സ്വന്തം ലേഖകൻ

സതാംപ്ടൺ : കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിലെ എട്ട് പ്രദേശങ്ങളിൽ കൊറോണ വൈറസ് ബാധ ഉയർന്നതായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) വെളിപ്പെടുത്തൽ. എട്ടിടങ്ങളുടെയും പേരുവിവരങ്ങൾ അവർ പുറത്തുവിട്ടു. സതാംപ്ടൺ പോലുള്ള പ്രദേശങ്ങളിൽ ജൂലൈ 5 വരെ കേസുകളിൽ കടുത്ത വർധനയുണ്ടായി. ജനസംഖ്യയുടെ ഒരു ലക്ഷത്തിൽ എത്ര കേസുകൾ ഉണ്ടെന്ന് പിഎച്ച്ഇയിൽ നിന്നുള്ള ഡേറ്റയിൽ തെളിഞ്ഞുകാണാം. കഴിഞ്ഞ ആഴ്ചയിലേക്കാളും കേസുകളിൽ ഗണ്യമായ വർധനവാണ് സതാംപ്ടണിലും ബ്രോംലിയിലും ഉണ്ടായത്. കോവിഡ് കേസുകൾ ഉയർന്നുനിൽക്കുന്ന ഇംഗ്ലണ്ടിലെ എട്ടു പ്രദേശങ്ങൾ ഇവയാണ് ; Southampton, Bromley, Islington, Kirklees, Blackburn and Darwen, Hackney, Bury, Hillingdon.

സതാംപ്ടണിൽ കഴിഞ്ഞ ആഴ്ചയിലെ 0.4 ശതമാനത്തിൽ നിന്ന് 4.8 ശതമാനത്തിന്റെ വർധനയുണ്ടായി. ബ്രോംലിയിലെ രോഗനിരക്ക് 0.6 ൽ നിന്ന് 2.1 ആയി ഉയർന്നു. ബാക്കിയുള്ള പ്രദേശങ്ങളിലും സ്ഥിതി രൂക്ഷമാണ്. അതിനാൽ തന്നെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. യുകെയിൽ ഇതുവരെ 44,000 ത്തിലധികം ആളുകൾ കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞു. പിഎച്ച്ഇയിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് ചില പ്രദേശങ്ങളിൽ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്. ഈ എട്ടു പ്രദേശങ്ങളെ കൂടാതെ മറ്റു ചിലയിടങ്ങളിലും കേസുകൾ ഉയർന്നു. Gateshead, Lambeth, Hampshire, Coventry, Newham തുടങ്ങിയ പ്രദേശങ്ങൾ അവയിൽ പെടുന്നു. കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് അധികാരികൾ. കോവിഡിനെതിരായ യുകെയുടെ പോരാട്ടത്തിൽ ഭീഷണി പടർത്തുന്ന ഈ ഹോട്ട്‌സ്പോട്ടുകളെ ആരോഗ്യ ഉദ്യോഗസ്ഥർ ഇപ്പോൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ലെസ്റ്ററ്റിൽ പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. നിയന്ത്രണങ്ങൾ എപ്പോൾ നീക്കുമെന്ന് തീരുമാനിക്കാൻ രണ്ടാഴ്ചത്തെ സ്ഥിരമായ ഡേറ്റ ആവശ്യമാണെന്ന് സർക്കാർ ഈ ആഴ്ച അറിയിച്ചു.

ജിമ്മുകൾ, ബ്യൂട്ടി സലൂണുകൾ, നീന്തൽക്കുളങ്ങൾ എന്നിവയ്ക്ക് വരും ആഴ്ചകളിൽ പ്രവർത്തനം പുനരാരംഭിക്കാമെന്ന് ഇന്നലെ സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ കർശനമായി സാമൂഹിക അകലം പാലിക്കണം. അതേസമയം, ടാക്സി ഡ്രൈവർമാർ, ക്ലീനർമാർ, ഷോപ്പ് വർക്കർമാർ എന്നിവരുൾപ്പെടെയുള്ളവരെ രോഗ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെങ്കിലും പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വൈറസ് പിടിപെടാൻ ഇവർക്ക് സാധ്യത കൂടുതലായതിനാലാണ് ആരോഗ്യവകുപ്പിന്റെ ഈ നീക്കം.