ന്യൂസ് ഡെസ്ക് മലയാളം യുകെ

എൻഎച്ച്എസ് ജീവനക്കാർക്ക് 1% ശമ്പള വർധനവ് ശുപാർശ ചെയ്യപ്പെട്ടത് യുകെയിലെങ്ങും വൻ ചർച്ചാവിഷയമായിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധമാണ് നേഴ്സിങ് യൂണിയനുകളും ആരോഗ്യപ്രവർത്തകരും പൊതുസമൂഹവും ഉയർത്തിയത്. എന്നാൽ സ്കോട്ട് ലൻഡിൽ ജോലി ചെയ്യുന്ന എൻഎച്ച്എസ് ജീവനക്കാർക്ക് 4% ശമ്പളവർദ്ധനവ് നൽകുമെന്ന് സ്കോട്ടിഷ് സർക്കാർ അറിയിച്ചു. ഇത് മലയാളികൾ ഉൾപ്പെടെ സ്കോട്ട് ലൻഡിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് ആശ്വാസമായി.

നേഴ്സുമാർ ഉൾപ്പെടെയുള്ള 154,000 ആരോഗ്യപ്രവർത്തകർക്കാണ് നിർദിഷ്ട ശമ്പള വർധനവിന്റെ പ്രയോജനം ലഭിക്കുക. കോവിഡ് മഹാമാരിയുടെ സമയത്ത് തങ്ങളുടെ ജീവനക്കാരുടെ സേവനങ്ങളും സമർപ്പണങ്ങളും അംഗീകരിച്ചാണ് ഈ നടപടിയെന്ന് ആരോഗ്യ സെക്രട്ടറി ജീൻ ഫ്രീമാൻ പറഞ്ഞു. പുതിയ ശമ്പള വർദ്ധനവ് നടപ്പിലാക്കുമ്പോൾ ഒരു നേഴ്സിന് 1200 പൗണ്ട് പ്രതിവർഷം കൂടുതലായി ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

1 മുതൽ 7 വരെയുള്ള ശമ്പള ബാൻഡുകളിലെ ജീവനക്കാർക്ക് കുറഞ്ഞത് 4% ശമ്പള വർദ്ധനവ് ലഭിക്കും. 25000 പൗണ്ടിൽ താഴെ വരുമാനം ലഭിക്കുന്ന ജീവനക്കാർക്ക് കുറഞ്ഞത് 1000 – പൗണ്ടിൽ കൂടുതൽ ലഭിക്കുമെന്നാണ് അറിയാൻ സാധിച്ചത്. തങ്ങളുടെ എൻഎച്ച്എസ് ജീവനക്കാർക്ക് കരഘോഷങ്ങളെക്കാൾ അർഹതയുണ്ടെന്നാണ് സ്കോട്ട് ലൻഡിലെ ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ ശമ്പള വർദ്ധനവിനെ കുറിച്ച് ട്വീറ്റ്      ചെയ്തത്.                     സ്കോട്ട് ലൻഡിലെ 4% ശമ്പളവർധനവ് യുകെയിലെ മറ്റ് സ്ഥലങ്ങളിലെ 1% ശമ്പള വർദ്ധനവിനെതിരെയുള്ള പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാക്കാൻ കാരണമാകുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.