നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാവാത്തത് കേസിന്റെ വിചാരണ വൈകിക്കാന്‍ സാധ്യത. വിചാരണ കോടതിയ്‌ക്കെതിരെ പ്രോസിക്യൂട്ടര്‍ രംഗത്തെത്തുകയും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍ ഇതില്‍ തീരുമാനം വൈകാനുള്ള സാധ്യതയാണ് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കേസില്‍ സാക്ഷി വിസ്താരം ഏറെക്കുറെ പൂര്‍ത്തിയായി വരികയാണ്. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ പ്രോസിക്യൂട്ടര്‍ വിചാരണ കോടതിയില്‍ ഹാജരായിരുന്നില്ല. ഇക്കാര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടറാണ് എന്തെങ്കിലും നടപടി സ്വീകരിക്കേണ്ടത് എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇത് സംബന്ധിച്ച് ഒന്നും പ്രതികരിക്കാനില്ല എന്നായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടര്‍ (ഡിജിപി)യുടെ പ്രതികരണം. ഇതോടെ കേസിന്റെ വിചാരണ സംബന്ധിച്ച അനിശ്ചിതത്വം ഏറിയിരിക്കുകയാണ്.

പ്രത്യേക കോടതിയിലെ ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഈ കോടതി മുമ്പാകെ തുടര്‍ന്നാല്‍ ഇരയ്ക്ക് നീതി കിട്ടില്ല, കോടതിയുടെ പെരുമാറ്റം അങ്ങേയറ്റം പക്ഷപാതിത്വം നിറഞ്ഞതാണ്. നീതിന്യായ വ്യവസ്ഥയ്ക്കാകെയും പ്രോസിക്യൂഷനും കോട്ടം വരുത്തുന്നതാണ് ഇത്തരം സമീപനമെന്നും പ്രോസിക്യൂട്ടര്‍ വിചാരണ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കെതിരെ അനാവശ്യവും അടിസ്ഥാനരഹിതവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നടത്തുകയാണ്, നീതിപൂര്‍വ്വമായ വിചാരണ കേസില്‍ ഉറപ്പാക്കണമെന്നും നീതിക്ക് വേണ്ടി നിലനില്‍ക്കേണ്ടത് പ്രോസിക്യൂഷന്റെ കടമയാണെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നും അദ്ദേഹം അപേക്ഷിച്ചു. പിന്നീട് ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ക്കും അപേക്ഷ നല്‍കിയിട്ടുണ്ട്. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിയില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കോടതിയാണ്. അപേക്ഷ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടറുടെ ഓഫീസ് വഴി റിട്ട് ഹര്‍ജി ആയി ഹൈക്കോടതിയില്‍ എത്തിയ ശേഷമാണ് ഹൈക്കോടതി ഇത് പരിഗണിക്കുക. ഇതിന് കാലതാമസം എടുത്തേക്കാമെന്നാണ് അഭിഭാഷകരുടെ പക്ഷം. അങ്ങനെ വന്നാല്‍ വിചാരണ നീണ്ടു പോയേക്കാനുള്ള സാധ്യതയും കേസുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന അഭിഭാഷകര്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം സുപ്രീം കോടതി നീട്ടി നല്‍കിയിരുന്നു. വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ കത്ത് പരിഗണിച്ചായിരുന്നു സുപ്രീം കോടതി ഇതിന് അനുമതി നല്‍കിയത്. അതേസമയം കേസിലെ പ്രധാന സാക്ഷിയുള്‍പ്പെടെ മൊഴി മാറ്റിയതോടെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നടന്‍ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എണ്‍പതോളം സാക്ഷികളുടെ വിസ്താരം ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞതായാണ് ലഭിക്കുന്ന വിവരം. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് കേസിന്റെ വിചാരണ നടപടികള്‍ താല്‍ക്കാലികമായി നിലച്ച സ്ഥിതിയിലാണെന്നും കേസുമായി ബന്ധപ്പെട്ട അഭിഭാഷകര്‍ പറയുന്നു.

