു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ക്യാമറ ഉപയോഗിച്ചുള്ള കണ്ണിന്റെ റെറ്റിനയുടെ ടെസ്റ്റും, ബ്ലഡ് ടെസ്റ്റുകളും നടപ്പാക്കാന്‍ വേണ്ടിയുള്ള സഹായമാണ് ഈ പദ്ധതി നല്‍കുന്നത്. ഈ ചെലവു ചുരുങ്ങിയ പരിശോധനാ രീതി ഇന്ത്യയില്‍ വിജയിച്ചാല്‍ ഇപ്പോള്‍ ചെലവു കൂടിയ ടെസ്റ്റുകള്‍ നടത്തുന്ന ബ്രിട്ടനിലേക്കും ഇത് നടപ്പാക്കുക എന്നതാണ് അടുത്ത ലക്ഷ്യം. ഇതിന്റെ ഭാഗമായി ഓരോ രോഗിയുടെയും ആരോഗ്യ വിവരങ്ങളുടെ റെക്കോഡുകള്‍ സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഈ പദ്ധതി അടിവരയിടുന്നു. ഒപ്പം ഈ ടെസ്റ്റുകള്‍ നടത്താനുള്ള ചുമതല ഡോക്ടര്‍മാരില്‍ നിന്നും നഴ്‌സുമാരിലേക്ക് കൊണ്ട് വരാനും ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നു. ആശാ വര്‍ക്കേഴ്‌സ് മുഖാന്തിരം ജനങ്ങളെ ബോധവല്‍ക്കരിക്കാനും പരിപാടി ഉണ്ട്.

വിജയിക്കുമെങ്കില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ ഉള്‍പ്പടെയുള്ളവ ഉപയോഗിച്ച് വളരെ ചെലവു ചുരുങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ കണ്ണിന്റെ റെറ്റിനയുടെ പടമെടുത്ത് വളരെ നേരത്തെ പരിശോധന നടത്തി ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക് ഈ രോഗം കണ്ടു പിടിച്ചു ചികിത്സിച്ചു അന്ധതയില്‍ നിന്നും രക്ഷ നേടാന്‍ കഴിയും. കഴിഞ്ഞ ഒക്ടോബറില്‍ ലണ്ടനിലെ പാര്‍ലമെന്റ് സമുച്ചയത്തിലെ ഹൗസ് ഓഫ് ലോഡ്‌സില്‍ വച്ച് കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജയും കേരളത്തിലെ മറ്റു മൂന്നു ആരോഗ്യ വകുപ്പ് വിദഗ്ദ്ധരും പങ്കെടുത്ത പരിപാടിയില്‍ വച്ച് ഔദ്യോഗികമായി ഈ പ്രൊജക്ടിന്റെ ഉദ്ഘാടനം ഇതിന്റെ അന്തര്‍ദ്ദേശീയ ഉപദേശക സമിതി ചെയര്‍മാന്‍ ലോഡ് കമലേഷ് പട്ടേല്‍ നിര്‍വഹിച്ചു.

”ഡയബറ്റിസ് ഉള്ള ഓരോരുത്തരും ഓരോ വര്‍ഷവും ടെസ്റ്റ് നടത്തിയാല്‍ ഒരു രാജ്യമെന്ന നിലയില്‍ അന്ധത ഒഴിവാക്കാനുള്ള സാധ്യത ഏറെയാണെന്ന്” പ്രൊഫ ശോഭ ശിവപ്രസാദ് പറഞ്ഞു. ”വളരെ വിപുലമായ പരിശോധനകള്‍ ഒഴിവാക്കി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴി പരിശോധനകള്‍ നടത്തി അന്ധത എന്ന അവസ്ഥയില്‍ കാര്യമായി ഇടപെടാന്‍ ശ്രമിക്കുകയാണ് ഈ പദ്ധതി”.

”ഈ രംഗത്തെ അതിവിദഗ്ദ്ധരായ പണ്ഡിതരും, ശാസ്ത്രജ്ഞരുമാണ് കേരള സര്‍ക്കാരുമായി സഹകരിച്ച് കാലേകൂട്ടി ഈ അസുഖം കണ്ടു പിടിക്കാനും, തടയാനും പദ്ധതി ഇടുന്നത്” എന്ന് ലോഡ് കമലേഷ് പട്ടേല്‍ പറഞ്ഞു.

ആരോഗ്യ വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ IAS പ്രൊഫ ശോഭ നയിക്കുന്ന ലണ്ടനില്‍ നിന്നുള്ള വിദഗ്ധ ടീമുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. ലോഡ് പട്ടേല്‍ ചെയര്‍മാന്‍ ആയ ഈ പ്രോജക്ടിന്റെ ഇന്റര്‍നാഷനല്‍ അഡൈ്വസറി ബോഡില്‍ മെമ്പറും ആണദ്ദേഹം.

