റോഡ് സേഫ്‌റ്റി വേൾഡ് സീരിസിൽ ഇന്ത്യ ലെജൻഡ്‌സിന് തുടർച്ചയായ രണ്ടാം ജയം. ശ്രീലങ്ക ലെജൻഡ്‌സിനെയാണ് ഇന്ത്യ ലെജൻഡ്‌സ് അഞ്ച് വിക്കറ്റിന് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക ലെജൻഡ്‌സ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 138 റൺസ് നേടിയപ്പോൾ 18.4 ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ഇന്ത്യ ലെജൻഡ്‌സ് വിജയം സ്വന്തമാക്കി. ടോസ് ലഭിച്ച ഇന്ത്യ ലെജൻഡ്‌സ് നായകൻ സച്ചിൻ ടെൻഡുൽക്കർ ശ്രീലങ്ക ലെജൻഡ്‌സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

മുൻനിര ബാറ്റ്‌സ്‌മാൻമാർ അതിവേഗം കൂടാരം കയറിയപ്പോൾ ഇന്ത്യ ലെജൻഡ്‌സ് പരാജയം മണത്തു. എന്നാൽ, ഇർഫാൻ പത്താന്റെ ബാറ്റിങ് കരുത്ത് ഇന്ത്യ ലെജൻഡ്‌സിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു. 31 പന്തിൽ നിന്ന് പുറത്താകാതെ 57 റൺസാണ് പത്താൻ നേടിയത്. മൂന്ന് സിക്‌സും ആറ് ഫോറുമടക്കമാണിത്. മൊഹമ്മദ് കെെഫ് 45 പന്തിൽ നിന്ന് 46 റൺസ് നേടി പുറത്തായി. മറ്റാർക്കും കാര്യമായ സംഭാവനകൾ നൽകാൻ സാധിച്ചില്ല. ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ സച്ചിൻ-സേവാഗ് ഓപ്പണിങ് കൂട്ടുക്കെട്ട് ഇത്തവണ അതിവേഗം പിരിഞ്ഞു. സച്ചിൻ റൺസൊന്നും എടുക്കാതെ പുറത്തായപ്പോൾ സേവാഗ് മൂന്ന് റൺസെടുത്ത് കൂടാരം കയറി. യുവരാജ് സിങ് ഒരു റൺസും സഞ്ജയ് ബംഗാർ 18 റൺസുമെടുത്ത് പുറത്തായി. മൻപ്രീത് ഗോണി 11 റൺസുമായി പുറത്താകാതെ നിന്നു. ശ്രീലങ്ക ലെജൻഡ്‌സിനുവേണ്ടി ചാമിന്ദ വാസ് രണ്ട് വിക്കറ്റുകൾ നേടി.

ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക ലെജൻഡ്‌സിനുവേണ്ടി തിലകരത്‌നെ ദിൽഷൻ (23), റോമേഷ് കലുവിതരണ (21), ചാമര കപുഗദേര (23) സചിത്ര സേനാനായകെ (19) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യയ്‌ക്കുവേണ്ടി മുനാഫ് പട്ടേൽ നാല് വിക്കറ്റ് നേടി. സഹീർ ഖാൻ, ഇർഫാൻ പത്താൻ, മൻപ്രീത് ഗോണി, സഞ്ജയ് ബംഗാർ എന്നിവർ ഓരോ വിക്കറ്റ് നേടി. നേരത്തെ വെസ്റ്റ് ഇൻഡീസ് ലെജൻഡ്‌സിനെതിരായ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിനാണ് ജയിച്ചത്.