സ്വന്തം ലേഖകൻ

വിദ്യാഭ്യാസ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നവർക്കായി യുനെസ്കോയും, വാർകി ഫൗണ്ടേഷൻ ആനുവൽ ഗ്ലോബൽ ഫൗണ്ടേഷൻ, 2014 ആരംഭിച്ച ഗ്ലോബൽ ടീച്ചേഴ്സ് പ്രൈസ് മഹാരാഷ്ട്രയിലെ സോലാപൂരിൽ നിന്നുള്ള രഞ്ജിത്ത് സിൻഹ ദിസാലെക്ക്. പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി നടത്തിയ ശ്രമങ്ങളും ഇന്ത്യയിലെ പുസ്തകങ്ങളിൽ ക്യൂ ആർ കോഡ് പതിപ്പിച്ച നടപടിക്കായും രഞ്ജിത്ത് നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്കാരത്തിന് അർഹനായത്. ദക്ഷിണ കൊറിയ, യുഎസ്എ, ദക്ഷിണാഫ്രിക്ക, ബ്രിട്ടൻ, ഇറ്റലി. നൈജീരിയ, മലേഷ്യ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു അവസാന റൗണ്ടിൽ എത്തിയ മറ്റുള്ളവർ. സമ്മാനം 10 ലക്ഷം യുഎസ് ഡോളറാണ്. അത് ഏകദേശം 7.37 കോടി ഇന്ത്യൻ രൂപയാണ്.
അവാർഡ് തുകയിൽനിന്ന് പകുതി തനിക്കൊപ്പം അവസാന റൗണ്ടിൽ എത്തിയ മറ്റ് അധ്യാപകർക്ക് പങ്കിട്ട് നൽകുമെന്ന് രഞ്ജിത്ത് പറഞ്ഞു. വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്താനായി അവർ നടത്തുന്ന ശ്രമങ്ങൾക്ക് തന്റെ എളിയ അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഓൺലൈനായാണ് പുരസ്കാര പ്രഖ്യാപന ചടങ്ങ് നടന്നത്.

2019ലാണ് രഞ്ജിത്ത് പരിദേവാടിയിലെ ജില്ലാ പരിഷത്തിന്റെ പ്രൈമറി സ്കൂളിൽ അദ്ധ്യാപകനായി എത്തിയത്. കന്നുകാലി കൂടിന് സമീപം പൊളിഞ്ഞ കെട്ടിടത്തിൽ ശോചനീയാവസ്ഥയിലായിരുന്നു രഞ്ജിത്ത് എത്തുമ്പോൾ സ്കൂൾ പ്രവർത്തിച്ചിരുന്നത്. അതിനെ അടിമുടി പരിഷ്കരിച്ച് എല്ലാ സൗകര്യങ്ങളുമുള്ള സ്കൂൾകെട്ടിടം ആക്കി മാറ്റാൻ വലിയ ബുദ്ധിമുട്ടുകൾ അനുഭവിച്ച ആളാണ് രഞ്ജിത്ത്.

പുസ്തകങ്ങളെ പ്രാദേശിക ഭാഷയിലേക്ക് മാറ്റി വിതരണം ചെയ്യാനും, പ്രദേശത്തെ എല്ലാ കുട്ടികളെയും നിർബന്ധമായി സ്കൂളിൽ എത്തിക്കാനും, രഞ്ജിത്തിന് കഴിഞ്ഞു. പഠനം എളുപ്പമാക്കാൻ ക്യു ആർ കോഡ് സംവിധാനം പുസ്തകങ്ങൾക്കൊപ്പം അടിച്ചു നൽകി. ഇദ്ദേഹത്തിന്റെ ഇടപെടലിലൂടെ പ്രദേശത്തെ പെൺകുട്ടികളെ നേരത്തെ വിവാഹം ചെയ്ത് അയക്കുന്ന പതിവിനു മാറ്റമുണ്ടായി. കൂടുതൽ പെൺകുട്ടികൾ വിദ്യാഭ്യാസത്തിനായി സ്കൂളിലെത്തി. രഞ്ജിത് സിൻഹ സർക്കാരിന് സമർപ്പിച്ച പ്രൊപ്പോസൽ മുഖേനയാണ് മഹാരാഷ്ട്രയിൽ എല്ലാ പുസ്തകങ്ങളിലും ക്യു ആർ കോഡ് പതിപ്പിക്കാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയത്. ഈ നിർദ്ദേശം പിന്നീട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയവും നടപ്പിലാക്കി.