തൃപ്പൂണിത്തറ സ്വദേശിയും ലണ്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റില്‍ പൊതുജനാരോഗ്യം എന്ന വിഷയത്തിലെ പ്രൊഫസറും ആയ ഡോ ഗോപാലകൃഷ്ണന്‍ നെട്ടുവേലി ലണ്ടനില്‍ നിന്നുള്ള വിദഗ്ധ സമിതിയിലെ മറ്റൊരു മലയാളി അംഗമാണ്. ഇന്ത്യയിലെ ഗവേഷകര്‍ക്ക് പരിശീലനം നല്‍കുകയും പൊതുജനാവബോധം ഉണ്ടാക്കിയെടുക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ ചുമതല.

ഇന്ത്യയില്‍ ഇപ്പോള്‍ 7 കോടിയോളം ജനങ്ങള്‍ക്കാണ് ഡയബറ്റിസുള്ളത്. അത്രത്തോളം പേര്‍ക്ക് ഡയബറ്റിസ് വരാന്‍ സാധ്യതയും ഉണ്ട്. ഇതില്‍ കേരളം ഡയബറ്റിക് ക്യാപിറ്റല്‍ എന്ന സ്ഥാനപ്പേരുമായി മുന്നില്‍ നില്‍ക്കുന്നു. കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ വച്ച് ഡയബറ്റിസ് ഉള്ളവരെ വളരെ ചുരുങ്ങിയ ചെലവില്‍ സമയത്ത് തന്നെ പരിശോധിച്ച് അന്ധതയിലേക്കു നീങ്ങുന്ന ഡയബറ്റിക് റെറ്റിനോ തെറാപ്പി ഉള്ളവരെ രണ്ടാം ഘട്ട ചികിത്സാ കേന്ദ്രങ്ങളായ മറ്റു ഗവ ആശുപത്രികളിലേക്കും മറ്റു വ്യവസ്ഥാപിത സ്ഥാപനങ്ങളിലേക്കും റഫര്‍ ചെയ്യുക എന്ന നടപടിയാണ് ആവിഷ്‌ക്കരിക്കാന്‍ പോകുന്നത്. അവിടെ ഇപ്പോഴുള്ള സ്റ്റാഫിനു ട്രെയിനിംഗ് കൊടുത്തു ചികിത്സ നടത്തുക എന്നതാണ് ലക്ഷ്യം. ഒപ്പം ആശാ വര്‍ക്കേഴ്‌സ് മുഖാന്തിരം ജനങ്ങളെ പ്രബുധരാക്കാനും കഴിയും.

പ്രൊഫ ശോഭ ശിവപ്രസാദ്

ഈ വലിയ പ്രോജക്ടിലൂടെ നാടുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം ഊട്ടിയുറപ്പിക്കുകയാണ് വര്‍ക്കല ശിവഗിരിക്ക് അടുത്തു തച്ചോട് ശിവദേവിയില്‍ ശിവപ്രസാദ് ദമ്പതികളുടെ മകളായ പ്രൊഫ ശോഭ ശിവപ്രസാദ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മെഡിസിന് പഠിക്കുകയും അവിടെ തന്നെ റീജിയണല്‍ ഇന്‍സ്ടിട്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ നിന്നും എംഎസ് ഒഫ്താല്‍മോളജി എടുക്കുകയും ചെയ്ത ഡോ. ശോഭ കഴിഞ്ഞ 20 വര്‍ഷമായി ലണ്ടനില്‍ ഡയബറ്റിസിന്റെയും വാര്‍ദ്ധക്യത്തിന്റെയും മേഖലയിലെ നേത്രാന്തര സിരാ പടലങ്ങളുടെ (റെറ്റിന) ഗവേഷണത്തില്‍ ആഗോള നേതൃത്വം കൊടുത്തുകൊണ്ട് പ്രവര്‍ത്തിക്കുന്നു. മൂര്‍ഫീല്‍ഡ് ഐ ഹോസ്പിറ്റലിന്റെയും, യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്റെയും ലോക പ്രസിദ്ധമായ ഗവേഷണത്തിനും, നവീനവും പുതിയ വഴിയൊരുക്കുന്നതുമായ ചികിത്സാ പദ്ധതികള്‍ക്കും നേതൃത്വം കൊടുക്കുന്ന ഈ ഡോക്ടറെ നിരവധി അന്താരാഷ്ട്ര ബഹുമതികള്‍ തേടിയെത്തിയിരുന്നു.

