ഇന്ത്യയുടെ 2021 ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുഖ്യാതിഥി ആയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി നവംബർ 27ന് നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് അദ്ദേഹത്തെ റിപ്പബ്ലിക് ദിനത്തിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചത്. യുകെ ആതിഥേയരാകുന്ന അടുത്ത വർഷത്തെ ജി-7 ഉച്ചകോടിയിലേക്ക് ബോറിസ് ജോൺസൺ നരേന്ദ്ര മോഡിയേയും ക്ഷണിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിന് മുമ്പ് 1993ൽ ജോൺ മേജറായിരുന്നു റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുത്ത അവസാന ബ്രിട്ടീഷ് പ്രധാനമന്ത്രി.

മുമ്പ് നവംബർ 27ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി ചർച്ച നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നവംബർ 27 ന് ട്വീറ്റിൽ പറഞ്ഞിരുന്നു. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, കോവിഡ് 19 എന്നിങ്ങനെ എല്ലാ മേഖലകളിലുമുള്ള സഹകരണത്തിൽ ഒരു കുതിച്ചുചാട്ടം ഉണ്ടാക്കാനായെന്നും സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

രണ്ട് പ്രധാനമന്ത്രിമാരുമായുള്ള ആശയവിനിമയം ക്രിയാത്മകമായിരുന്നുവെന്ന് യുകെ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ വാഗ്ദാനം ചെയ്യുകയും കാലാവസ്ഥാ വ്യതിയാന വിഷയങ്ങളിൽ സഹകരണം വർധിപ്പിക്കാൻ താൽപര്യം പ്രകടിപ്പിച്ചെന്നുമാണ് റിപ്പോർട്ട്.