അതിവേഗ കോവിഡ് വ്യാപനത്തെ കുറിച്ച് ഇന്ത്യക്കാർ ജാഗരൂകർ ആകണമെന്ന് ബ്രിട്ടീഷ് ആരോഗ്യ വിദഗ്ധർ. ജനിതക മാറ്റം വന്ന കോവിഡ് കൂടുതൽ അപകടകരവും, മരണനിരക്ക് വലിയ തോതിൽ കൂടാൻ സാധ്യതയുള്ളതുമാണ് എന്ന പഠന റിപ്പോർട്ടുകൾ പുറത്തുവന്നതിന്റെ സാഹചര്യത്തിലാണ് ബ്രിട്ടീഷ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ത്യക്കാർ പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും, എന്നാൽ കരുതിയിരിക്കേണ്ടതുണ്ടെന്നും ബ്രിട്ടീഷ് ആരോഗ്യ വിദഗ്ധർ കൂട്ടിച്ചേർത്തു.

കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 150 പേർക്കാണ് ഇതുവരെ രാജ്യത്ത് അതിവേഗ കോവിഡ് സ്ഥിരീകരിച്ചത്. യു.കെയുമായുള്ള വ്യോമ ഗതാഗതം സ്തംഭിപ്പിക്കുകയും, വിമാനത്താവളങ്ങളിലെ സ്ക്രീനിംഗ് നടപടികൾ വർധിപ്പിക്കുകയും ചെയ്തതിന് ശേഷമുള്ള കണക്കാണ് ഇത്.

അതേസമയം, രാജ്യത്തെ മുഴുവനായുള്ള കോവിഡ് കേസുകളുടെ എണ്ണം കുറയുന്നുണ്ട് എന്ന് തന്നെയാണ് കേന്ദ്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. ജനങ്ങൾ ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യയിലെ ആരോഗ്യ വിദഗ്ധർ പറയുന്നു. ഭാവിയിൽ നേരിട്ടേക്കാവുന്ന ഒരു പ്രശ്നമാണ് അതിവേഗ കോവിഡ്. സാഹചര്യങ്ങൾ രൂക്ഷമാകാതിരിക്കാൻ എല്ലാവരും കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുക ഡൽഹി ഫോർട്ടിസ് ആശുപത്രിയിലെ ശ്വാസകോശ വിദഗ്ധ റിച്ച സറീൻ പറഞ്ഞു.