ലണ്ടനില്‍ ഇഎന്‍ടി സ്‌പെഷ്യലിസ്റ്റ് ആയ ഭര്‍ത്താവ് കഴക്കൂട്ടത്തുകാരനായ ഡോ. സെന്നിന്റെ പൂര്‍ണ പിന്തുണ ഡോ. ശോഭയുടെ വിജയങ്ങള്‍ക്ക് പിന്നിലുണ്ട്. ഡോ. സെന്നിന്റെ പിതാവ് തിരുവനന്തപുരത്ത് കഴക്കൂട്ടത്തെ പ്രസിദ്ധമായ അലന്‍ ഫെല്‍ഡ്മാന്‍ സിബിഎസഇ പബ്ലിക് സ്‌കൂളിന്റെ സ്ഥാപകരില്‍ ഒരാളായ പ്രസിദ്ധ അധ്യാപകനായിരുന്ന അന്തരിച്ച പി. പുരുഷോത്തമനാണ്. മരുമകള്‍ മെഡിക്കല്‍ ഗ്രന്ഥങ്ങള്‍ എഴുതണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. പക്ഷെ അതിനെക്കാളും മുന്നോട്ടു പോകാന്‍ കഴിഞ്ഞതില്‍ തീര്‍ച്ചയായും അദ്ദേഹം അഭിമാനിക്കുമായിരുന്നുവെന്ന് ഡോ. ശോഭ പറയുമ്പോള്‍ അതില്‍ എളിമയുടെ ചിന്തയാണ് നിറയുന്നത്.

ഡോ. ഗോപാലകൃഷ്ണന്‍ നെട്ടുവേലി

തൃപ്പൂണിത്തുറ സ്വദേശിയായ പ്രൊഫ. ഗോപാലകൃഷ്ണന്‍ കോട്ടയം സിഎംഎസ് കോളേജില്‍ നിന്നും ബിഎസ്‌സി എടുത്ത ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ദന്തചികിത്സയില്‍ ഡിഗ്രി എടുക്കുകയും ചണ്ഡീഗഡിലെ PGIയില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ പഠിക്കുകയും ചെയ്തു. കുട്ടികളുടെ ദന്തചികിത്സയില്‍ ഇന്ത്യയിലും വിദേശത്തും അധ്യാപകനായിരുന്നു. മഹാത്മാഗാന്ധി പഠിച്ച, സ്ത്രീകള്‍ക്ക് ആദ്യമായി യൂണിവേഴ്‌സിറ്റി പ്രവേശനം നല്‍കിയ ലോകപ്രസിദ്ധമായ യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനില്‍ ”പബ്ലിക് ഹെല്‍ത്ത് ആന്റ് എപ്പിഡെമിയോളജിയില്‍” പിഎച്ച്ഡി ചെയ്യാനാണ് പ്രൊഫ. ഗോപാലകൃഷ്ണന്‍ ലണ്ടനില്‍ എത്തുന്നത്. അത് ഗവേഷണ രംഗത്തെ ഔദ്യോഗിക പദവിയിലേക്ക് നയിച്ചു. ലോകനിലവാരം പുലര്‍ത്തുന്ന മറ്റൊരു യൂണിവേഴ്‌സിറ്റിയായ ഇമ്പീരിയല്‍ കൊളെജിലായി തുടര്‍ന്നുള്ള പത്ത് വര്‍ഷത്തെ ഔദ്യോഗിക ജീവിതം. ഇപ്പോഴും ഈ രണ്ടു യൂണിവേഴ്‌സിറ്റികളിലും ഓണററി പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്നു. ഒപ്പം യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റില്‍ പ്രൊഫസര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് പദവിയില്‍ ഔദ്യോഗിക ജീവിതവും തുടരുന്നു.

നല്ലൊരു നാടകകൃത്തും എഴുത്തുകാരനുമായ ഡോ. ഗോപാലകൃഷ്ണന്‍ ശ്രീരാമനെ ആധുനുക കാലഘട്ടത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട് പുരുഷ മേധാവിത്വത്തെ വിലയിരുത്തിയ നാടകം വളരെ പ്രശംസ നേടിയിരുന്നു. പ്രസിദ്ധ എഴുത്തുകാരനും ചിന്തകനും ആയ എന്‍.എസ്. മാധവന്റെ അനുജനാണ്. ഭാര്യ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിച്ച ശേഷം ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്നു. ”തന്നെ വളര്‍ത്തിയ നാട്ടിനു ഒരു ചെറിയ പങ്കെങ്കിലും ഈ പ്രൊജക്ടിലൂടെ മടക്കി നല്‍കാന്‍ കൃതാര്‍ത്ഥതയോടെ ഉറ്റു നോക്കുകയാണ്” ഡോ. ഗോപാലകൃഷ്ണന്‍ നെട്ടുവേലി.