കൊച്ചിയില്‍ യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പകര്‍ത്തിയ ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ചണ്ഡിഗഡിലെ കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലാബിലാണു ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചത് നടന്‍ ദിലീപിന്റെ ഹര്‍ജിയിലാണു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. റിപ്പോര്‍ട്ട് ദിലീപിന്റെ അഭിഭാഷകനു കൈമാറി. ഓടുന്ന വാഹനത്തിനുള്ളില്‍ യുവനടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പു ലഭിക്കാന്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം തള്ളിയ സുപ്രീം കോടതി ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ പ്രതിഭാഗത്തിന് അനുവാദം നല്‍കി.

ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കും വരെ സാക്ഷി വിസ്താരം നിര്‍ത്തിവയ്ക്കാനായി ദിലീപ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസിലെ നിര്‍ണായക സാക്ഷിയായ നടി രമ്യാ നമ്പീശനെയും നടനും സംവിധായകനും നിര്‍മാതാവുമായ ലാലിന്റെ ജീവനക്കാരന്‍ സുജിത്ത്, രമ്യയുടെ സഹോദരന്‍ രാഹുല്‍ എന്നിവരെ വെള്ളിയാഴ്ച വിസ്തരിച്ചു. എന്നാല്‍ പി.ടി. തോമസ് എംഎല്‍എ, സിനിമാ നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവര്‍ അവധി അപേക്ഷ നല്‍കി വിട്ടുനിന്നു.

അതേസമയം രമ്യാ നമ്പീശന്റെ സാക്ഷി വിസ്താരം പ്രത്യേക കോടതിയില്‍ പൂര്‍ത്തിയാകുമ്പോൾ പ്രോസിക്യൂഷന്‍ കൂടുതല്‍ പ്രതീക്ഷയില്‍. പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരമാണ് നടക്കുന്നത്. സിനിമ പ്രവര്‍ത്തകര്‍ അടക്കം 136 സാക്ഷികളെയാണ് ആദ്യഘട്ടം വിസ്തരിക്കുന്നത്. നടിയുടെയും ബന്ധുക്കളുടെയും വിസ്താരം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ആരും മൊഴി മാറ്റിയില്ല. അതിവേഗത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 90 ദിവസത്തിനുള്ളില്‍ വിചാരണ കഴിയും. കേസിലെ മുഖ്യ സാക്ഷിയും ഇരയുമായ നടിയടക്കമുള്ളവരുടെ ക്രോസ് വിസ്താരം അടുത്തയാഴ്ച ആരംഭിക്കാന്‍ കോടതി കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകനോടു നിര്‍ദ്ദേശിച്ചു.

ബി രാമന്‍പിള്ളയാണ് ദിലീപിന്റെ വക്കീല്‍. തന്റെ ആവനാഴിയിലെ അടവുകളെല്ലാം ഇരയ്‌ക്കെതിരെ വക്കീല്‍ പുറത്തിറക്കാന്‍ സാധ്യത ഏറെയാണ്. സാക്ഷിവിസ്താരം ഏഴുദിവസം പിന്നിട്ടപ്പോള്‍ പ്രോസിക്യൂഷന്‍ സാക്ഷികളാരും ഇതുവരെ കൂറുമാറിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം കേസിൽ രമ്യാ നമ്പീശന്റെ മൊഴി അതി നിര്‍ണ്ണായകമാണ്. നടിയെ ആക്രമിച്ച സംഘത്തില്‍ ദിലീപ് ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തില്‍ ബുദ്ധികേന്ദ്രം ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ വാദം. നടിയെ ആക്രമിച്ച ദിവസം ദിലീപ് നടത്തിയ ഫോണ്‍ വിളികളും നടന് വിനയായി. നടി ആക്രമിക്കപ്പെട്ട ദിവസം തനിക്ക് അസുഖമാണെന്നായിരുന്നു ദിലീപ് പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഈ ദിവസം രാത്രി ദിലീപ് രാത്രി രണ്ടര മണി വരെ ഫോണില്‍ പലരോടും സംസാരിക്കുകയായിരുന്നു. നാല് പേരെയാണ് ദിലീപ് പ്രധാനമായും വിളിച്ചത്. അസുഖമായിരുന്നുവെങ്കില്‍ എന്തിനായിരുന്നു ഈ വിളികള്‍ എന്നാണ് പൊലീസിന്റെ ചോദ്യം. നടി ആക്രമിക്കപ്പെട്ട കാര്യം പിറ്റെ ദിവസം രാവിലെ നിര്‍മ്മാതാവ് ആന്റോ ആന്റണി വിളിച്ചപ്പോഴാണ് അറിഞ്ഞതെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്.

13 സെക്കന്‍ഡ് മാത്രം നില നിന്ന ആ കോളായിരുന്നു ദിലീപിനെതിരായ സംശയം ബലപ്പെടാനുള്ള പ്രധാന കാരണമായിരുന്നെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കോടതിയില്‍ പൊലീസ് നിരത്തിയ തെളിവുകള്‍ ദിലീപിന് തിരിച്ചടിയാണ്. സംഭവം നടന്ന ദിവസം രാത്രി രമ്യാ നമ്പീശന്റെ വീട്ടിലെ ലാന്റ് ഫോണിലേക്ക് ദിലീപിന്റെ വീട്ടിലെ ലാന്റ് ലൈനില്‍ നിന്നും കോള്‍ പോയിരുന്നു. ഇത് എന്തിന് വേണ്ടിയാണെന്നോ ആരാണ് വിളിച്ചതെന്നോ ദിലീപ് കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തായ രമ്യയുടെ വീട്ടിലേക്ക് വിളിച്ചത് വെറുതേയല്ലെന്ന് തെളിവുകള്‍ നിരത്തി പൊലീസ് വാദിക്കുന്നു.

പനിയായതിനാല്‍ വിശ്രമിച്ചെന്ന് പറഞ്ഞ അന്ന് രാത്രി 12 അര വരെ ദിലീപ് പലരുമായും ഫോണില്‍ സംസാരിച്ചു. പനികാരണം വിശ്രമിക്കുന്ന ആളാണോ പാതിരാത്രി വരെ പലരുമായും ഫോണില്‍ സംസാരിച്ചതെന്ന ചോദ്യത്തിനും ദിലീപിന് ഉത്തരമില്ലായിരുന്നു. ആക്രമിക്കുന്നത് ക്വട്ടേഷനാണെന്ന കാര്യം പള്‍സര്‍ നടിയോട് പറഞ്ഞിരുന്നു. ക്വട്ടേഷന്‍ നല്‍കിയ ആള്‍ നിങ്ങളെ വിളിക്കും എന്നും പറഞ്ഞിരുന്നു. രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോയ ഫോണ്‍കോളിന് ഇതുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സമര്‍ത്ഥിച്ചത്. ദിലീപിന്റെ ഫോണ്‍കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് സുപ്രധാന വിവരം പൊലീസിന് ലഭിച്ചത്. തൃശൂരില്‍ നിന്ന് രമ്യയുടെ കൊച്ചിയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടതെന്നതും ദിലീപിനെ കുരുക്കിലാക്കി. അതുകൊണ്ട് തന്നെ രമ്യയുടെ മൊഴി അതിനിര്‍ണ്ണായകമാണ്.