ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടിരിക്കുന്ന പബ്ബുകളും റസ്റ്റോറന്റുകളും ജൂലൈ വരെ തുറക്കാൻ സാധ്യതയില്ല എന്ന് റിപ്പോർട്ടുകൾ. കോവിഡ് ലോക്ക്ഡൗണിൻെറ ഭാഗമായി കൗൺസിലുകൾക്ക് നൽകിയിരിക്കുന്ന അധികാരങ്ങൾ നീട്ടാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണിത്. ലോക്ക് ഡൗൺ അവസാനിച്ചാലും പല കാര്യങ്ങളിലും ഭാഗിക നിയന്ത്രണം രാജ്യത്ത് നിലനിൽക്കുമെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ. അതേസമയം നിലവിലെ ലോക്ക്ഡൗൺ സമ്മറിലേയ്ക്ക് നീളാനുള്ള സാധ്യതകൾ തള്ളിക്കളയാൻ ഡൗണിങ് സ്ട്രീറ്റ് വിസമ്മതിച്ചു.

ഇതിനിടെ സ്കൂളുകൾ എന്ന് തുറക്കാൻ സാധിക്കുമെന്ന് വ്യക്തത വരുത്തണമെന്ന ആവശ്യവുമായി ടോറി എം.പിമാർ രംഗത്തുവന്നു. കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടുന്നതിന്റെ പ്രത്യാഘാതങ്ങൾ ആശങ്ക ഉണർത്തുന്നതിനാൽ സ്കൂളുകൾ വീണ്ടും തുറക്കുന്നതിനെ കുറിച്ച് വിശദമായ റൂട്ട് മാപ്പ് വേണമെന്നാണ് ടോറി എം.പിമാരുടെ ആവശ്യം.

ജനുവരി 5 -ന് ദേശീയ ലോക്ക് ഡൗൺ ആരംഭിച്ചതുമുതൽ ദുർബലരായ വിദ്യാർത്ഥികൾക്കും കീ വർക്കേഴ്സിന്റെ മക്കൾക്കും ഒഴികെ മറ്റെല്ലാവർക്കും ഓൺലൈൻ ക്ലാസുകളിലൂടെയാണ് പഠനം മുന്നോട്ടു പോകുന്നത് . സ്കൂളുകൾ തുറക്കുന്നതിന് മുൻപ് രണ്ടാഴ്ചത്തെ നോട്ടീസ് നൽകുമെന്നും ഈസ്റ്ററിന് മുമ്പ് സ്കൂളുകൾ തുറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസ് പറഞ്ഞു.