ലോകമാകെ പടർന്നു പിടിക്കുന്ന കോവിഡ്-19എന്ന മഹാമാരിക്ക് കാരണമായ നോവൽ കൊറോണാ വൈറസുകൾക്ക് സമാനമായ വൈറസുകളെ ഈനാംപേച്ചികളിൽ കണ്ടെത്തി. ചൈനയിലേക്ക് കടത്തിക്കൊണ്ടുവന്ന ഈനാംപേച്ചികളിലാണ് നോവൽ കൊറോണയ്‌ക്ക് സമാനസ്വഭാവമുള്ള കൊറോണ വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയത്.

ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നും കോവിഡ്-19 പൊട്ടിപ്പുറപ്പെട്ട ഉടനെ തന്നെ വൈറസിന്റെ ഉറവിടം തേടിയുള്ള പഠനങ്ങൾ ആരംഭിച്ചിരുന്നു. നോവൽ കൊറോണ വൈറസുകളുടെ ജനിതകഘടനയെ പറ്റിയുള്ള പഠനങ്ങളിൽ തെളിഞ്ഞത് ചൈനയിലെ യുനാൻ പ്രവിശ്യയിലുള്ള ഹോഴ്സ്ഷൂ ഇനത്തിൽപ്പെട്ട വവ്വാലുകളുടെ കൂട്ടത്തിൽ നിന്നുമാണ് ഇത് ഉത്ഭവിച്ചത് എന്നാണ്. എന്നാൽ അവയുടെ വാസ സ്ഥലത്തു നിന്നും 1000 കിലോമീറ്റർ മാറി ഏറെ ജനസാന്ദ്രതയുള്ള ഒരു നഗരത്തിൽ രോഗം പടർത്തുന്നതിനു അതിന് എങ്ങനെ സാധിച്ചു എന്നതും ആശങ്കയ്‌ക്ക് ഇടയാക്കുന്നുണ്ട്.

വുഹാൻ മാർക്കറ്റിൽ പല വിധത്തിലുള്ള ജീവജാലങ്ങളെ വില്പനയ്ക്ക് വയ്ക്കാറുണ്ട്. എന്നാൽ രോഗം പടരുന്നതായി സൂചനകൾ ലഭിച്ചപ്പോൾ തന്നെ മാർക്കറ്റ് പൂർണമായി ഒഴിപ്പിച്ചതിനാൽ ആ സമയത്ത് അവിടെ ഏതെങ്കിലും ഇനത്തിൽപ്പെട്ട വവ്വാലുകൾ വില്പനയ്ക്ക് ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല. എന്നാൽ ഈനാംപേച്ചി കളുടെ വിൽപ്പന അവിടെ നടന്നിരുന്നു എന്നു വേണം അനുമാനിക്കാൻ. ആരോഗ്യത്തിന് ഗുണപ്രദം ആകുമെന്നതിനാൽ നിയമങ്ങൾ ലംഘിച്ച് ഈനാംപേച്ചികളുടെ വിൽപ്പന ചൈനീസ് മാർക്കറ്റുകളിൽ സാധാരണമാണ്.

ഗ്വാങ്സി കസ്റ്റംസ് ഉദ്യോഗസ്ഥർ 2017 – 18 കാലഘട്ടത്തിൽ പിടിച്ചെടുത്ത 18 മലയൻ ഈനാംപേച്ചികളുടെ ശീതീകരിച്ച ടിഷ്യുകളിൽ പഠനം നടത്തിയിരുന്നു. 43 സാമ്പിളുകൾ പരിശോധിച്ചതിൽ 6 എണ്ണത്തിലും കൊറോണാ വൈറസ് ആർഎൻഎ കണ്ടെത്താനായി. അതായത് പിടിച്ചെടുത്തവയിൽ 5 എണ്ണത്തിന് എങ്കിലും കൊറോണ വൈറസ് ബാധിച്ചിരുന്നു. നോവൽ കൊറോണ വൈറസ് അഥവാ SARS -CoV-2 (Severe acute respiratory syndrome coronavirus 2). എന്ന ഇനം ആയിരുന്നില്ല എങ്കിൽ കൂടി ഈനാംപേച്ചികളിൽ നിന്നും കണ്ടെടുത്ത വൈറസുകളുടെ ഘടന നോവൽ കൊറോണയുടേതിന് സമാനമായിരുന്നു.

ഇത് ഉറപ്പുവരുത്താനായി 2018 ൽ തന്നെ പിടിച്ചെടുത്ത മറ്റൊരു ഒരു വിഭാഗം ഈനാമ്പേച്ചികളിലും പഠനം നടത്തി. 12 ഈനാംപേച്ചികളെ പരിശോധിച്ചവയിൽ മൂന്നെണ്ണത്തിനും വൈറസ് ബാധ ഉണ്ടായതായി സ്ഥിരീകരിച്ചിരുന്നു. ഈ രണ്ടു പഠനങ്ങളിലെയും കണ്ടെത്തലുകൾ ഒന്നായി കൂട്ടിച്ചേർത്താൽ നോവൽ കൊറോണ വൈറസുമായി 85.5 മുതൽ 92.4 ശതമാനംവരെ വളരെ സാമ്യമുള്ള വൈറസുകളാണ് ഈനാംപേച്ചികളിൽ കണ്ടെത്തിയത്.

കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത മൃഗങ്ങളെല്ലാം എല്ലാം ചൈനീസ് മാർക്കറ്റുകളിൽ ജീവനോടെ വിൽപനയ്ക്ക് വെക്കാനുള്ളവയായിരുന്നു എന്നിരിക്കെ നോവൽ കൊറോണ വൈറസിന്റെ ഉറവിടം സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ അനിവാര്യമാണ്. നേച്ചർ എന്ന ജേർണലിൽ ആണ് ഈനാംപേച്ചികളിൽ നടത്തിയ ഗവേഷണത്തെ കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.