സ്വന്തം ലേഖകൻ

യു കെ :- കുടുംബാംഗങ്ങളോടുള്ള ഒത്തുചേരൽ ഇല്ലാതെ ആദ്യമായി ക്രിസ്മസ് ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും. വിൻഡ്‌സെർ കാസ്റ്റിലിലാണ് ഇത്തവണ ഇരുവരുടെയും ആഘോഷങ്ങൾ. സാധാരണയായി കുടുംബാംഗങ്ങൾ എല്ലാവരും കൂടെ ഒത്തുചേർന്ന് നോർഫോക്കിലെ സാന്റിൻഗ്രാം കാസ്റ്റിലിൽ ആയിരുന്നു ഇരുവരുടെയും ക്രിസ്മസ് ആഘോഷങ്ങൾ. എന്നാൽ പതിവിന് വിപരീതമായി, ആഘോഷങ്ങൾ അധികം ഇല്ലാതെ ആണ് ഇരുവരുടെയും ഇത്തവണത്തെ ക്രിസ്മസ്. ഒക്ടോബർ മുതൽ ഇരുവരും വിൻഡ്സെർ കാസ്റ്റിലിൽ ആണ് താമസിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ അനുവദിച്ചിരിക്കുന്ന ഇളവുകൾ ദുരുപയോഗം ചെയ്യുവാൻ കുടുംബം ആഗ്രഹിക്കുന്നില്ല എന്നതാണ് ഇത്തവണ ആഘോഷങ്ങൾ വേണ്ടന്ന് വെക്കുന്നതിനുള്ള കാരണം.

1949 ന് ശേഷം ആദ്യമായാണ് ഇരുവരും തനിയെ ക്രിസ്മസ് ആഘോഷിക്കുന്നത്. ചാൾസ് രാജകുമാരന്റെയും ഭാര്യയുടെയും ക്രിസ്മസ് ആഘോഷങ്ങൾ ഗ്ലോസസ്റ്റർഷെയറിലെ ഹൈഗ്രോവിലാണ്. വിവിധ കുടുംബങ്ങളിൽ നിന്നുള്ള ആറ് പേർക്ക് വരെ പരമാവധി കൂടിച്ചേരാൻ ഉള്ള അനുവാദമാണ് കോവിഡ് പ്രോട്ടോകോൾ അനുവദിക്കുന്നത്. ഇത്തവണത്തെ ക്രിസ്മസ് സർവീസിന് എലിസബത്ത് രാജ്ഞി എത്തില്ല എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പകരം രാജകൊട്ടാരത്തിലെ പ്രൈവറ്റ് ചാപ്പലിൽ ആയിരിക്കും ഇത്തവണ രാജിയുടെ ക്രിസ്മസ് സർവീസ്. കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം രാജ്ഞി കൈക്കൊണ്ടത് എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്.

സാധാരണയായി നൽകുന്ന ക്രിസ്മസ് സമ്മാനങ്ങൾ റോയൽ സ്റ്റാഫിന് ഇത്തവണ കോവിഡ് മൂലം ഉണ്ടാവുകയില്ല. കൊട്ടാരത്തിന് ഔദ്യോഗിക ക്രിസ്മസ് പാർട്ടിയും ഇത്തവണ ഉണ്ടാവുകയില്ല.