കോടതി നടപടികളില്‍ വിയോജിപ്പുണ്ടെങ്കില്‍ പ്രോസിക്യൂട്ടര്‍ രാജി വച്ച് പോവുകയോ സര്‍ക്കാര്‍ അദ്ദേഹത്തെ പിരിച്ച് വിട്ട് പകരം ആളെ നിയമിക്കുകയോ ആണ് വേണ്ടതെന്ന് മുതിര്‍ന്ന അിഭാഷകനും പൊതുപ്രവര്‍ത്തകനുമായ സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെടുന്നു. ഇരയ്ക്ക് വേണ്ടി ഹാജരാവുന്ന പ്രോസിക്യൂട്ടര്‍ കേസിന്റെ വിചാരണ തടസ്സപ്പെടുത്തുന്നത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഗതിയാണ്. കോടതിയുടെ വിശ്വാസ്യതയെയാണ് അദ്ദേഹം ചോദ്യം ചെയ്തിരിക്കുന്നത്. പദവിയില്‍ തുടര്‍ന്ന് കൊണ്ട് കോടതിയില്‍ ഹാജരാവാതിരിക്കുക എന്നത് ഗുരുതരമായ കൃത്യവിലേപമാണ്. കേസില്‍ ഹാജരായി വിചാരണ പൂര്‍ത്തിയാക്കുക എന്നത് പ്രോസിക്യൂട്ടറുടെ ധാര്‍മ്മികതയും ജോലിയും നിയമപരമായ ഉത്തരവാദിത്തവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ഇരയ്ക്ക് വേണ്ടി സര്‍ക്കാര്‍ നിയമിച്ചയാളാണ് പ്രോസിക്യൂട്ടര്‍. സമയബന്ധിതമായി തീര്‍ക്കേണ്ട കേസാണിത്. സാധാരണ ഗതിയില്‍ കോടതി നടപടികളില്‍ വിശ്വാസ്യതയില്ലാതെ പ്രതിഭാഗമാണ് കോടതിയില്‍ ഹാജരാവാതെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ ഒരു പബ്ലിക് പ്രോസിക്യൂട്ടര്‍ ഇത് ചെയ്യുന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്. ഒരു പക്ഷേ കേസിന്റെ സ്വാഭാവികമായ അന്ത്യമായിക്കൂടി ഇതിനെ കണക്കാക്കാം. ഇന്‍-ക്യാമറിയിലാണ് വിചാരണ എന്നതിനാല്‍ കോടതിക്കുള്ളില്‍ നടക്കുന്നത് എന്തെന്ന് അറിയില്ല. എന്നാല്‍ പുറത്ത് വരുന്ന സൂചനകളനുസരിച്ച് പ്രതികള്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യത കുറവാണ്. അതിനാല്‍ പ്രോസിക്യൂട്ടര്‍ കേസില്‍ ഹാജരാവാത്തതിനെ ഒരു മുന്‍കൂര്‍ ജാമ്യമായിക്കൂടി കണക്കാക്കാം. കേസില്‍ ജയിക്കാം തോല്‍ക്കാം. എന്നാല്‍ ഹാജരാവാതെ വിചാരണ തടസ്സപ്പെടുത്തുന്നത് ധാര്‍മ്മികമായി ശരിയല്ല. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ ഇടപെടേണ്ടത്. അദ്ദേഹത്തെ മാറ്റി മറ്റൊരാളെ നിയമിക്കുകയാണ് ചെയ്യേണ്ടത്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം എടുക്കേണ്ടത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആണെന്ന് നിയമ വകുപ്പ് മന്ത്രി എ കെ ബാലന്‍ പ്രതികരിച്ചു. പ്രോസിക്യൂട്ടര്‍ക്ക് കോടതിയില്‍ ഹാജരാവാന്‍ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളോ തടസ്സങ്ങളോ ഉണ്ടെങ്കില്‍ അദ്ദേഹം ഇക്കാര്യം ഡിജിപിയെയാണ് അറിയിക്കേണ്ടത്. ഡിജിപിയാണ് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കേണ്ടതെന്നും ഇതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം അഴിമുഖത്തോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ‘ഒന്നും പറയാനില്ല’ എന്നായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സി. ശ്രീധരന്‍ നായരുടെ പ്രതികരണം.