ബിജെപി സഹായാത്രികനായിരുന്ന സംവിധായകൻ മേജർ രവി ഇനി കോൺഗ്രസിനൊപ്പം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയിൽ പങ്കെടുത്ത് സംസ്ഥാന ബിജെപി നേതാക്കളെ വിമർശിച്ച് രംഗത്തെത്തുകയായിരുന്നു മേജർ രവി. ബിജെപി നന്ദിയില്ലാത്ത പാർട്ടിയാണെന്നു ആരോപിച്ച മേജർ രവി ബിജെപിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്‌തെന്നും എന്നാൽ ഒരു നന്ദി വാക്കു പോലും എവിടെ നിന്നും ലഭിച്ചില്ലെന്നും കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മേജർ രവി രംഗത്തെത്തി. പിണറായിയ്ക്ക് ധാർഷ്ട്യമാണ്. സെൽഫി എടുക്കാൻ ചെല്ലുന്നവരെ ഓടിക്കുകയാണ്. മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറാകാത്ത വ്യക്തിയാണ് പിണറായിയെന്നും രവി ആരോപിച്ചു.

‘ബിജെപിയുടെ ഒരു പരിഗണനയും എനിക്ക് വേണ്ട. പക്ഷെ നമ്മൾ ചെയ്യുന്ന പ്രവർത്തിക്ക്, കാര്യങ്ങൾക്ക് നന്ദി പ്രതീക്ഷിക്കുന്നുണ്ട്. പക്ഷെ എനിക്ക് അങ്ങനെയൊരു മറുപടി ബിജെപിയിൽ നിന്ന് കിട്ടിയിട്ടില്ല. അവരുടേത് നന്ദികേടാണെന്ന് പറയുന്നില്ല. പക്ഷെ നന്ദിയെന്ന വാക്ക് അവരിൽ നിന്ന് ലഭിച്ചിട്ടില്ല. 90 ശതമാനം ബിജെപിക്കാരും വിശ്വസിക്കാൻ കൊള്ളാത്തവരാണ്. എന്ത് കിട്ടുമെന്ന ചിന്തയാണ് എല്ലാ നേതാക്കൾക്കുമുള്ളതെന്നും തൃപ്പൂണിത്തുറയിൽ ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയിൽ പങ്കെടുത്ത ശേഷം മേജർ രവി മാധ്യമങ്ങളോട് പ്രതികരിച്ചു.

എനിക്ക് ഇടതുഭരണത്തിൽ വിശ്വാസമില്ല. പിണറായി വിജയന് എല്ലാത്തിനും ധാർഷ്ട്യമാണ്. സെൽഫിയെടുത്താൻ എതിർപ്പ്. മാധ്യമങ്ങളോട് കടക്ക് പുറത്ത്. ഇനിയതെല്ലാം കാണാൻ വയ്യ. യുഡിഎഫ് ഭരണത്തിൽ വരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

”ഞാൻ ഇവിടെ വന്നിരിക്കുന്നതിൽ പലർക്കും ആശയക്കുഴപ്പമുണ്ട്. പലരും ചോദിച്ചിരുന്നു, നിങ്ങൾ ബിജെപിക്കാരനല്ലേ, ആർഎസ്എസുകാരനല്ലേയെന്ന്. എനിക്കൊരു രാഷ്ട്രീയപാർട്ടിയുടെയും അംഗത്വമില്ല. ഞാൻ രാഷ്ട്രീയക്കാരനല്ല. പക്ഷെ ഞാനൊരു രാഷ്ട്രമാണ്. ഇന്ത്യയെന്ന് മനസിൽ കൊണ്ടുനടക്കുന്ന പട്ടാളക്കാരനാണ് ഞാൻ. വിശ്വാസം ആർക്കുമാകാം.

ഞാനൊരു ഹിന്ദുവാണെന്ന് ഞാൻ ചങ്കൂറ്റത്തോടെ പറയും. എന്നുവച്ച് ഞാനൊരിക്കലും കൂടെയുള്ള മുസ്ലീം സഹോദരങ്ങളെയോ സഹോദരിമാരെയും നിരാകരിച്ചിട്ടില്ല. 2018ലെ പ്രളയത്തിൽ 200 കുടുംബങ്ങളെ രക്ഷിക്കാൻ സാധിച്ചു എനിക്ക്. അത് എല്ലൂർക്കര പള്ളിയിൽ നിന്നുകൊണ്ടായിരുന്നു. വിശ്വാസം ഓരോരുത്തർക്കും ആവാം. അത് ഹിന്ദുവിനാകാം, മുസ്ലീമിനാകാം. ക്രിസ്ത്യനാകാം. വിശ്വാസത്തിൽ ഒരിക്കലും ഭരണാധികാരികൾ കൈകടത്തി വേദനിപ്പിക്കരുത്. അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നമുക്ക് ഓരോരുത്തർക്കുമുണ്ട്’- മേജർ രവി പറഞ്ഞു.

‘ഇവിടെ വച്ച് നിങ്ങൾ എല്ലാവർക്കും വേണ്ടി പ്രതിപക്ഷ നേതാവിനോട് ഞാനൊരു കാര്യം ചോദിക്കുകയാണ്. ശബരിമല വിഷയത്തിൽ പോലീസ് നിരവധി പേരെ തല്ലിച്ചതച്ചത് ഞാൻ കണ്ടിരുന്നു. പിന്നീട് അവരെ അറസ്റ്റ് ചെയ്തു. എന്തിന്, സ്വാമിയേ ശരണം അയ്യപ്പാ എന്ന് വിളിച്ചതിന്. ആ കേസുകളെല്ലാം നിങ്ങൾ അധികാരത്തിലേറിയാൽ പിൻവലിക്കുമെന്ന വാക്ക് ഈ ജനങ്ങൾക്ക് നൽകണം രമേശേട്ടാ. അത് ഇന്ന് ഹിന്ദുവിന്റെ അടുത്താണേൽ നാളെ ക്രിസ്ത്യാനിയുടെ അടുത്തും മുസ്ലീമിന്റെ അടുത്തും നടക്കും. അതുകൊണ്ട് വിശ്വാസത്തിൽ കയറി ആരും കൈകടത്തരുത്. ജനങ്ങളോട് ധാർഷ്ട്യം കാണിക്കുന്ന സർക്കാരിനെ നിലത്തിട്ട് ഉടച്ചിട്ട്, കയറ്റിനിർത്തണം. ഇതുപോലെ ജനങ്ങൾക്ക് വേണ്ടിയുള്ള ഒരു മന്ത്രിസഭയെ.’- മേജർ രവി പറഞ്ഞു.